KeralaLatest NewsNews

സർക്കാരിന് വാചകമടി മാത്രം; ഭരണപക്ഷ എംഎൽഎമാരെ പോലും മുഖവിലക്കെടുക്കുന്നില്ല: വിഡി സതീശൻ

തിരുവനന്തപുരം: സർക്കാരിന് വാചകമടി മാത്രമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭരണപക്ഷ എംഎൽഎമാരെ പോലും സർക്കാർ മുഖവിലക്കെടുക്കുന്നില്ലെന്നും ഘടകകക്ഷി എംഎൽഎമാർ പോലും സർക്കാരിനെ വിമർശിക്കുന്നുവെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

പ്രഖ്യാപനങ്ങളല്ലാതെ പ്രവർത്തനമില്ലെന്നും ഭരിക്കാന്‍ മറന്നു പോയ സര്‍ക്കാരാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്നലെ നടന്ന എല്‍ഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ഘടകകക്ഷി നേതാവ് കൂടിയായ എംഎല്‍എ, വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോരെന്നും കടുത്ത ഭാഷയിൽ വിമര്‍ശിക്കുകയും സിപിഐഎമ്മിലെയും സിപിഐയിലെയും എംഎല്‍എമാര്‍ അത് കൈയ്യടിച്ച് അംഗീകരിക്കുകയും ചെയ്തു.

വാചകമടിയും പ്രഖ്യാപനങ്ങളും മാത്രമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം പ്രതിപക്ഷം പല തവണ പറഞ്ഞതാണ്. ഇപ്പോള്‍ ഭരണകക്ഷി എംഎല്‍എ തന്നെ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞതിലൂടെ സര്‍ക്കാരിന്റെ പരാജയത്തിന്റെ ആഴം ജനങ്ങള്‍ക്ക് കൂടുതല്‍ ബോധ്യപ്പെട്ടു. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറെ കൊണ്ട് പച്ചക്കള്ളം പറയിച്ച അതേ ദിവസമാണ് ഭരണകക്ഷി എംഎല്‍എ സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലേക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നത്. ഇത്തവണത്തെ ബജറ്റ് വെറും പ്രസംഗം മാത്രമായി ചുരുങ്ങാന്‍ പോകുകയാണ്. മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ചിരുന്ന ഒരു പദ്ധതിയും നടപ്പാക്കാനായിട്ടില്ല. വികസനപ്രവര്‍ത്തനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും അവതാളത്തിലായിരിക്കുകയാണ്. കൊട്ടിഘോഷിക്കപ്പെട്ട കിഫ്ബിയും ഇപ്പോള്‍ നിലച്ച മട്ടാണ്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ബഫര്‍ സോണ്‍ വിഷയത്തിലും സര്‍ക്കാര്‍ ഗുരുതര അലംഭാവമാണ് കാട്ടിയത് എന്നും അദ്ദേഹം തുറന്നടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button