Latest NewsIndiaEntertainment

‘5 തവണ ബെല്ലടിച്ചിട്ടും വാതിൽ തുറന്നില്ല, ഒടുവിൽ പോലീസെത്തിയപ്പോൾ കണ്ടത് നിലത്ത് മുറിവേറ്റു കിടക്കുന്ന വാണിയെ’

എക്കാലവും ഓർമ്മയിൽ തങ്ങിനില്‌ക്കുന്ന ഭാവാർദ്രമായ ഗാനങ്ങൾ ആലപിച്ചാണ് ശ്രോതാക്കളുടെ പ്രിയങ്കരിയായ ഗായിക വാണി ജയറാം യാത്രയായത്. രാജ്യം പദ്മഭൂഷൺ ബഹുമതി പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് ഏവരിലും വേദനയുളവാക്കുന്ന ആ വിയോഗം. ജന്മംകൊണ്ട് മലയാളിയല്ലെങ്കിലും കേരളം എന്നും അവരെ മലയാളി ഗായികയായിട്ടാണ് സ്വീകരിച്ചത്. ചലച്ചിത്രഗാനശാഖയിലെ ഒരു സുവർണ കാലഘട്ടത്തിന്റെ മായാത്ത സ്വരമാധുര്യമായിരുന്നു പി.സുശീലയും എസ്. ജാനകിയും വാണിജയറാമും. ആ കണ്ണിയിൽ നിന്ന് ആദ്യമായി ഒരു പാട്ടുപക്ഷി യാത്രയായിരിക്കുന്നു.

ഭർത്താവ് ജയറാമിന്റെ മരണശേഷം മൂന്നു വർഷമായി ഒറ്റയ്ക്കായിരുന്നു താമസം. രാവിലെ 11 മണിയോടെ ജോലിക്കാരി എത്തിയപ്പോൾ വാതിൽ തുറന്നില്ല. അവർ അയൽവാസികളെയും ബന്ധുക്കളെയും വിളിച്ചുവരുത്തി. ബന്ധുക്കൾ വിളിച്ചിട്ടും പ്രതികരണം ഇല്ലാതെ വന്നപ്പോൾ പൊലീസിനെ അറിയിച്ചു. പൊലീസ് വാതിൽ തകർത്ത് കയറിയപ്പോൾ നിലത്ത് കിടക്കുകയായിരുന്നു. നെറ്റിയിൽ മുറിവുണ്ടായിരുന്നു. കട്ടിലിനടുത്തുണ്ടായിരുന്ന ടീപ്പോയിയിൽ തലയിടിച്ചു വീണതാകാമെന്നാണ് നിഗമനം. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് സംസ്‌കാരം നടക്കും. വാണി മുറിയിൽ കുഴഞ്ഞു വീണ് മരിച്ചതാവാം എന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തിന്റെ നെറ്റിയിൽ മുറിവുണ്ടെന്നും ഇത് മുറിയിലെ ടീപ്പോയിൽ തലയിടിച്ചപ്പോൾ സംഭവിച്ചാതാവാമെന്നും ചെന്നൈ ഡെപ്യൂട്ടി കമ്മിഷണർ ശേഖർ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു. ചെന്നൈ നുങ്കംപാക്കത്തെ വസതിയിലാണ് 77 കാരിയായ വാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്നു ഫൊറൻസിക് വിദഗ്ധരടക്കം വീട്ടിലെത്തി പരിശോധന നടത്തി. വാണി ജയറാമിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ചെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണം സംബന്ധിച്ചു കൂടുതൽ വ്യക്തത വരികയുള്ളൂവെന്നും ഡിസിപി ശേഖർ ദേശ്മുഖ് പറഞ്ഞു.

shortlink

Post Your Comments


Back to top button