Latest NewsIndia

പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുന്നത് ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ നിര്‍മ്മാണ കേന്ദ്രം

ബംഗളൂരു: .കര്‍ണാടകയില്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ഏറ്റവും വലിയ ഹെലികോപ്ടര്‍ നിര്‍മ്മാണ യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്രേമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. പ്രതിരോധ മേഖലയിലെ ആത്മനിര്‍ഭരതയിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. രാജ്യത്തെ മാത്രമല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹെലികോപ്ടര്‍ നിര്‍മ്മാണ യൂണിറ്റാണ് ഇത്. 2016ല്‍ പ്രധാനമന്ത്രി മോദി തന്നെയാണ് നിര്‍മ്മാണ കേന്ദ്രത്തിന് തറക്കല്ലിട്ടതും.

615 ഏക്കറില്‍ പരന്നുകിടക്കുന്ന ഫാക്ടറിയില്‍ തുടക്കത്തില്‍ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളാവും (എല്‍ യു എച്ച്‌) നിര്‍മ്മിക്കുക. തുടര്‍ന്ന് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളും (എല്‍ സി എച്ച്‌) പിന്നീട് ഇന്ത്യന്‍ മള്‍ട്ടിറോള്‍ ഹെലികോപ്റ്ററുകളും (ഐ എം ആര്‍ എച്ച്‌) നിര്‍മ്മിക്കും. എല്‍ സി എച്ച്‌,ഐ എം ആര്‍ എച്ച്‌ എന്നിവയുടെ നിര്‍മ്മാണത്തിനായി ഫാക്ടറി വിപുലീകരിക്കുകയും ചെയ്യും. 3-15 ടണ്‍ പരിധിയില്‍ ആയിരത്തിലധികം ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാന്‍ എച്ച്‌എഎല്‍ പദ്ധതിയിടുന്നുണ്ട്. കൂടാതെ എല്‍ യു എച്ച്‌,എല്‍ സി എച്ച്‌ കോപ്ടറുകളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള സൗകര്യവും ഫാക്ടറിയിലുണ്ടാവും.

തുടക്കത്തില്‍ ഫാക്ടറി ഓരോ വര്‍ഷവും ഏകദേശം 30 ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കും ഘട്ടം ഘട്ടമായി എണ്ണം 60 ആയും പിന്നീട് 90 ആയും വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു. ഇവിടെ നിര്‍മ്മിക്കുന്ന കോപ്ടറുകള്‍ക്ക് വിദേശങ്ങളില്‍ നിന്നടക്കം ആവശ്യക്കാര്‍ ഏറെയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20 വര്‍ഷത്തിനുള്ളില്‍ നാലു ലക്ഷം കോടിയിലധികം ബിസിനസ് പ്രതീക്ഷിക്കുന്നതിനൊപ്പം പ്രത്യക്ഷവും പരോക്ഷവുമായ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പ്രാദേശിക വികസനത്തിന് വഴിവയ്ക്കുകയും ചെയ്യും.രാജ്യത്തിന്റെ എല്ലാ ഹെലികോപ്റ്റര്‍ ആവശ്യങ്ങള്‍ക്കും ഒറ്റത്തവണ പരിഹാരമായി മാറുക എന്ന ലക്ഷ്യത്താേടെയാണ് കര്‍ണാടകയിലെ ഫാക്ടറി ആസൂത്രണം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button