Latest NewsNewsValentines Day

വാലന്‍റൈൻസ് ഡേ: പങ്കാളിയോടൊപ്പം അടിച്ചു പൊളിക്കാന്‍ കേരളത്തിലെ ഈ സ്ഥലങ്ങള്‍….

പ്രണയത്തിൽ ഒഴുകി നീന്തുന്നവരുടെ ആഘോഷ ദിനമാണ് വാലന്‍റൈൻസ് ഡേ. പ്രണയം പറയുവാനും പ്രണയത്തിലാകുവാനും പ്രണയിക്കുവാനുമെല്ലാം തിരഞ്ഞടുക്കപ്പെടുന്ന ദിനം. ഓരോ വാലന്‍റൈൻസ് ദിനത്തിലും വ്യത്യസ്ത തരത്തിലുള്ള ആഘോഷങ്ങളാണ് ഇവർക്ക് വേണ്ടത്. എങ്കിൽ പ്രണയിദിനത്തിൽ ഒരു യാത്രയായാലോ… ഇതാ ഈ വാലന്‍റൈൻസ് ദിനത്തില്‍ ഉള്ളിൽ നിറയെ പ്രണയവുമായി യാത്ര ചെയ്യുവാൻ പറ്റിയ കേരളത്തിലെ സ്ഥലങ്ങൾ…

മൂന്നാർ

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇടങ്ങളിലൊന്നായ മൂന്നാർ തന്നെയാണ് പ്രണയദിനയാത്രയ്ക്ക് കേരളത്തിൽ ഏറ്റവും മികച്ച നാട്. നിരനിരയായി കിടക്കുന്ന തേയിലത്തോട്ടങ്ങളും അതിനു നടുവിലൂടെയുള്ള യാത്രയും മൂന്നാർ സ്പെഷ്യൽ ചായയും പിന്നെ വെള്ളച്ചാട്ടങ്ങളും ഒക്കെയായി ആഘോഷിക്കുവാൻ പറ്റിയ ഒരിടം തന്നെയാണ് മൂന്നാർ. ഏറ്റവും മികച്ച റൊമാന്‍റെിക് ഇടമായ ഇവിടെ എത്തിയാൽ ചെയ്യേണ്ടതും കാണേണ്ടതുമായ കാര്യങ്ങൾ കുറേയുണ്ട്. തേയിലത്തോട്ടങ്ങൾക്കും ഏലത്തോട്ടത്തിനും നടുവിലുള്ള കോട്ടേജിലെ താമസവും രാത്രികാലത്തെ മൂന്നാറും ഒക്കെ ഒരിക്കലും മറക്കാത്ത ഒരനുഭവമായിരിക്കും നല്കുക.

വയനാട്

കാടും മേടും കുന്നും മലയും ഒക്കെ നിറഞ്ഞു നിൽക്കുന്ന വയനാണ് മികച്ച ഹണിമൂൺ ഡെസ്റ്റിനേഷനാണെങ്കിലും ആർക്കും വരുവാൻ പറ്റിയ ഇടമാണ്. അതുകൊണ്ടു തന്നെ ഒരു സംശയവുമില്ലാതെ പ്രണയദിനം ആഘോഷിക്കുവാൻ വയനാട് തിരഞ്ഞെടുക്കാം. മൂന്നാർ പോലെ തന്നെ തേയിലത്തോട്ടങ്ങളാണ് വയനാടിന്റെയും പ്രത്യേകത. എന്നാൽ, കാഴ്ചകളുടെ കാര്യത്തിൽ സമ്പന്നം വയനാടാണ്. വ്യത്യസ്ത തരത്തിലുള്ള കാഴ്ചകളാണ് വയനാടിന്റെ പ്രത്യേകത. വെള്ളച്ചാട്ടങ്ങളും ട്രക്കിങ്ങ് ഇടങ്ങളും അണക്കെട്ടും ഹൈക്കിങ്ങും ഒക്കെയായി ഏതു തരത്തിലുള്ള ആഘോഷങ്ങൾക്കും ഇവിടെ സാധ്യതയുണ്ട. ചുരം കയറിയുള്ള യാത്രയും വയനാടിന്റെ തണുപ്പും കോടമഞ്ഞും ഒക്കെ ചേരുമ്പോൾ ആ യാത്ര അവിസ്മരണീയമാകും എന്നതിൽ ഒരു സംശയവുമില്ല.‌‌‌‌‌

പൂവാർ

കടലും കായലും തമ്മിൽ ചേരുന്ന ഇടം സാക്ഷിയാക്കി പ്രണയത്തിലായിരിക്കുവാൻ പൂവാറിന് പോകാം. വെള്ളത്തിലൂടെ ഒഴുകുന്ന ഫ്ലോട്ടിങ്ങ് ഹട്ടുകളും ഇടതൂർന്ന് വളർന്നു നിൽക്കുന്ന കണ്ടൽക്കാടുകളും അതിനുള്ളിലൂടെ വഞ്ചിയിലുള്ള യാത്രയും ചേരുമ്പോൾ ഇതിലും മനോഹരമായ ഒരിടം ഭൂമിയിലില്ല എന്നുതന്നെ തോന്നിപ്പോകും. വിഴിഞ്ഞത്തിനു സമീപമുള്ള പൂവാര്‍ സഞ്ചാരികൾക്ക് എന്തുകൊണ്ടാണ് ഇത്രയും പ്രിയപ്പെട്ട ഇടമായി മാറുന്നത് എന്ന ചോദ്യത്തിനുത്തരം കിട്ടണമെങ്കിൽ ഒരിക്കലെങ്കിലും ഇവിടെ വന്നിരിക്കണം. ‌

കടലും കായലും തമ്മിൽ സംഗമിക്കുന്ന ഇടത്തെ മൺതിട്ടയും അതിനുമപ്പുറത്തെ കടലും അവിടെയുള്ള ആഘോഷങ്ങളും പിന്നെ ഇവിടുത്തെ അന്തരീക്ഷവും ചേരുമ്പോൾ യാത്ര അടിപൊളിയാകും എന്നതിൽ സംശയമില്ല.

കുമരകം

അടിച്ചു പൊളിച്ച് ഒരിക്കലും മറക്കാത്ത ഒരു വാലന്‍റൈൻസ് ദിനമാണ് വേണ്ടതെങ്കിൽ കുമരകം ഒരു അടിപൊളി ഡെസ്റ്റിനേഷനാണ്. കായലിലൂടെയുള്ള യാത്രയും കെട്ടുവള്ളത്തിലെ താമസവും തനി നാടൻ രുചികളും ചേർന്ന് ഒരു കേരളീയ രീതിയിൽ തന്നെ ഇവിടെ പ്രണയദിനം ആഘോഷിക്കാം. മികച്ച റൊമാന്‍റിക് ഇടങ്ങളിലൊന്നായ കുമരകം കേരളത്തിലെ ഏറ്റവും തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ദ്വീപുകളുടെ കൂട്ടമായ ഇവിടെ കാണുവാൻ ഒട്ടേറെ കാഴ്ചകളുണ്ട്. സമുദ്ര നിരപ്പിനും താഴെ സ്ഥിതി ചെയ്യുന്ന ഇടമായതിനാൽ കുമരകം കേരളത്തിന്‍റെ നെതർലാൻഡ് എന്നാണ് അറിയപ്പെടുന്നത്.

കൊളക്കുമല

ഭൂമിയിലെ സ്വർഗ്ഗത്തിലാണ് ഇത്തവണ ആഘോഷങ്ങൾ നടത്തുവാൻ താല്പര്യമെങ്കിൽ കൊളക്കുമല തിരഞ്ഞെടുക്കാം. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ തേയിലത്തോട്ടവും അവിടുത്തെ ഒരു ചായയും പിന്നെ അവസാനമില്ലാത്ത കാഴ്ചകളും നടത്തങ്ങളുമായി ഇവിടെ സമയം ചിലവഴിക്കാം. പക്ഷേ, കാര്യമായി നടക്കുവാനും യാത്ര ചെയ്യുവാനും ട്രക്കിങ്ങ് നടത്തുവാനും ഇഷ്ടമുള്ളവർക്കു മാത്രമേ കൊളക്കുമല യോജിക്കൂ എന്ന കാര്യം മറക്കേണ്ട. സൂര്യോദയ കാഴ്ചകളാണ് ഇവിടുത്തെ ആകർഷണം.

തേക്കടി

മനോഹരമായ പ്രകൃതി ഭംഗിയും പച്ചപ്പും ഒക്കെ ചേരുന്ന തേക്കടിയും പ്രണയ ദിനത്തിലെ യാത്രകൾക്കു യോജിച്ച ഇടമാണ്. ഏറ്റവും അധികം സഞ്ചാരികളെത്തിച്ചേരുന്ന ഇടങ്ങളിലൊന്നായ തേക്കടി ലോകത്തിന്‍റെ സുഗന്ധ വ്യജ്ഞന തലസ്ഥാനം എന്നും അറിയപ്പെടുന്നു. പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിലെ താമസവും കാട്ടിലൂടയുള്ള നടത്തവും ബോട്ടിങ്ങും ഒക്കെയാണ് ഇവിടെ ആസ്വദിക്കുവാൻ പറ്റിയ കാര്യങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button