KeralaLatest NewsNews

പഴകിത്തുരുമ്പിച്ച കേന്ദ്ര വിരുദ്ധ പ്രചാരണം ഉപേക്ഷിച്ച് കേരളത്തെ രക്ഷിക്കാനുള്ള മാർഗ്ഗങ്ങളാണ് തേടേണ്ടത്: സന്ദീപ് വാര്യർ

ധനകാര്യ കമ്മീഷൻ ഒരു സ്വതന്ത്ര ഭരണ ഘടനാ സ്ഥാപനമാണ്

ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിനോട് കണക്കുകൾ നിരത്തി ചോദ്യങ്ങൾ രാഷ്ട്രീയ നിരീക്ഷകൻ സന്ദീപ് വാര്യർ. കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ജിഎസ്ടി കുടിശ്ശിക സംബന്ധിച്ചുള്ള വിഷയത്തിൽ ധനമന്ത്രി നൽകിയ വിശദീകരണത്തെയാണ് സന്ദീപ് വാര്യർ ചോദ്യം ചെയ്യുന്നത്.

read also: ടൈഫോയ്ഡ് വാക്സിന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി: വീണാ ജോർജ്

കുറിപ്പ്

പ്രിയ ധനകാര്യ മന്ത്രി ശ്രീ കെ എൻ ബാലഗോപാലിന് ,
കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ജിഎസ്ടി കുടിശ്ശിക സംബന്ധിച്ച് , കേരളം എജി സർട്ടിഫൈ ചെയ്ത കണക്കുകൾ സമർപ്പിക്കാത്തത്‌ കൊണ്ടാണ് അന്തിമമായി കണക്കുകൾ തീർക്കാൻ കഴിയാത്തതെന്ന വിശദീകരണത്തിന് അങ്ങയുടെ പ്രതികരണം കണ്ടു .

ഒരു കാര്യത്തിൽ നന്ദിയുണ്ട് . ജിഎസ്ടി കുടിശ്ശിക നൽകാതെ കേന്ദ്രം കേരളത്തോട് യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുന്നു എന്ന് 2020 ആഗസ്തിൽ ദേശാഭിമാനിയിൽ വന്ന മുഖ പ്രസംഗം പരിപൂർണമായും തെറ്റാണെന്ന് അങ്ങ് തുറന്ന് സമ്മതിച്ചിരിക്കുന്നു . ജിഎസ്ടി കുടിശ്ശിക സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സംസ്ഥാനം കണക്ക് നൽകാത്തത് കൊണ്ടാണെന്നും കേവലം 780 കോടി മാത്രമാണ് ഫൈനൽ സെറ്റിൽമെന്റിന് ബാക്കിയുള്ളതെന്നും വ്യക്തമായിരിക്കുന്നു

ജിഎസ്ടി കുടിശ്ശിക എന്ന അങ്ങയുടെ ഗോൾ പോസ്റ്റിൽ നിർമ്മല സീതാരാമൻ തുടരെ ഗോളടിച്ചപ്പോൾ , അങ്ങിപ്പോൾ ഗോൾ പോസ്റ്റ് മാറ്റി പ്രതിഷ്‌ഠിച്ചിരിക്കുന്നു . പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് കേരളത്തിന് ഡിവിസിബിൾ പൂളിൽ 3.875 ശതമാനം ഫണ്ട് ലഭിച്ചിരുന്നത് പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരം അത് 1.925 % ആയി ചുരുങ്ങി എന്നാണല്ലോ . അത് കേന്ദ്ര സർക്കാരിന്റെ കേരളത്തിനെതിരായ നീക്കമായി അങ്ങ്‌ വ്യാഖ്യാനിക്കുന്നു .

1) ധനകാര്യ കമ്മീഷൻ ഒരു സ്വതന്ത്ര ഭരണ ഘടനാ സ്ഥാപനമാണ് . കേന്ദ്ര സർക്കാരിന് എങ്ങനെ അതിൽ ഇടപെടാൻ കഴിയും ?

2) പത്താം ധനകാര്യ കമ്മീഷന്റെ കാലം മുതൽക്ക് കേരളത്തിനുള്ള വിഹിതം കുറഞ്ഞ് വരുന്നതായി താങ്കൾ പറയുന്നു . അതായത് 1990 ന് ശേഷമുള്ള എല്ലാ കേന്ദ്ര സർക്കാരുകളും , താങ്കളുടെ പാർട്ടി പിന്തുണച്ച സർക്കാരുകൾ ഉൾപ്പെടെ കേരളത്തിന്റെ ശത്രുക്കളായിരുന്നോ ?

3) നികുതി വിഹിതമായി 2009 -2014 ( യുപിഎ ) കാലഘട്ടത്തിൽ കേരളത്തിന് ലഭിച്ചത് 29,841 കോടി രൂപ , 2014 – 2019 (NDA ) കാലഘട്ടത്തിൽ നികുതി വിഹിതമായി കേരളത്തിന് ലഭിച്ചത് 71,713 കോടി രൂപ . അതായത് 140.32 % വർദ്ധനവ് . ( സിഎജി റിപ്പോർട്ട് )

4) ഗ്രാന്റായി 2009 -2014 യുപിഎ കാലഘട്ടത്തിൽ കേരളത്തിന് കിട്ടിയത് കേവലം 15,297 കോടി രൂപയെങ്കിൽ 2014 -2019 എൻഡിഎ കാലഘട്ടത്തിൽ കിട്ടിയത് 44,856 കോടി രൂപ . അതായത് 193.23 % വർദ്ധനവ് . ( സിഎജി റിപ്പോർട്ട് )

5) നികുതി വിഹിതമായി 2019-20 ൽ 16,401 കോടി , 2020-21 ൽ 11,560 കോടി , 2021-22 ൽ 17,820 കോടി , 2022-23 ൽ 15721 കോടി രൂപയും കേരളത്തിന് ലഭിച്ചു . കേന്ദ്ര ഗ്രാന്റായി 19-20 ൽ 11,235 കോടി , 20-21 ൽ 31,061 കോടി , 21-22 ൽ 31,650 കോടി , 22-23 ൽ 30,510 കോടി രൂപയും കേരളത്തിന് ലഭിച്ചു . ( സിഎജി റിപ്പോർട്ടും കേരള ബജറ്റ് രേഖകളും ആധാരം )

ഇത്രയും കൂടുതൽ സഹായം രാഷ്ട്രീയം നോക്കാതെ നൽകിയ കേന്ദ്ര സർക്കാരിനെയാണോ നിങ്ങളുടെ ഫിനാൻഷ്യൽ മിസ് മാനേജ്‌മെന്റ് മറച്ച് വക്കാൻ ശത്രു പക്ഷത്ത് പ്രതിഷ്‌ഠിക്കുന്നത് ?

വികസന കാര്യത്തിൽ രാജ്യത്തിനകത്ത് സമത്വം ഉണ്ടാവേണ്ടതല്ലേ ? അതായത് ദുർബലമായ സംസ്ഥാനങ്ങൾക്ക് കൂടുതൽ ഫണ്ട് നൽകേണ്ടതല്ലേ ? ലഭിക്കുന്ന നികുതി വരുമാനത്തിന്റെ അടിസ്ഥാനത്തിലാണോ താങ്കൾ ജില്ലകൾ തിരിച്ച് വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കാറുള്ളത് ? അങ്ങനെ സംഭവിച്ചാൽ രാജ്യത്തിനകത്ത് വികസന അസമത്വം വർധിക്കുകയും ജനങ്ങൾ ഒരു പ്രദേശത്ത് നിന്നും കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു സ്ഥലത്തേക്ക് ചേക്കേറുകയും ചെയ്യില്ലേ ? ഇത് മുന്നിലുള്ള സംസ്ഥാനങ്ങളിൽ അസ്വസ്ഥതയും തൊഴിലില്ലായ്മയും വർദ്ധിപ്പിക്കില്ലേ ? വികസന കാര്യത്തിൽ പിന്നോക്കമുള്ള സംസ്ഥാനങ്ങൾ വികസിക്കേണ്ടത് മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളുടെ കൂടി താത്പര്യമല്ലേ ?

സംസ്ഥാന ധനകാര്യമന്ത്രി എന്ന നിലക്ക് പഴകിത്തുരുമ്പിച്ച കേന്ദ്ര വിരുദ്ധ പ്രചാരണം ഉപേക്ഷിച്ച് കേരളത്തെ നിലവിലുള്ള പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാനുള്ള മാർഗ്ഗങ്ങളാണ് അങ്ങ് തേടേണ്ടത് .
സന്ദീപ് വാര്യർ

shortlink

Related Articles

Post Your Comments

Related Articles


Back to top button