Latest NewsArticleKeralaNewsWriters' Corner

ആകാശ് തില്ലങ്കേരി ചിരിച്ചുതള്ളാൻ പറ്റിയ കോമഡി പീസല്ല, ചോരയുടെ മണമുള്ള വാളുകൾ ഉയർത്തിയ അനേകം കൊലയാളികളുടെ പ്രതീകം

മരണത്തിൽ കുഞ്ഞനന്തനു കിട്ടിയ വിപ്ലവ മുദ്രാവാക്യങ്ങൾ കേൾക്കാം. വീരചരമം അണയാം

സോഷ്യൽ മീഡിയയിലൂടെ രാഷ്ട്രീയ കൊലപാതങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ ആകാശ് തില്ലങ്കേരിയെ സിപിഎം തള്ളിപ്പറഞ്ഞു കഴിഞ്ഞു. എന്നാൽ ആകാശ് തില്ലങ്കേരി ചിരിച്ചുതള്ളാൻ പറ്റിയ കോമഡി പീസല്ലെന്നും ചോരയുടെ മണമുള്ള വാളുകൾ ഉയർത്തിയ അനേകം കൊലയാളികളുടെ പ്രതീകമാണെന്നും ഹരി മേനോൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

read also:ബിബിസി ഓഫീസില്‍ ആദായ നികുതി വകുപ്പ് മൂന്ന് ദിവസമായി നടത്തി വന്ന പരിശോധന അവസാനിപ്പിച്ചു

കുറിപ്പ് പൂർണ്ണ രൂപം

ഈ നിമിഷം മുതൽ ആകാശ് തില്ലങ്കേരി എന്ന കൊലയാളി ഒറ്റപ്പെടും. അയാൾ വെളിപ്പെടുത്തിയ കൊലകളുടെ പൂർണ ഉത്തരവാദിത്തം അയാളിൽ മാത്രമാകും. കേരളം കണ്ടതിൽ വെച്ചേറ്റവും നികൃഷ്ടനായ കൊലയാളിയായി അയാളെ ഈ നാടു തള്ളിപ്പറയും.

അപ്പോഴും ആ കൊലപാതകങ്ങൾക്ക് ക്വട്ടേഷൻ നൽകിയെന്ന് അയാൾ തന്നെ അവകാശപ്പെടുന്ന പാർട്ടിയെക്കുറിച്ചു കേരളം നിശബ്ദമാകും. ഷുഹൈബിനെ സ്നേഹിക്കുന്ന ഷുഹൈബിന്റെ പാർട്ടിയും സഹപ്രവർത്തകരും മാത്രം രോഷാകുലരാകും, കൊലപാതക രാഷ്ട്രീയത്തിനെതിരെ, ആ കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയവർക്കെതിരെ സംസാരിക്കും.

എത്ര ലാഘവത്തോടെയാണ് ഒരു ക്രിമിനൽ താൻ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അഭിമാനത്തോടെ പറയുന്നത്. അതിനേക്കാൾ എത്രയോ നിർവികാരതയോടെയാണു കേരളം ആ കുറ്റകൃത്യങ്ങൾ കേട്ടിരിക്കുന്നത്. അവർക്കു പരമാവധി കുറ്റവാളി ആകാശ് തില്ലങ്കേരി മാത്രമാണ്. അതിനപ്പുറം അയാളെക്കൊണ്ടു കൊലകൾ ചെയ്യിച്ചെന്ന് അയാൾ തന്നെ സാക്ഷ്യപ്പെടുത്തുന്ന പാർട്ടി സമാധാനവാഹകരാണ്.

ആകാശ് തില്ലങ്കേരി ഒരു പ്രതീകം മാത്രമാണ്. ഒറ്റപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതും അയാൾ മാത്രമല്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തോളം പഴക്കമുള്ള കൊലപാതകങ്ങളിൽ വരെ പങ്കുള്ള, ഇന്നും അത് നിർബാധം തുടരുന്നവർ ചോദ്യം ചെയ്യപ്പെടണം. കുറച്ചുകൂടി പച്ചയായിപ്പറഞ്ഞാൽ ആകാശ് തില്ലങ്കേരിയെപ്പോലുള്ളവരെ ആയുധമാക്കി കൊലപാതകങ്ങൾ നടത്തിയ സി.പി.ഐ.എം ചോദ്യം ചെയ്യപ്പെടണം.

എന്തുകൊണ്ടാണ് ആകാശ് തില്ലങ്കേരിയെപ്പോലുള്ള ഒരു ഗുണ്ടയ്ക്ക് ഇത്രമേൽ ധൈര്യത്തോടെ പാർട്ടിയെ വെല്ലുവിളിക്കാൻ സാധിക്കുന്നത്? ഇക്കാലം കൊണ്ട് അയാൾ വളർന്നുകഴിഞ്ഞു. 21-ാം വയസ്സിൽ നടത്തിയ ആദ്യ കൊല മുതൽക്ക് അയാളെ വളർത്തിയത് സി.പി.ഐ.എം ആണ്. കേരളത്തിലെ രാഷ്ട്രീയക്കൊലപാതകങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ട്. സംശയമില്ല. അപ്പോഴും സി.പി.ഐ.എം അതിൽ ഒറ്റപ്പെട്ടു നിൽക്കുന്ന തുരുത്താണ്. ആ പാർട്ടിയുടെ തണലിൽ നിന്നു കൊലപാതകങ്ങളെക്കുറിച്ചു സംസാരിക്കാം. കൊല ചെയ്തു വന്നാൽ മാലയിട്ടു വരെ സ്വീകരിക്കപ്പെടും. മരണത്തിൽ കുഞ്ഞനന്തനു കിട്ടിയ വിപ്ലവ മുദ്രാവാക്യങ്ങൾ കേൾക്കാം. വീരചരമം അണയാം. ഒപ്പം എണ്ണിയെണ്ണി കൊലകൾ നടത്തിയെന്നു വെളിപ്പെടുത്തുന്നവർക്കു പോലും ജനാധിപത്യത്തിന്റെ സ്വീകാര്യത ലഭിക്കും. അതിൽ മന്ത്രിപദവി വരെയുണ്ടാകും. കേരളത്തിൽ സി.പി.ഐ.എമ്മിനു മാത്രം കിട്ടുന്ന പ്രിവിലേജ് ആണത്. ആ പ്രിവിലേജിൽ ചോര വാർന്നു കൊല്ലപ്പെട്ടവരുടെ കണക്കിൽ വാടിക്കൽ രാമകൃഷ്ണനും ടി.പി ചന്ദ്രശേഖരനും ഷുഹൈബും കൃപേഷും ശരത് ലാലുമടക്കം എണ്ണമറ്റ മനുഷ്യരുടെ നിലവിളികളുണ്ട്.
അതുകൊണ്ട് ആകാശ് തില്ലങ്കേരി ചിരിച്ചുതള്ളാൻ പറ്റിയ കോമഡി പീസല്ല. ചോരയുടെ മണമുള്ള വാളുകൾ ഉയർത്തിയ അനേകം കൊലയാളികളുടെ പ്രതീകമാണയാൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button