Latest NewsNews

ചെന്നൈയിലെ എടിഎം കൊള്ളയിലെ മുഖ്യ പ്രതി അറസ്റ്റിൽ; കവർച്ച ആസൂത്രണം ചെയ്തതും പ്രതികൾ ഒളിച്ചതും കെജിഎഫിലെ ഹോട്ടലിൽ

ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലൈയിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന എടിഎം കൊള്ളയിലെ മുഖ്യ പ്രതി അറസ്റ്റിൽ. തമിഴ്നാട് പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഹരിയാനയിലെത്തിയാണ് മുഖ്യ ആസൂത്രകനെ പിടികൂടിയത്. കേസിലെ പ്രതികളെന്ന് സംശയിക്കുന്ന മറ്റ് പത്ത് പേരെക്കൂടി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അർദ്ധരാത്രി നഗരത്തിലേയും പരിസര പ്രദേശങ്ങളിലേയും നാല് എടിഎമ്മുകളിൽ ഒരേ സമയമായിരുന്നു കഴിഞ്ഞ ഞായറാഴ്ച കവർച്ച നടന്നത്. എടിഎം മെഷീനുകൾ സ്ഥാപിച്ച മുറികളിൽ കയറി ഷട്ടറിട്ടതിന് ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീനുകൾ മുറിച്ച് സംഘം 72 ലക്ഷം രൂപ കൊള്ളയടിച്ചു. ശേഷം സിസിടിവി ക്യാമറകളും ഹാർ‍ഡ് ഡിസ്കുകളും ഗ്യാസ് കട്ടർ ഉപയോഗിച്ചുതന്നെ തീയിട്ട് നശിപ്പിച്ചു. വിരലടയാളങ്ങൾ കണ്ടെത്താതിരിക്കാൻ എടിഎം മുറിക്കും തീയിട്ടു.

ഹരിയാന സ്വദേശിയായ ആസിഫ് ജമാലാണ് കൊള്ളയുടെ സൂത്രധാരൻ. ഹരിയാനയിലെത്തിയ പൊലീസ് സംഘം നൂഹ് ജില്ലയിൽ നിന്നാണ് നിന്നാണ് ഇയാളെ പിടികൂടിയത്. വീട്ടിലേക്കുള്ള വഴിമധ്യേയാണ് ആസിഫ് ജമാൽ വലയിലായത്. തിരുവണ്ണാമലൈ, വെല്ലൂർ, തൃപ്പത്തൂർ എസ്പിമാരായ കെ.കാർത്തികേയൻ, രാജേഷ് കണ്ണൻ, ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

കൂട്ടുപ്രതികളെന്ന് സംശയിക്കുന്ന മറ്റ് പത്തുപേർ കൂടി പിടിയിലായി. രണ്ട് പേരെ കർണാടകത്തിലെ കെജിഎഫിൽ നിന്നും ആറ് പേരെ ഗുജറാത്തിൽ നിന്നും രണ്ട് പേരെ ഹരിയാനയിൽ നിന്നുമാണ് തമിഴ്നാട് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇവരെ വിവിധ കേന്ദ്രങ്ങളിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കവർച്ച ആസൂത്രണം ചെയ്തത് കെജിഎഫിലെ ഒരു ഹോട്ടലിൽ വച്ചാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. കവർച്ചക്ക് ശേഷം സംഘം ഒളിവിൽ പോയതും ഇവിടേക്ക് തന്നെയാണ്. തുടർന്ന് ബംഗളൂരു വിമാനത്താവളത്തിൽ എത്തിയശേഷം പലവഴിക്ക് പിരിയുകയായിരുന്നുവെന്നും നോർത്ത് സോൺ ഐജി എൻ കണ്ണൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button