Latest NewsKerala

കോട്ടയത്ത് പോലീസുകാരനെ നടുറോഡില്‍ ചവിട്ടിവീഴ്ത്തി, പ്രതിയെ പിടികൂടാനെത്തിയ എസ്‌ഐയ്ക്കും പരിക്ക്

കോട്ടയം: നഗരമധ്യത്തിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ യുവാവ് ചവിട്ടിവീഴ്ത്തി. വഴിയിൽ വീണ പോലീസുകാരൻ എഴുന്നേറ്റയുടൻ വീണ്ടും അടിച്ചുവീഴ്ത്തി. സംഭവംകണ്ട വനിതാപോലീസ് ഓടി രക്ഷപ്പെട്ടു. പിടികൂടാനെത്തിയ ട്രാഫിക് എസ്.ഐയെ കഴുത്തിനടിച്ചു വീഴ്‌ത്തി ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. കോട്ടയം ട്രാഫിക് എസ്.ഐ. ഹരിഹരകുമാർ, കോട്ടയം എ.ആർ. ക്യാമ്പിലെ പോലീസുകാരൻ വിജേഷ് എന്നിവർക്കാണ് പരിക്കേറ്റത്.

സംഭവത്തിൽ കോട്ടയം കുമാരനല്ലൂർ താഴത്തുവരിക്കേൽ അശോകനെ പോലീസ് അറസ്റ്റുചെയ്തു. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം നഗരമധ്യത്തിൽ വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. വഴിയിൽ നിൽക്കുന്നതിനിടെ നടന്നുവന്ന യുവാവ് പ്രകോപനമൊന്നുമില്ലാതെ പൊടുന്നനെ പോലീസുകാരനെ ആക്രമിക്കുകയായിരുന്നു. നഗരത്തിലെ ബസേലിയോസ് കോളേജിന് സമീപം ട്രാഫിക് ജോലി നോക്കുന്നതിനിടെയാണ് പോലീസുകാരൻ വിജേഷിനെ യുവാവ് ചവിട്ടിവീഴ്ത്തിയത്. വഴിയിൽ നിൽക്കുന്നതിനിടെ നടന്നുവന്ന യുവാവ് പ്രകോപനമൊന്നുമില്ലാതെ പൊടുന്നനെ പോലീസുകാരനെ ആക്രമിക്കുകയായിരുന്നു.

സംഭവംകണ്ട് സമീപം പാർക്കുചെയ്തിരുന്ന പോലീസ് വാഹനത്തിലുണ്ടായിരുന്ന വനിതാ പോലീസുകാർ ഓടി രക്ഷപ്പെട്ടു. ആക്രമണത്തിൽ കൈയ്‌ തിരിഞ്ഞുപോയ പോലീസുകാരൻ കാരണമില്ലാതെ ഒരാൾതന്നെ ആക്രമിക്കുന്നുവെന്നറിയിച്ച് വയർലെസ് സെറ്റിലൂടെ പോലീസ് സഹായം തേടി. തുടർന്ന്, നടന്നു പോയ യുവാവിനെ സ്പൈഡർ പട്രോൾസംഘം പിൻതുടർന്നു. ഇതുകണ്ട ആക്രമി വീണ്ടും പോലീസുകാർക്കുനേരെ പാഞ്ഞടുത്തു. ഈസമയം ഫുട്പാത്തിലൂടെ നടന്നുപോയ യുവാവിനെ പിടികൂടാൻശ്രമിച്ച എസ്.ഐയുടെ കഴുത്തിലടിച്ചശേഷം ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഉടൻ എസ്.ഐയും മറ്റ് പോലീസുകാരും നാട്ടുകാരുംചേർന്ന് അക്രമിയെ കീഴ്‌പ്പെടുത്തി ജീപ്പിൽകയറ്റി. പിന്നീട് കോട്ടയം വെസ്റ്റ് പോലീസിന് കൈമാറി. പ്രതിക്കെതിരേ നേരത്തെയും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button