KeralaLatest NewsNews

മോഷണം കഴിഞ്ഞു, പക്ഷേ ബിരിയാണി ചതിച്ചു; ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്ത് പൊലീസ്: വൈറൽ

കാരൈക്കുടി(തമിഴ്നാട്): മോഷണം കഴിഞ്ഞ ശേഷം ബിരിയാണി കഴിച്ച് ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്ത് പൊലീസ്. തമിഴ്നാട് ശിവഗംഗ തിരുപ്പത്തൂരിനടുത്ത് മധുവിക്കോട്ടൈ എന്ന സ്ഥലത്താണ് സംഭവം.

വെങ്കിടേശ്വരൻ എന്നയാളിന്‍റെ വീട്ടിലാണ് രാമനാഥപുരത്തുകാരൻ സ്വാതിതിരുനാഥന്‍ എന്ന കള്ളൻ കയറിയത്. കുറച്ചുനാളായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. കവ‍ർച്ചയുടെ ആദ്യഭാഗം എല്ലാം ഗംഭീരമായി കഴിഞ്ഞു. പൂട്ടിയിട്ട വീടിന്‍റെ ഓടിളക്കി ഉള്ളിലിറങ്ങി. വിലപിടിപ്പുള്ള മുതലുകളെല്ലാം കൈക്കലാക്കി കയറിയ വീടിന്‍റെ കിടപ്പുമുറിയിൽ കൂട്ടിയിട്ടു. കക്കാൻ കയറും മുമ്പ് സ്വാതിതിരുനാഥൻ സാമാന്യം മദ്യപിച്ചിരുന്നു. മച്ചിൽ നിന്ന് ഫാൻ വരെ അഴിച്ചിറക്കി.

വീട്ടിൽ ആളില്ലാത്തതിന്‍റെ ആത്മവിശ്വാസത്തിൽ വീണ്ടും മദ്യപിക്കാന്‍ തോന്നിയത് വിനയായി. കയ്യിൽ കരുതിയ ശേഷിച്ച മദ്യവും പൊതിഞ്ഞുകൊണ്ടുവന്ന ബിരിയാണിയും അകത്താക്കിയപ്പോൾ ക്ഷീണം. ഒന്നു മയങ്ങാന്‍ കിടന്നെങ്കിലും നന്നായി ഉറങ്ങിപ്പോയി.

വീടിന്‍റെ ഓടിളകി കിടന്നത് കണ്ട അയൽവാസികൾ ആണ് വിവരം വീട്ടുടടമ വെങ്കിടേശ്വരനെ വിളിച്ചറിയിച്ചത്. പൊലീസിനേയും കൂട്ടി വെങ്കിടേശ്വരൻ വന്നു വീടു തുറന്നപ്പോൾ കിടപ്പുമുറിയിലെ കട്ടിലിൽ കള്ളൻ കൂർക്കം വലിച്ചുറങ്ങുന്നുണ്ട്. കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്തു.

എന്തായാലും മോഷ്ടിക്കാന്‍ കയറിയ വീട്ടിൽ കിടന്നുറങ്ങിയ കള്ളന്റെ വീഡിയോ ഇപ്പോൾ വൈറൽ ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button