Latest NewsNewsLife Style

രാവിലെ തന്നെ ചായയും ബിസ്‍കറ്റും കഴിക്കുന്ന ശീലമുണ്ടെങ്കില്‍ നിങ്ങളറിയേണ്ടത്…

രാവിലെ ഉറക്കമുണര്‍ന്നയുടൻ നാം എന്ത് കുടിക്കുന്നു, എന്ത് കഴിക്കുന്നു എന്നത് ഏറെ പ്രധാനമാണ്. കാരണം ദീര്‍ഘമായ മണിക്കൂറുകള്‍ ഒന്നും കഴിക്കാതെയും കുടിക്കാതെയും, നേരത്തേ കഴിച്ചതത്രയും ദഹനത്തിലേക്ക് ഏറെക്കുറെ പൂര്‍ണമായും കടക്കുകയും ചെയ്തിരിക്കുന്ന അവസ്ഥയാണിത്.
ഉറക്കമെഴുന്നേറ്റയുടൻ ഒരു കപ്പ് ചൂട് ചായയോ കാപ്പിയോ കഴിച്ചുകൊണ്ട് ദിവസത്തിലേക്ക് കടക്കുന്നവരാണ് മിക്കവാറും പേരും. കാപ്പിയായാലും ചായയായാലും ഇതിനൊപ്പം ബിസ്കറ്റ് കഴിക്കുന്നത് പതിവാക്കിയവരും  ഏറെയാണ്. രാവിലെ അല്‍പം ഊര്‍ജ്ജം കിട്ടുന്നതിന് എന്തെങ്കിലും കഴിക്കണമല്ലോ എന്ന നിലയിലാണ് അധികപേരും ബിസ്കറ്റിനെ ആശ്രയിക്കുന്നത്. കാരണം, ബ്രേക്ക്ഫാസ്റ്റ് തയ്യാറായി വരാൻ എന്തായാലും സമയമെടുക്കും. അപ്പോള്‍ അത് വരേക്കുള്ള ആശ്വാസം എന്ന നിലയിലാണ് ബിസ്കറ്റ് കഴിക്കുന്നത്.

ഇത് കഴിക്കുന്നത് മൂലം ഊര്‍ജ്ജം അനുഭവപ്പെടാം. അതില്‍ സംശയമില്ല. എന്നാല്‍ ഈ ശീലം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ബിസ്കറ്റ് രാവിലെ തന്നെ കഴിക്കുന്നത് രക്തത്തില്‍ ഗ്ലൂക്കോസ് നില ഉയരുന്നതിലേക്ക് നയിക്കുന്നു. ചായയും കൂടെയാകുമ്പോള്‍ ഇത് വീണ്ടും കൂടുന്ന സാഹചര്യമാണുണ്ടാകുന്നത്. ഇത് പതിവായാല്‍ പ്രമേഹസാധ്യതയും അനുബന്ധപ്രശ്നങ്ങളും കൂടാമെന്ന് ഇനി എടുത്തുപറയേണ്ടതില്ലല്ലോ!
രാവിലെ തന്നെ ബിസ്കറ്റും ചായയും കഴിക്കുമ്പോള്‍ ചിലരാണെങ്കില്‍ മൂന്നോ നാലോ ബിസ്കറ്റെല്ലാം അകത്താക്കും. ഇത് പതിവാക്കുമ്പോള്‍ അത് വയര്‍ കൂടുന്നതിലേക്കും നയിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. അതിനാല്‍ വണ്ണം കൂടുതലുള്ളവരാണെങ്കില്‍ പ്രത്യേകിച്ചും ഈ ശീലം എത്രയും പെട്ടെന്ന് ഉപേക്ഷിക്കുന്നതാണ് ഉചിതം.

ഇവിടം കൊണ്ടും തീര്‍ന്നില്ല. ദഹനക്കുറവ്, ഗ്യാസ്, മലബന്ധം എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാക്കുന്നതിനും ചായയും ബിസ്കറ്റും പതിവായി കഴിക്കുന്നത് കാരണമാകുന്നു. പലരും ഗ്യാസും അസിഡിറ്റിയും മൂലം  കഷ്ടപ്പെടുന്നത് കാണാം. വയറ്റിലെ ഈ അസ്വസ്ഥതകള്‍ക്ക് കാരണം ഒരുപക്ഷേ ഈ ശീലമാകാമെന്ന് മനസിലാക്കാൻ സാധിക്കുകയുമില്ല.

രാവിലെ ഉറക്കമുണര്‍ന്നയുടൻ ഒന്നുകില്‍ രണ്ട് ഗ്ലാസ് വെള്ളം (സാധാരണ താപനിലയോ അല്ലെങ്കില്‍ ഇളംചൂടിലോ) കുടിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ ജീരകമോ മല്ലിയോ കുതിര്‍ത്തുവച്ച വെള്ളം കുടിക്കാം. ഇളനീര്‍ വെള്ളവും രാവിലെ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതില്‍ അല്‍പം കറുവപ്പട്ട പൊടിച്ചത് കൂടി ചേര്‍ത്താല്‍ വളരെ നല്ലത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button