Latest NewsNewsIndia

ഈ വാഹനങ്ങള്‍ക്ക് റോഡ് നികുതിയും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കി യുപി സര്‍ക്കാര്‍

ഈ വാഹനങ്ങള്‍ക്ക് റോഡ് നികുതിയും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കി യുപി സര്‍ക്കാര്‍, മാസാണ് ഞങ്ങളുടെ യോഗിയെന്ന് ജനങ്ങള്‍

ലക്‌നൗ: ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള റോഡ് ടാക്സും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കാന്‍ തീരുമാനിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മൂന്ന് വര്‍ഷത്തേക്കാണ് നികുതിയും രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കുന്നത്. 2022 ഒക്ടോബര്‍ 14 മുതല്‍ ഈ ഉത്തരവിന് പ്രാബല്യമുണ്ടെന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സംസ്ഥാനത്ത് തന്നെ നിര്‍മ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ഈ ഇളവ് സാധുവായിരിക്കും. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എല്ലാ ജില്ലകളിലെയും ആര്‍ടിഒമാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

Read Also: അടിയന്തര ഘട്ടങ്ങളെ നേരിടാന്‍ കേരളത്തിന്റെ കയ്യില്‍ ഇക്കാലത്തും ഒരു ചുക്കുമില്ലെന്ന് ബ്രഹ്മപുരം തീപിടിത്തം തെളിയിച്ചു

പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്‍. വെങ്കിടേശ്വരലു പുറപ്പെടുവിച്ച പുതുക്കിയ വിജ്ഞാപനമനുസരിച്ച്, ഉത്തര്‍പ്രദേശ് ഇലക്ട്രിക് വെഹിക്കിള്‍ മാനുഫാക്ചറിംഗ് ആന്‍ഡ് മൊബിലിറ്റി പോളിസി 2022 പ്രകാരം, 2022 ഒക്ടോബര്‍ 14 മുതല്‍ ഉത്തര്‍പ്രദേശില്‍ വില്‍ക്കുകയും രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇവി) 100 ശതമാനം നികുതി ഇളവ് നല്‍കും.

 

2022 ഒക്ടോബര്‍ 14 മുതല്‍ 2025 ഒക്ടോബര്‍ 13 വരെ സംസ്ഥാനത്ത് വില്‍ക്കുകയും രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇവി) 100 ശതമാനം നികുതി ഇളവ് നല്‍കുന്നതിന് പുറമെ, സംസ്ഥാനത്ത് നിര്‍മ്മിക്കുന്നതും വില്‍ക്കുന്നതും രജിസ്റ്റര്‍ ചെയ്തതുമായ ഇവികളില്‍ പ്രാബല്യത്തിലുള്ള കാലയളവിന്റെ നാലാമത്തെയും അഞ്ചാമത്തെയും വര്‍ഷങ്ങളില്‍ 100 ശതമാനം റിബേറ്റും ലഭിക്കും.

ഇലക്ട്രിക് വാഹനങ്ങളുടെ സ്വഭാവവും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ബാറ്ററികളോ അള്‍ട്രാപാസിറ്ററുകളോ ഇന്ധന സെല്ലുകളോ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മോട്ടോറുകള്‍ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളെയും ഇവി എന്ന വാക്കുകൊണ്ട് സൂചിപ്പിക്കുന്നുവെന്ന് വിജ്ഞാപനത്തില്‍ പരാമര്‍ശിക്കുന്നു. രണ്ട്, മൂന്ന്, നാല് ചക്ര വാഹനങ്ങള്‍, സ്‌ട്രോങ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിള്‍ (എച്ച്ഇവി), പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിള്‍ (പിഎച്ചഇവി), ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ (ബിഇവി), ഫ്യൂവല്‍ സെല്‍ ഇലക്ട്രിക് വെഹിക്കിള്‍ (എഫ്‌സിഇവി) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

2022 ഒക്ടോബര്‍ 14-ന് ഇടയില്‍ നികുതിയും രജിസ്‌ട്രേഷന്‍ ഫീസും ഈടാക്കിയ ആഗ്രയിലെ 3,997 ഇവി ഉടമകള്‍ക്ക് ഈ തീരുമാനം ആശ്വാസം നല്‍കും. 2022 ഒക്ടോബര്‍ 14 മുതല്‍ ഇപ്പോള്‍ വരെ ആഗ്രയിലെ ഡിവിഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ (ആര്‍ടിഒ) രജിസ്റ്റര്‍ ചെയ്ത 11340 ഇവികളില്‍ 3997 വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ട്. ഇതില്‍ 437 ഇ-റിക്ഷകളും 30 കാറുകളും ബാക്കി ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടുന്നു.

കൂടാതെ, ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഈ സബ്സിഡികള്‍ കൂടിച്ചേര്‍ന്നാല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് 15,000 രൂപ മുതല്‍ 20,000 രൂപ വരെയും കാറുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയും വിലയില്‍ കുറവുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button