Latest NewsIndia

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ അയൺ ഗുളികകൾ മത്സരിച്ചു കഴിച്ചു: എട്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: വിറ്റാമിന്‍ ഗുളിക അമിതമായി കഴിച്ച 6 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ ചികിത്സയ്ക്കിടെ മരിച്ചു. ഊട്ടി കാന്തല്‍ നഗരസഭ മുസ്ലിം സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി സൈബ ഫാത്തിമയാണ് (13) മരിച്ചത്.  മറ്റൊരു കുട്ടിയും തീവ്രചികിത്സാവിഭാഗത്തില്‍ തുടരുകയാണ്. മറ്റുള്ള കുട്ടികള്‍ ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ട്. ഇതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ മുഹമ്മദ് അമീന്‍, അദ്ധ്യാപിക കലൈവാണി എന്നിവരെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡുചെയ്തു.

വിദഗ്ധചികിത്സയ്ക്കായി കോയമ്പത്തൂരില്‍നിന്ന് ചെന്നൈയിലേക്ക് പോകുംവഴി സേലത്തുവച്ചാണ് മരണം സംഭവിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച സ്‌കൂളില്‍ അഞ്ച് സഹപാഠികളും സൈബയും ചേര്‍ന്ന് 20 മുതല്‍ 30 വിറ്റാമിന്‍ ഗുളികകള്‍വരെ കഴിച്ചിരുന്നു. വൈകീട്ട് അവശരായ കുട്ടികളില്‍ രണ്ടുപേരെ ഊട്ടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കും മറ്റുള്ള നാലുപേരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിരുന്നു.

ചികിത്സ തുടരുന്നതിനിടെ സൈബയുടെ ആരോഗ്യനില വഷളായി. തുടര്‍ന്ന്, വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പ്രത്യേക ആംബുലന്‍സില്‍ കോയമ്പത്തൂരില്‍നിന്ന് ചെന്നൈയിലെ രാജീവ്ഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. രാത്രി എട്ടുമണിയോടെ സേലത്ത് എത്തിയപ്പോള്‍ ശ്വാസം കിട്ടാത്തതിനെത്തുടര്‍ന്ന് സേലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

shortlink

Post Your Comments


Back to top button