KeralaLatest NewsNews

കട്ടപ്പനയിൽ വീണ്ടും ഓൺലൈൻ പേയ്മെന്റ് തട്ടിപ്പ്; സാധനങ്ങള്‍ വാങ്ങി, പണം ഓണ്‍ലൈനില്‍ അയച്ചെന്ന് കാണിച്ച് യുവതി മുങ്ങി

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ വീണ്ടും ഓൺലൈൻ പേയ്മെന്റ് തട്ടിപ്പ്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥയാണെന്ന് ചമഞ്ഞ് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നും വസ്ത്രം വാങ്ങിയ ശേഷം പണം അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് യുവതി മുങ്ങി.

കട്ടപ്പന ടൗണിലെ ഹൗസിംഗ് ബോർഡ് ഷോപ്പിംഗ് കോംപ്ലക്സിനുള്ളിൽ പ്രവർത്തിക്കുന്ന എറണാകുളം ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്.

2148 രൂപയുടെ സ്ത്രീകൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ ആണ് യുവതി വാങ്ങിയത്. തുടർന്ന് കടയിലുണ്ടായ ഓൺലൈൻ പേയ്മെന്റ് സ്കാനർ വഴി പണം അയച്ചിട്ടുണ്ടെന്ന് പറഞ്ഞ ശേഷം യുവതി കടയില്‍ നിന്ന് പോവുകയായിരുന്നു. എന്നാൽ, കടയടക്കുന്ന സമയത്ത് കണക്ക് പരിശോധിച്ചപ്പോൾ പണം കുറവുണ്ടെന്ന് കണ്ടെത്തി.

തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതി അയച്ച പണം കിട്ടിയിട്ടില്ലെന്ന് മനസ്സിലായത്. സാങ്കേതിക പ്രശ്നമാണെന്ന് കരുതി രണ്ടു ദിവസം കാത്തെങ്കിലും പണം അക്കൗണ്ടിൽ വരാതായതോടെയാണ് നടന്നത് തട്ടിപ്പാണെന്ന് മനസ്സിലായത്. ഇതേത്തുടർന്ന് കടയുടമ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ മാസമാദ്യം സമാന രീതിയിൽ മറ്റൊരു വസ്ത്ര വ്യാപാര സ്ഥാപനത്തിലും തട്ടിപ്പ് നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button