Latest NewsNewsIndia

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയോട്‌ അപമര്യാദയായി പെരുമാറി; മലയാളിയായ പ്രിന്‍സിപ്പല്‍ അറസ്റ്റിലായി

ചെന്നൈ: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ മലയാളിയായ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ ചെന്നൈയിലെ വെഎംസിഎ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ് എബ്രഹാമിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കായിക മേഖലയില്‍ നിരവധി മത്സരങ്ങളില്‍ വിജയിയായിട്ടുള്ള അത്ലെറ്റ് കൂടിയാണ് ജോര്‍ജ്ജ് എബ്രാഹം. സൈദാപേട്ട് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇത് ആദ്യമായല്ല ജോര്‍ജ്ജ് എബ്രഹാം സമാനമായ കുറ്റകൃത്യങ്ങില്‍ ഏര്‍പ്പെടുന്നത്. ജിമ്മില്‍ വച്ചാണ് പ്രിന്‍സിപ്പല്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. ജോര്‍ജ്ജ് എബ്രഹാമിന്‍റെ പെരുമാറ്റം ചോദ്യം ചെയ്തതോടെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താനും തുടങ്ങിയതായി പൊലീസ് പറയുന്നു.

നടന്നത് ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതമുണ്ടാവുമെന്ന ഭീഷണി അവഗണിച്ച് പെണ്‍കുട്ടി മാനേജ്മെന്‍റിനോട് പരാതിപ്പെടുകയായിരുന്നു. മാര്‍ച്ച് 11നാണ് കോളേജ് മാനേജ്മെന്‍റ് പൊലീസില്‍ പരാതിപ്പെടുന്നത്.

പതിനെട്ട് വയസ് പൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ പ്രത്യേക പരിശീലനത്തിന്‍റെ പേരില്‍ ജിമ്മിലേക്ക് വിളിച്ചുവരുത്തി ജോര്‍ജ്ജ് എബ്രഹാം ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് മാനേജ്മെന്‍റ് പരാതിയില്‍ വിശദമാക്കുന്നത്. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ 22 കാരിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ചതിന് ജോര്‍ജ്ജിനെതിരെ കേസ് എടുത്തിരുന്നു. ഈ കേസില്‍ അറസ്റ്റ് ഒഴിവാക്കിയ ജോര്‍ജ്ജ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

ഇയാള്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയോട് ഫോണിലൂടെ സംസാരിക്കുന്നതിന്‍റെ ഓഡിയോ റെക്കോര്‍ഡ് അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കുടുംബാംഗങ്ങളുടെ പ്രതികരണം ഭയന്നാണ് വിദ്യാര്‍ത്ഥികളില്‍ വലിയൊരു പങ്ക് പരാതി നല്‍കാത്തതെന്നാണ് വിദ്യാര്‍ഥികള്‍ വിശദമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button