KeralaLatest NewsNewsLife StyleSex & Relationships

‘സ്ത്രീകൾ തങ്ങളുടെ ലൈംഗികതയെ ശരിയായി മനസിലാക്കുന്ന കാലം വരെയേ ഉള്ളൂ പുരുഷന്മാരുടെ ഈ തോന്ന്യവാസങ്ങൾ’: ശ്രീജിത്ത് പെരുമന

കൊച്ചി: ‘ഭർത്താവിന്റെ അവിഹിത/പരസ്ത്രീ ബന്ധം പൂർണമായും മാറ്റം, നിർത്താം. ഭർത്താവറിയാതെ. തികച്ചും പ്രകൃതിദത്തം. നൂറ് ശതമാനം ഫലം ഉറപ്പ്, പരീക്ഷിച്ച് തെളിഞ്ഞത്’ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു പരസ്യമാണിത്. ഈ പരസ്യവും ഇതിന് അഡ്വ. ശ്രീജിത്ത് പെരുമന നൽകുന്ന പ്രതികരണവും സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണെന്നും, പുരുഷന്മാർ വീമ്പടിക്കുന്ന ലൈംഗിക കാര്യങ്ങളിൽ പുരുഷന്മാരെ മലർത്തിയടിക്കാൻ പ്രകൃതി കഴിവ് നൽകിയിട്ടുള്ളവരാണ് സ്ത്രീകൾ എന്നും ശ്രീജിത്ത് പെരുമന തന്റെ പോസ്റ്റിൽ പറയുന്നു.

‘സ്ത്രീകൾ ലൈംഗിക ബന്ധത്തിന് മുൻകൈ എടുക്കുന്നത് ഒരു മോശപ്പെട്ട കാര്യമായി കരുതുന്ന ഒരു സമൂഹം നമ്മുടെ നാട്ടിൽ ഇപ്പോഴുണ്ട്. പ്രണയം തുറന്നു പറയാൻ പോലും പെൺകുട്ടികൾ മടിക്കുന്നതും അതുകൊണ്ടാണ്. എനിക്ക് സെക്സ് ഇഷ്ടമാണ് എന്നൊരു പെൺകുട്ടി പറഞ്ഞാൽ ഉടനെ അവളെ വെടി എന്ന് മുദ്ര കുത്താൽ ആളെത്തും.. ഇതെലാം ശരിയാവുന്ന വരെ ബന്ധപ്പെടുന്ന സമയത്ത് മനസ്സിൽ ഒരു ഫാന്റസി ആയി മാത്രം മറ്റുള്ള ബന്ധങ്ങൾ കൊണ്ടുനടക്കാൻ വിധിക്കപ്പെട്ടവരാണ് പലരും’, ശ്രീജിത്ത് പെരുമന ഫേസ്‌ബുക്കിൽ കുറിച്ചു.

ശ്രീജിത്ത് പെരുമനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

പ്രകൃതിദത്തമായി അവിഹിതം നിർത്തികൊടുക്കുന്ന നാട്ടിലെ പ്രബുദ്ധരോട് ഒരു കാര്യംകൂടി.., യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്. കാരണം പുരുഷന്മാർ വീമ്പടിക്കുന്ന ലൈംഗിക കാര്യങ്ങളിൽ പുരുഷന്മാരെ മലർത്തിയടിക്കാൻ പ്രകൃതി കഴിവ് നല്കിയിട്ടുള്ളവരാണ് സ്ത്രീകൾ. ഒരു ചെറിയ ഉദാഹരണം ക്ലിറ്റോറിസിൽ ഉള്ള നെർവ് എൻഡിങിങ്സിന്റെ എണ്ണം പുരുഷ ലിംഗത്തിൽ ഉള്ളതിന്റെ ഏതാണ്ട് ഇരട്ടിയാണ് ( ~ 8000). ഇനി ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ , എന്നാൽ സ്ത്രീകൾക്ക് ഒരേ സമയം പല തവണ രതിമൂർച്ഛ അനുഭവിക്കാൻ സാധിക്കും ( വിവാഹം കഴിച്ചവർ വൈബ്രേറ്റർ വാങ്ങുന്നത് എന്തിനാണ് എന്ന് ചില വിവരം കേട്ടവർ ചോദിക്കുന്നത് ഇക്കാര്യം അറിയാത്തത് കൊണ്ടാണ്). ഇതിന്റെ പിറകിൽ പരിണാമ കാരണങ്ങൾ ഉണ്ട്.

ഇത് നന്നായി മനസിലാക്കിയത് കൊണ്ടാണ് പുരുഷന്മാരും പുരുഷന്മാർ ഉണ്ടാക്കി കൊണ്ടുവന്ന മതങ്ങളും സാമൂഹിക സമ്പ്രദായങ്ങളും ലൈംഗിക കാര്യത്തിൽ സ്ത്രീകളെ തളച്ചിടാൻ നോക്കുന്നത്, അവരെ ബോഡി ഷെയിം ചെയ്യാൻ നോക്കുന്നത്. ഒരു പുരുഷനും ആയി ബന്ധപെട്ടു കഴിഞ്ഞ ഒരു സ്ത്രീയെ രണ്ടാം കിടയായി കാണാൻ സമൂഹത്തെ പഠിപ്പിക്കുന്നത്. കന്യകാത്വം എന്ന അസംബന്ധത്തെ പ്രചരിപ്പിക്കുന്നത്. സമൂഹത്തിന്റെ ഈ മനോഭാവമാണ് ഒരാളെ സ്നേഹിച്ചു, അയാളുടെ കൂടെ ബന്ധപെട്ടു, അയാൾ വിവാഹത്തിന് സമ്മതിച്ചില്ല എന്ന ഒരേ കാരണം കൊണ്ട് മിടുക്കിയായ ഒരു യുവതി ആത്മഹത്യാ ചെയ്തത്. ഒരു പെണ്ണ് ഇതുപോലെ ബന്ധപെട്ടിട്ട്‌ ഇട്ടിട്ടു പോയാൽ കൊണ്ട് എന്താണ് ആണുങ്ങൾ ആത്മഹത്യാ ചെയ്യാത്തത്? അവർ അക്കാര്യം വീമ്പിളക്കി നടക്കും. (സ്വകാര്യ കാരണങ്ങളാൽ ആത്മഹത്യകൾ ഉണ്ടാവാം, സമൂഹത്തിന്റെ കളിയാക്കലുകൾ കൊണ്ട് ഇതുപോലെ ആണുങ്ങൾ ചെയ്യില്ല എന്നാണ് ഞാൻ ഉദേശിക്കുന്നത്)

ഈ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം മനുഷ്യൻ പരിണമിച്ച് വന്നത് ഒരു പങ്കാളിയും ആയി കുംടുംബം നടത്താൻ അല്ല എന്നതാണ്. രതി, പ്രേമം ,കല്യാണം എന്നീ മൂന്നു കാര്യങ്ങൾ കൂട്ടിക്കുഴച്ച് അവിയൽ പരുവം ആക്കി നമ്മൾ നമ്മളെ തന്നെ പറ്റിക്കുന്ന ഒരു സമ്പ്രദായമാണ് ഇന്ന് നമ്മുടെ സമൂഹത്തിൽ നിലവിലുള്ളത്. പ്രേമിക്കുന്ന ആളെ തന്നെ വിവാഹം കഴിക്കണം, അയാളോട് മാത്രം രതിയിൽ ഏർപ്പെടണം എന്നതൊക്കെ മനുഷ്യൻ കൃഷി തുടങ്ങിയതിനു ശേഷം മാത്രം ഉണ്ടായി വന്നതാണ്. രതി ഒരു ശാരീരിക ആവശ്യം ആണ്, പ്രണയം എന്നാൽ അങ്ങിനെയല്ല. മതങ്ങളുടെയും സമൂഹങ്ങളുടെയും സോഷ്യൽ കണ്ടിഷനിംഗ് ആണ് പലപ്പോഴും നമ്മുടെ പ്രണയത്തെയും രതിയെയും വിവാഹത്തെയും ഇപ്പോൾ നിയന്ത്രിക്കുന്നത്, സ്വാഭാവിക പ്രകൃതിയല്ല.

വിവാഹം പ്രധാനമായും രണ്ടു കുടുംബങ്ങളോ സമുദായങ്ങളോ , ചിലപ്പോൾ രാജ്യങ്ങളോ തമ്മിലുള്ള ബന്ധം സ്ഥാപിക്കാന് ആയി കൊണ്ടുവന്ന ഒരു ഇടപാടാണ്. കുട്ടികളെ നോക്കുക എന്ന പ്രധാന കർത്തവ്യം ഒരു ഗോത്രത്തിൽ നിന്ന് ഒരു ചെറിയ കുടുംബത്തിലേക്ക് കൈമാറിവന്നപ്പോൾ ആണിനേയും പെണ്ണിനേയും ഒരു കുടുംബത്തിൽ ഒരുമിച്ചു നിർത്തുക എന്നത് വളരെ പ്രധാനപ്പെട്ട സംഗതിയായി വന്നു. അവിടെയാണ് വിവാഹവും പ്രണയവും ആളുകൾ കൂട്ടികുഴച്ചത്. പരസ്പരം പ്രേമം ഉള്ളവരാണ് കല്യാണം കഴിക്കേണ്ടത് എന്നും, കല്യാണം കഴിക്കുന്നവർ പരസ്പരം പ്രേമിക്കണം എന്നും ഉള്ള രണ്ടു പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ ഒരേ കയറിൽ കെട്ടി. അതിന്റെ ടെൻഷൻ പല ബന്ധങ്ങളിലും കാണാനും കഴിയും.

ലൈംഗികത ഒരു ശാരീരിക ആവശ്യം ആണെങ്കിൽ പ്രണയം അങ്ങിനെയല്ല. ലൈംഗികത ഇല്ലാതെ പോലും പ്രണയിക്കാൻ കഴിയും. പ്രണയം ഇല്ലാത്തവരുമായി ശാരീരികമായി ബന്ധപ്പെടാനും കഴിയും. വളരെ വർഷങ്ങളിലെ സോഷ്യൽ കണ്ടിഷനിംഗ് കൊണ്ട് പല സ്ത്രീകളും തങ്ങൾക്ക് പ്രേമം ഉള്ളവരോട് മാത്രമേ ശാരീരികമായി ഇഷ്ടം തോന്നുള്ളൂ എന്ന് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും, പുരുഷന്മാരോടൊപ്പം ജോലി ചെയ്യുകയും സമ്പാദിക്കുകയും ചെയ്യുന്ന, സ്വതന്ത്രമായി ചിന്തയ്ക്കാൻ തുടങ്ങിയ സ്ത്രീകളുടെ കാര്യത്തിൽ വർഷങ്ങൾ കഴിയുമ്പോൾ ഈ സ്ഥിതി മാറാനാണ് സാധ്യത. ഇപ്പോൾ തന്നെ മുമ്പത്തേക്കാൾ കൂടുതൽ സ്ത്രീകൾ സ്വാതന്ത്രമായി തനിക്ക് ഇഷ്ടപെട്ട ഒരു ബന്ധം വിവാഹത്തിന് പുറത്തു തന്നെ നിലനിർത്തികൊണ്ടുപോകാൻ ധൈര്യം കാണിച്ചു തുടങ്ങിയിട്ടുണ്ട്.
സ്ത്രീകൾ ലൈംഗിക ബന്ധത്തിന് മുൻകൈ എടുക്കുന്നത് ഒരു മോശപ്പെട്ട കാര്യമായി കരുതുന്ന ഒരു സമൂഹം നമ്മുടെ നാട്ടിൽ ഇപ്പോഴുണ്ട്. പ്രണയം തുറന്നു പറയാൻ പോലും പെൺകുട്ടികൾ മടിക്കുന്നതും അതുകൊണ്ടാണ്. എനിക്ക് സെക്സ് ഇഷ്ടമാണ് എന്നൊരു പെൺകുട്ടി പറഞ്ഞാൽ ഉടനെ അവളെ വെടി എന്ന് മുദ്ര കുത്താൽ ആളെത്തും.. ഇതെലാം ശരിയാവുന്ന വരെ ബന്ധപ്പെടുന്ന സമയത്ത് മനസ്സിൽ ഒരു ഫാന്റസി ആയി മാത്രം മറ്റുള്ള ബന്ധങ്ങൾ കൊണ്ടുനടക്കാൻ വിധിക്കപ്പെട്ടവരാണ് പലരും.

ഒരു പ്രധാന പ്രശ്നം ഉള്ളത് ഒരു സമൂഹം കുട്ടികളെ നോക്കുന്ന സമയം വരുന്ന വരെ തോന്നിയ പോലെ ബന്ധങ്ങളും ആയി നടന്നാൽ ഒരു അരാജകാവസ്ഥ സൃഷ്ഠിക്കപ്പെടില്ലേ എന്നതാണ്. ജനാധിപത്യം എന്ന് പറയുന്നതും ഒരു അരാജക വ്യവസ്ഥയാണ് എന്നോർക്കുക (രാജാവില്ലാത്ത അവസ്ഥ എന്ന് മാത്രമേ അരാജകാവസ്ഥ എന്നത് കൊണ്ട് അർത്ഥമാകുന്നുള്ളൂ, കേൾക്കുമ്പോൾ നമുക്ക് വല്ലാണ്ട് തോന്നുമെങ്കിലും ഭൂരിപക്ഷം ആളുകൾ കാര്യങ്ങൾ തീരുമാനിക്കുന്ന അരാജക വ്യവസ്ഥയായ ജനാധിപത്യമാണ് രാജ്യവ്യവസ്ഥയെക്കാൾ എന്തുകൊണ്ടും നല്ലത്).

പറഞ്ഞു വരുമ്പോൾ മനുഷ്യൻ ജീവശാസ്ത്രപരമായി polygamous ഉം (പല പങ്കാളികൾ ഉള്ളവർ) സാമൂഹികമായ കാരണങ്ങളാൽ monogamous (ഒരു പങ്കാളി മാത്രം ഉള്ളവർ) ഉം ആണ്. ഇതിന്റെ ഇടയിൽ ഉള്ള ഒരു ബാലൻ കെ നായർ ആണ് നമ്മുടെ എല്ലാം ജീവിതം. സ്ത്രീകൾ തങ്ങളുടെ ലൈംഗികതയെ ശരിയായി മനസിലാക്കുന്ന കാലം വരെയേ ഉള്ളൂ പുരുഷന്മാരുടെ ഈ തോന്ന്യവാസങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button