KeralaLatest News

ബ്രഹ്മപുരം തീപിടുത്തവും ആസൂത്രിതമെന്ന് സംശയം, ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെ ഇരുമ്പനത്ത് കണ്ടതായി രഹസ്യവിവരം: അന്വേഷണം

കൊച്ചി : കോഴിക്കോട് ട്രെയിൻ തീവയ്പു കേസിലെ പ്രതിയെന്നു സംശയിക്കുന്നയാളെ രണ്ടാഴ്ച മുൻപു തൃപ്പൂണിത്തുറ ഇരുമ്പനം പ്രദേശത്ത് കണ്ടതായി വിവരം. പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവന്നതോടെയാണ് ഇയാളോടു രൂപസാദൃശ്യമുള്ളയാളെ ഇരുമ്പനത്തു കണ്ടതായി വിവരം ലഭിച്ചത്. രഹസ്യ വിവരത്തെ തുടർന്ന് കേരള പൊലീസിന്റെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് (എടിഎസ്) തെളിവെടുപ്പു തുടങ്ങി.

ഇതോടെ ബ്രഹ്മപുരം തീപിടിത്ത കേസിലും കൂടുതൽ അന്വേഷണത്തിനു വഴിയൊരുക്കി. മാലിന്യക്കൂമ്പാരത്തിനു സ്വയം തീപിടിച്ചതാണെന്നും ആരോ തീകൊളുത്തിയതാണെന്നുമുള്ള വാദങ്ങൾ നിലനിൽക്കുന്നതിനിടയിലാണു കോഴിക്കോട് കേസിലെ പ്രതിയെന്നു സംശയിക്കുന്നയാളുടെ സാന്നിധ്യം ഇരുമ്പനത്ത് കണ്ടെത്തിയത്. ഇന്നലെയാണ് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ അക്രമി തീ വെച്ചത്. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം അക്രമി ഓടിരക്ഷപ്പെട്ടിരുന്നു. നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി എന്നയാളാണ് പ്രതി എന്ന് സൂചന കിട്ടിയതായി പൊലീസ് വ്യക്തമാക്കി. പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കി പുറത്തുവിട്ടിട്ടുണ്ട്.

ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസ് ട്രെയിനിൽ തീയിട്ട പ്രതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. പൊലീസ് പുറത്തുവിട്ട രേഖാചിത്രത്തിലെ ആളിനോട് സാമ്യമുള്ള വ്യക്തി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതേതുടർന്ന് പൊലീസ് സംഘം ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. കാലിന് പൊള്ളലേറ്റതിന് ചികിത്സ തേടിയാണ് ഇയാൾ ആശുപത്രിയിലെത്തിയത്.

അതേസമയം എലത്തൂരിലെ ട്രെയിനിൽ തീ വെച്ച സംഭവം 18 അം​ഗ സംഘം അന്വേഷിക്കും. എഡിജിപി അജിത് കുമാർ അന്വേഷണത്തിന് നേതൃത്വം നൽകും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി വിക്രമനാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ. ഇത് കൂടാതെ ക്രൈം ബ്രാഞ്ച് ലോക്കൽ പൊലീസ്, ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നിവയിൽ നിന്നും അന്വേഷണ മികവുള്ള ഉദ്യോ​ഗസ്ഥരെയാണ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിവൈഎസ്പി ബൈജു പൗലോസ്, കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ബിജുരാജ്, താനൂർ ഡിവൈഎസ്പി ബെന്നി എന്നിവരാണ് സംഘത്തിലുള്ളത്.

ഇത് കൂടാതെ റെയിൽവേ ഇൻസ്പെക്ടർമാർ, ലോക്കൽ സബ് ഇൻസ്പെക്ടർമാർ എന്നിവരെയെല്ലാം ഈ ടീമിൽ‌ ഉൾപ്പെടുത്തിയിട്ടുണ്ട്. മൊത്തം 18 അം​ഗ സംഘത്തിനെയാണ് പ്രത്യേക അന്വേഷണം ഏൽപിച്ചു കൊണ്ടുള്ള ഉത്തരവാണിപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button