Latest NewsArticleNewsEasterDevotionalSpirituality

ദുഃഖവെള്ളി ആചരിക്കുന്നതിന് പിന്നിലെ ചരിത്രം

യേശു കുരിശില്‍ മരിച്ച ദിനത്തെയാണ് ലോകമെമ്പാടുമുള്ള ക്രൈസ്‌തവ വിശ്വാസികൾ ദുഃഖ വെള്ളിയായി ആചരിക്കുന്നത്. ഈ ദിവസത്തിൽ ‍യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു.

യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച്, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിനു ശേഷം, മറ്റുള്ളവര്‍ക്കു വേണ്ടി പീഡനങ്ങൾ ഏറ്റുവാങ്ങി യേശു കുരിശില്‍ മരിച്ച ദിനമാണ് ദുഃഖവെള്ളിയായി ആചരിക്കുന്നത്.

ക്രിസ്തുമതത്തിന്റെ ആരംഭകാലത്ത്, ക്രിസ്തുവിന്റെ മരണത്തെക്കാളേറെ ഉയിര്‍ത്തെഴുന്നേല്പാണ് ഭക്തിപുരസ്സരം അനുസ്മരിക്കപ്പെട്ടിരുന്നത്. എന്നാല്‍, എ.ഡി. രണ്ടാം ശതകത്തില്‍, യേശുക്രിസ്തു കല്ലറയ്ക്കുള്ളില്‍ കഴിഞ്ഞ നാല്പതു മണിക്കൂറുകളുടെ ഓര്‍മയ്ക്കായി ക്രൈസ്തവര്‍ ഉപവാസം അനുഷ്ഠിച്ചിരുന്നു. എ.ഡി. 3-ആം ശതകത്തില്‍ ഈസ്റ്റര്‍ ആഘോഷം വെള്ളിയാഴ്ച ആരംഭിക്കുന്ന പതിവ് നിലവില്‍വന്നു. 6-ആം ശതകം വരെ റോമില്‍ വളരെ ലളിതമായ ചടങ്ങുകളോടെയാണ് ദുഃഖവെള്ളിയാഴ്ച ആചരിച്ചിരുന്നത്. ബൈബിള്‍ വായനയും പ്രാര്‍ഥനയും മാത്രമാണ് ഈ ചടങ്ങുകളില്‍ നടന്നിരുന്നത്. ആദിമക്രൈസ്തവരുടെ കാലം മുതല്‍ തന്നെ ദുഃഖവെള്ളി ആചരിച്ചു പോന്നിരുന്നു എന്നതിനു തെളിവുകളുണ്ട്.

എ.ഡി. നാലാം ശതകത്തില്‍ ജെറുസലേമിലെ ക്രൈസ്തവര്‍ ദുഃഖവെള്ളിയാഴ്ച ദിവസം രാവിലെ കാല്‍വരിയിലെത്തുകയും പീഡാനുഭവ വിവരണം ശ്രവിക്കുകയും ചെയ്തിരുന്നു. യേശുദേവന്‍ മരണം വരിച്ചതെന്നു കരുതപ്പെടുന്ന കുരിശിന്റെ അവശിഷ്ടത്തില്‍ വിശ്വാസികള്‍ ചുംബിക്കുകയും മൗനപ്രാര്‍ത്ഥന നടത്തുകയും പതിവാക്കി. ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ മൂന്ന് മണിവരെ ഇവര്‍ വീണ്ടും കാല്‍വരിയില്‍ സമ്മേളിക്കുകയും പ്രവാചകന്മാരുടെ പുസ്തകങ്ങളില്‍നിന്ന് കുരിശുമരണത്തെ സംബന്ധിക്കുന്ന ഭാഗങ്ങളും തിരഞ്ഞെടുക്കപ്പെട്ട സങ്കീര്‍ത്തനങ്ങളും വായിച്ചുകേള്‍ക്കുകയും ചെയ്തുവന്നു.

Read Also : ദുഃഖവെള്ളിയാഴ്ചയുടെ മതപരമായ പ്രാധാന്യം

ഏഴാം ശതകത്തോടുകൂടി ജെറുസലേമിലെ ആചാരങ്ങള്‍ റോമിലും നടപ്പാക്കപ്പെട്ടു. നൂറ്റിപ്പതിനെട്ടാം സങ്കീര്‍ത്തനം പാടുന്ന വേളയില്‍ വിശുദ്ധ കുരിശിന്റെ അവശിഷ്ടം ഘോഷയാത്രയായി ബസ്ലിക്കയിലേക്ക് കൊണ്ടുപോകുന്ന പതിവ് നിലനിന്നിരുന്നു. ഇപ്രകാരം വിശുദ്ധ കുരിശിനെ ആരാധിക്കുന്ന പതിവ് മറ്റു ദേശങ്ങളിലേക്കും പ്രചരിച്ചു. ‘കുരിശു കുമ്പിടീല്‍’ എന്നറിയപ്പെടുന്ന ഈ ആചാരത്തിന് ലത്തീന്‍ ആരാധനാക്രമത്തില്‍ ഇന്നും വളരെ പ്രാധാന്യമുണ്ട്. ചില കത്തോലിക്കാ ദേവാലയങ്ങളില്‍ വിശുദ്ധ കുരിശിന്റെ അവശിഷ്ടം സൂക്ഷിച്ചിട്ടില്ലാത്തതിനാല്‍ സാധാരണ മരക്കുരിശാണ് കുമ്പിടീലിനായി ഉപയോഗിച്ചിരുന്നത്. ക്രൂശിതനായ യേശുവിന് കുടിക്കുവാന്‍ പുളിച്ച വീഞ്ഞ് നല്കിയതിന്റെ ഓര്‍മയ്ക്കായി വിശ്വാസികള്‍ കയ്പുവെള്ളം കുടിക്കുന്ന പതിവുമുണ്ടായിരുന്നു. ക്രമേണ ദുഃഖവെള്ളിയാഴ്ച ചടങ്ങുകളുടെ വൈവിധ്യം വര്‍ധിച്ചു.

പുരാതനകാലത്ത് ദേവാലയങ്ങളില്‍ ദുഃഖവൈള്ളിയാഴ്ച ദിവസം ശുശ്രൂഷ നടത്തുന്ന പതിവില്ലായിരുന്നു. എ.ഡി. എട്ടാം ശ.-ത്തോടുകൂടി അന്നേദിവസം കുര്‍ബാന സ്വീകരിക്കുവാന്‍ തത്പരരായ വ്യക്തികള്‍ക്ക് അതിനുള്ള അനുവാദം ലഭിച്ചിരുന്നു. പില്ക്കാലത്ത്, തിരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം കുര്‍ബാന കൊള്ളുവാന്‍ അനുവദിക്കുന്ന രീതി ആരംഭിച്ചു. മധ്യകാലഘട്ടത്തില്‍, പുരോഹിതന്‍ കുര്‍ബാന സ്വീകരിക്കുകയും, ദിവ്യബലി പെസഹാ വ്യാഴാഴ്ച വൈകുന്നേരം അര്‍പ്പിക്കുകയും ചെയ്യുന്ന പതിവ് നിലവില്‍വന്നു. ക്രമേണ, ബൈബിള്‍ പാരായണം, പ്രാര്‍ഥന, കുരിശു കുമ്പിടീല്‍, പ്രത്യേക ശുശ്രൂഷ തുടങ്ങിയവയെല്ലാം ദുഃഖവെള്ളിയാഴ്ച രാവിലെ നടത്തിത്തുടങ്ങി.

എ.ഡി. 16-ാം ശതകത്തോടുകൂടി കുരിശിന്റെ വഴി ആസ്പദമാക്കിയിട്ടുള്ള ധ്യാനവും ക്രിസ്തുവിന്റെ അന്ത്യവചനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മൂന്നുമണിക്കൂര്‍ ആരാധനയും ആരംഭിച്ചു. ക്രിസ്തുവിന്റെ അന്ത്യവചനത്തെ ആസ്പദമാക്കിയുള്ള പ്രാര്‍ഥനയ്ക്ക് പ്രൊട്ടസ്റ്റന്റ് ദേവാലയങ്ങളില്‍ വളരെ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. സാധാരണയായി ഉച്ചയ്ക്കുശേഷമാണ് ഈ പ്രാര്‍ഥന നടക്കുന്നത്.

ദുഃഖവെള്ളിയാഴ്ചദിവസം ഉപവാസമനുഷ്ഠിക്കുന്ന പതിവ് സാധാരണമാണ്. ഉച്ചയ്ക്ക് പള്ളിമണികള്‍ മുഴങ്ങുന്നതോടെ പ്രത്യേക ശുശ്രൂഷ ആരംഭിക്കുന്നു. സ്തോത്രങ്ങള്‍, ഉപക്രമ പ്രസംഗം, ലഘു പ്രാര്‍ഥന എന്നിവയോടുകൂടിയാണ് ശുശ്രൂഷ ആരംഭിക്കുന്നത്. സ്തോത്രങ്ങള്‍ക്കുശേഷം സുവിശേഷവായനയും നടക്കുന്നു. ‘എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത്’ എന്നര്‍ഥമുള്ള ‘എലോഹീ, എലോഹീ, ലമ്മാ ശബ്ബക്താനീ’ എന്ന യേശുക്രിസ്തുവിന്റെ അന്ത്യവചനത്തിലെ ഓരോ വാക്കും കേന്ദ്രീകരിച്ച് പ്രസംഗങ്ങളും പ്രാര്‍ഥനയും നടക്കുന്നു. ഓരോ വാക്കിനെച്ചൊല്ലിയുള്ള പ്രാര്‍ഥനയ്ക്കുശേഷവും അല്പനേരം മൗനമാചരിക്കുന്നു. ഒരു വാക്കിനായി ഉദ്ദേശം ഇരുപത് മിനിറ്റ് സമയം നീക്കിവയ്ക്കുന്നു. മൂന്നുമണിയോടുകൂടി ശുശ്രൂഷ അവസാനിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button