KeralaLatest News

ജയിലുകളിൽ പുറത്തുനിന്നുള്ള സംഘങ്ങളെത്തി നടത്തുന്ന മതപരമായ ചടങ്ങുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

തിരുവനന്തപുരം: ജയിലുകളിൽ പുറത്തുനിന്നുള്ള സംഘങ്ങളെത്തി നടത്തുന്ന മതപരമായ ചടങ്ങുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ ഉത്തരവിട്ടതിന് പിന്നാലെ കെസിബിസി അധ്യക്ഷൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. കർദ്ദിനാൾ ക്ലിമിസ് കാത്തോലിക്ക ബാവ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് തിരുത്തിയത്. വിശുദ്ധ വാരത്തിൽ വന്ന നിയന്ത്രണം പിൻവലിക്കണം എന്ന് കർദ്ദിനാൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ജയിൽ വകുപ്പ് തീരുമാനം പിൻവലിച്ചതോടെ വെള്ളിയാഴ്ച്ച നടത്താൻ ഇരുന്ന പ്രതിഷേധ പരിപാടി മാറ്റി എന്ന് ക്രൈസ്തവ സഭാ കൂട്ടായ്മ ആക്ട്സ് വ്യക്തമാക്കി.

സംസ്ഥാനത്തെ ജയിലുകളിൽ മത സംഘടനകൾക്ക് പ്രവേശനം ഉണ്ടായിരുന്നു. തടവുപുള്ളികൾക്ക് ആധ്യാത്മിക ക്ലാസുകൾ നൽകിയിരുന്നു. ഇനി ഇത്തരം സംഘടനകൾക്ക് പ്രവേശനം നൽകേണ്ടെന്നായിരുന്നു ജയിൽ മേധാവിയുടെ ഉത്തരവ്. ഇതിന് പിന്നിൽ ചില കാരണങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ എന്താണ് കാരണമെന്ന് വ്യക്തമാക്കിയിരുന്നില്ല. സംഭവം വാർത്തയായതിന് പിന്നാലെ പ്രതിഷേധവും ഉയർന്നിരുന്നു.

പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി ജയിൽ മേധാവി തന്നെ രംഗത്ത് വന്നു. ആധ്യത്മിക ക്ലാസുകൾ പൂർണമായും നിർത്താൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും ആദ്യാത്മിക ക്ലാസുകൾക്കൊപ്പം മോട്ടിവേഷൻ ക്ലാസുകൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നാണ് നിർദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. കല, കായിക, സാംസ്കാരിക, മാധ്യമ രംഗങ്ങളിൽ നിന്നുള്ള കൂടുതൽ പേരെ പാനലിൽ ഉൾക്കൊള്ളിക്കണം എന്ന് ജയിൽ സൂപ്രണ്ടുമാർക്ക് നിർദ്ദേശം നൽകി. വർഷങ്ങളായി ഒരേ രൂപത്തിൽ നടക്കുന്ന കാര്യത്തിൽ മാറ്റം വരുത്താനാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button