Latest NewsIndia

ആദ്യം മുഖംമൂടി ധരിച്ചെത്തിയവർ കൊന്നെന്ന് പറഞ്ഞു, ഒടുവിൽ കുറ്റസമ്മതം: 4 സൈനികരെ ഉറക്കത്തിൽ കൊലപ്പെടുത്തിയ ഗാർഡിന്റെ മൊഴി

ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ നാലു സൈനികരെ വെടിവെച്ചുകൊലപ്പെടുത്തിയതിന് പിന്നിൽ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് നിർബന്ധിച്ചതിന്റെ വിരോധമെന്ന് പഞ്ചാബ് പൊലീസിലെ ഉന്നത വൃത്തങ്ങൾ സിഎൻഎൻ-ന്യൂസ് 18നോട് വെളിപ്പെടുത്തി. ഏപ്രിൽ 12നാണ് സൈനിക കേന്ദ്രത്തിനുള്ളിൽ നാലു സൈനികർ ഇൻസാസ് റൈഫിളിൽ നിന്ന് വെടിയേറ്റ് മരിച്ചത്.

‌സംഭവം നടന്ന ആർട്ടിലറി യൂണിറ്റിലാണ് മോഹൻ ദേശായിയും സേവനമനുഷ്ഠിച്ചിരുന്നത്. ഇൻസാസ് റൈഫിൽ ഉപയോഗിച്ച് കൊല നടത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ മോഹൻ ദേശായി സമ്മതിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ തന്നെ, കൊല വ്യക്തിപരമായ കാരണങ്ങളാലാണെന്ന് കണ്ടെത്തിയിരുന്നു. മോഹൻ ദേശായിയുടെ മൊഴി ഇങ്ങനെ- ഏപ്രിൽ 9ന് രാവിലെ വെടിയുണ്ടകൾ നിറച്ച റൈഫിൽ മോഷ്ടിക്കുകയായിരുന്നു. അതിനുശേഷം ആയുധം ഒളിപ്പിച്ചു. ഏപ്രിൽ 12ന് രാവിലെ നാലരയോടെ ഒന്നാം നിലയിലെത്തി ഉറങ്ങിക്കിടന്ന നാലുപേരെയും വെടിവെച്ചു കൊല്ലുകയായിരുന്നു.

കുറ്റവാളിയായ മോഹൻ ദേശായി ഒരു ഇൻസാസ് റൈഫിളും തിരകളും ലൈറ്റ് മെഷീൻ ഗണ്ണിന്റെ എട്ട് ബുള്ളറ്റുകളും മോഷ്ടിച്ചതായി തിങ്കളാഴ്ച വാർത്താസമ്മേളനം നടത്തിയ ഭട്ടിൻഡ സീനിയർ പൊലീസ് സൂപ്രണ്ട് ഗുൽനീത് സിംഗ് പറഞ്ഞു. വെടിയുതിർത്ത ശേഷം ദേശായി റൈഫിളും ഏഴ് വെടിയുണ്ടകളും കന്റോൺമെന്റിനുള്ളിലെ മലിനജല കുഴിയിലേക്ക് എറിഞ്ഞു. കുഴിയിൽ നിന്ന് ആയുധങ്ങളും തിരകളും കണ്ടെത്തിയിട്ടുണ്ട്. നിരന്തരമായി ലൈംഗിക ആവശ്യത്തിനായി നിർബന്ധിക്കുന്നതിൽ അറസ്റ്റിലായ ഗണ്ണർ മോഹൻ ദേശായി, കടുത്ത വിഷാദത്തിലായിരുന്നുവെന്ന് അവകാശപ്പെട്ടിരുന്നു .

ആന്ധ്രാപ്രദേശ് സ്വദേശിയായ ദേശായി വെടിവെപ്പിന് താൻ സാക്ഷിയാണെന്ന് നേരത്തെ അവകാശപ്പെട്ടിരുന്നു. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. മുഖംമൂടി ധരിച്ച രണ്ട് പേർ കുർത്ത പൈജാമ ധരിച്ച് ഒരു കൈയിൽ മഴുവും മറുകൈയിൽ റൈഫിളും പിടിച്ച് സൈനികർക്ക് നേരെ വെടിയുതിർക്കുന്നത് താൻ കണ്ടതായാണ് ദേശായി ആദ്യം മൊഴി നൽകിയത്. കസ്റ്റഡിയിലുള്ള ദേശായിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ച് മനസിലാക്കുകയാണ് പൊലീസ് ഇപ്പോൾ. ചില മാധ്യമ റിപ്പോർട്ടുകളിൽ പറഞ്ഞതുപോലെ ഇതൊരു ഭീകരാക്രമണമല്ലെന്ന് ഉന്നത പൊലീസ് വൃത്തങ്ങളും വ്യക്തമാക്കി.

ഇത്തരം അച്ചടക്കരാഹിത്യം കാണിക്കുന്ന നടപടികളോട് സഹിഷ്ണുത കാണിക്കില്ലെന്നും കുറ്റവാളികൾ നിയമപ്രകാരം ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കി. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുന്നതിന് പഞ്ചാബ് പൊലീസിനും മറ്റ് ഏജൻസികൾക്കും സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും സൈന്യം വ്യക്തമാക്കി.

shortlink

Post Your Comments


Back to top button