KeralaLatest News

‘തീറ്റമത്സരവും കമ്പവലി മത്സരവും മാത്രമാണ് ഡിവൈഎഫ്ഐ ചെയ്യുന്ന സാമൂഹിക പ്രവർത്തനം’: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഡിവൈഎഫ്ഐെയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തീറ്റമത്സരവും കമ്പവലി മത്സരവും മാത്രമാണ് ഇപ്പോൾ ഡിവൈഎഫ്ഐ ചെയ്യുന്ന സാമൂഹിക പ്രവർത്തനങ്ങളെന്ന് സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ നടക്കുന്ന അഴിമതിയും യുവജന കമ്മിഷനടക്കം നടത്തുന്ന കൊള്ളകളും കരാർ നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്താനുള്ള ധൈര്യം പോലും ഡിവൈഎഫ്ഐയ്‌ക്ക് ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് അങ്ങോട്ടു പോകാൻ അവരുടെ മുട്ടിടിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ‘യുവം’ പരിപാടിയെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് സുരേന്ദ്രൻ ഡിവൈഎഫ്ഐയെ പരിഹസിച്ചത്.

‘ഡിവൈഎഫ്ഐ യുവം പരിപാടിക്ക് എതിരായി എന്തോ നടത്താൻ പോകുന്നുവെന്ന് കേട്ടു. യുവം പരിപാടിക്ക് എതിരെ എന്തെങ്കിലും ചെയ്യുന്നതിനു പകരം ഏറ്റവും ചുരുങ്ങിയത് ആ പിണറായി വിജയനെ കണ്ട് ഇവിടെ നടക്കുന്ന അഴിമതി, യുവജന കമ്മിഷനടക്കം നടത്തുന്ന കൊള്ളകൾ, കരാർ നിയമനം, പിൻവാതിൽ നിയമനം തുടങ്ങിയവയ്ക്കെതിരെ നിവേദനം നൽകുകയല്ലേ വേണ്ടത്? അങ്ങോട്ടു ചെല്ലാൻ അവർക്ക് മുട്ടിടിക്കും.

ഇപ്പോൾ ഡിവൈഎഫ്ഐ ആകെ ചെയ്യുന്നത് എന്താണ്? കുറേ സ്ഥലങ്ങളിൽ ഞങ്ങൾ ചോറു കൊടുക്കുന്നു എന്നു പറയുന്നു. കുറേ സ്ഥലത്ത് തീറ്റ മത്സരം സംഘടിപ്പിക്കുന്നു. കമ്പവലി, തീറ്റമത്സരം.. ഇതൊക്കെയാണ് ഇപ്പോൾ ഡിവൈഎഫ്ഐക്കാരുടെ പ്രധാന സാമൂഹിക പ്രവർത്തനം. ഇതല്ലാതെ എന്തെങ്കിലും കാര്യം അവർ ചെയ്യുന്നുണ്ടോ? ഇത്രയും നിലവാരത്തകർച്ചയിലേക്ക് നമ്മുടെ സമൂഹത്തെ കൊണ്ടുപോകണോ എന്നാണ് ഞങ്ങൾ ചോദിക്കുന്നത്.

‘യുവം’ പരിപാടിയിലേക്ക് യുവജന സംഘടനകളെ ക്ഷണിക്കുന്നില്ല. പക്ഷേ, വിവിധ യുവജന സംഘടനകളിൽപ്പെട്ട യുവാക്കളെ ക്ഷണിക്കുന്നുണ്ട്. കാരണം, ഇത്രയും നെഗറ്റീവ് പ്രചരണം നടത്തുന്ന ആളുകളെ എന്തിനാണ് അതിനകത്തു വിളിച്ചു കൊണ്ടുവരുന്നത്? പന്ന്യൻ രവീന്ദ്രന്റെ മകൻ മാത്രമല്ല, കടുത്ത ഡിവൈഎഫ്ഐ പ്രവർത്തകർ പോലും വന്ദേഭാരത് കടന്നുപോകുന്നത് പങ്കുവച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ പരിശോധിച്ചാൽ ഇതു മനസ്സിലാകും. ഇവിടെ നേതാക്കൻമാർക്കു മാത്രമാണ് ഈ വെപ്രാളവും വേവലാതിയും. സാധാരണ പ്രവർത്തകർക്കെല്ലാം നരേന്ദ്ര മോദിയാണ് നല്ലത്, നരേന്ദ്ര മോദിയുടെ ഭരണമാണ് നല്ലത് എന്ന നിലപാടാണ്. പ്രതിപക്ഷത്തായതുകൊണ്ട് അത് പരസ്യമായി പറയാനാകില്ലെന്നേയുള്ളൂ’ – സുരേന്ദ്രൻ പറഞ്ഞു.

‘യുവം’ പരിപാടിയിൽ അനിൽ ആന്റണി പങ്കെടുക്കുമോ എന്ന ചോദ്യത്തിന്, ‘വേദി പങ്കിടുന്ന പ്രമുഖ വ്യക്തികളെക്കുറിച്ചും മറ്റും പിന്നീട് അറിയിക്കാം’ എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. ലോക്സഭാ തിരഞ്ഞെടുപ്പിൽ എത്ര സീറ്റാണ് കേരളത്തിൽനിന്ന് പ്രതീക്ഷിക്കുന്നതെന്ന ചോദ്യത്തിന്, ‘‘തിരഞ്ഞെടുപ്പ് വരുന്നതല്ലേയുള്ളൂ. ഇപ്പോൾത്തന്നെ സീറ്റുകളുടെ കാര്യമൊക്കെ പറയണോ? ഞങ്ങൾ 20 സീറ്റിലും മത്സരിക്കാനിരിക്കുകയാണ്’’ എന്നും സുരേന്ദ്രൻ മറുപടി നൽകി. ഇത്തവണ താങ്കൾ രണ്ടു സീറ്റിലും മത്സരിക്കുമോ എന്നു ചോദിച്ചപ്പോൾ, ഞാൻ മൂന്നിലും മത്സരിക്കും. അതു ചോദിക്കാൻ നിങ്ങൾക്ക് എന്താണ് അവകാശമെന്നായിരുന്നു സുരേന്ദ്രന്റെ മറുചോദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button