KeralaLatest News

മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു: ഷിഹാബിനെ പിരിച്ചു വിട്ടത് മാമ്പഴ മോഷണത്തിന് മാത്രമല്ല

കോട്ടയം:  കാഞ്ഞിരപ്പള്ളിയില്‍ വഴിയോര പഴക്കടയില്‍ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ കൂട്ടിക്കല്‍ പുതുപ്പറമ്പില്‍ പി.വി. ഷിഹാബിനെതിരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി. മാങ്ങ മോഷ്ടിച്ചിട്ടില്ലെന്ന മറുപടിയാണ് ശിഹാബ് നൽകിയത്. ഷിഹാബിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് എസ്പി വിയു കുര്യാക്കോസ് അറിയിച്ചു.

മോഷണത്തിനു പുറമേ ഷിഹാബിനെതിരെ മറ്റ് ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പിരിച്ചുവിടല്‍ നടപടി. അതേസമയം, കച്ചവടക്കാരന്‍ തനിക്ക് പരാതിയില്ലെന്ന് കാണിച്ച് കാഞ്ഞികപ്പള്ളി ഒന്നാം ക്ലാസ് മജിസ്‌ട്രേററ് കോടതിയില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് പൊലീസുകാരന് എതിരായ കേസ് ഒത്തു തീര്‍പ്പായിരുന്നു.

നേരത്തെ കാരണം കാണിക്കല്‍ നോട്ടിസ് എസ്പി ഷിഹാബിന് കൈമാറിയിരുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. മറുപടി കിട്ടിയശേഷം അന്തിമ നടപടിയുണ്ടാകും. 2022 സെപ്റ്റംബര്‍ 30നാണു കേസിന് ആസ്പദമായ സംഭവം. കോട്ടയത്തുനിന്ന് ജോലികഴിഞ്ഞു വരുന്ന വഴിയാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ ഷിഹാബ് കാഞ്ഞിരപ്പളളി റോഡരികിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്.

യൂണിഫോമിലെത്തിയാണ് ഷിഹാബ് മോഷണം നടത്തിയത്. രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴം കവര്‍ച്ച ചെയ്യപ്പെട്ടതായി മനസിലാകുന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവം പുറംലോകം അറിയുകയായിരുന്നു. ഇതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോയി. കടയുടമ ദൃശ്യമടക്കം നല്‍കിയ പരാതിയില്‍ പൊലീസുകാരനെതിരെ കേസെടുക്കുകയും തുടര്‍ന്ന് ഷിഹാബിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button