KeralaCinemaLatest NewsNewsBollywoodEntertainment

‘ഇതാ മറ്റൊരു കേരള സ്റ്റോറി’: വിവാദങ്ങൾക്കിടെ വീഡിയോ പങ്കുവച്ച് റഹ്‍മാന്‍

ചെന്നൈ: മലയാളിയുടെ മതസൗഹാര്‍ദ്ദത്തിന് തെളിവായ ഒരു വിവാഹത്തിന്‍റെ വീഡിയോ പങ്കുവച്ച് സംഗീത സംവിധായകൻ എ ആര്‍ റഹ്‍മാന്‍. കായംകുളം ചേരാവള്ളി മുസ്‍ലിം ജമാഅത്ത് ഹിന്ദു ആചാരപ്രകാരം പള്ളി പരിസരത്ത് വച്ച് നടത്തിക്കൊടുത്ത വിവാഹത്തിന്‍റെ വീഡിയോയാണ് ട്വിറ്ററിലൂടെ റഹ്‍മാന്‍ പങ്കുവച്ചത്. ‘അഭിനന്ദനങ്ങള്‍, മനുഷ്യസ്നേഹം എന്നത് ഉപാധികളില്ലാത്തതും സാന്ത്വനിപ്പിക്കുന്നതുമായിരിക്കണം’, വീഡിയോയ്ക്കൊപ്പം റഹ്‍മാന്‍ ട്വീറ്റ് ചെയ്തു.

2020 ജനുവരി 19 ന് ആണ് കായംകുളം ചേരാവള്ളി മസ്ജിദില്‍ വച്ച് ഹൈന്ദവാചാരപ്രകാരം ഒരു വിവാഹം നടന്നത്. പള്ളിയുടെ സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പരേതനായ അശോകന്‍റെയും ബിന്ദുവിന്‍റെയും മകളായ അഞ്ജുവിന്‍റെ വിവാഹമാണ് ജമാഅത്ത് കമ്മിറ്റി ഏറ്റെടുത്ത് നടത്തിക്കൊടുത്തത്. ഇതിന്റെ വീഡിയോ ആണ് റഹ്‌മാൻ ഇപ്പോൾ തന്റെ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. ദി കേരള സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾക്കിടെ ഈ വീഡിയോ പങ്കുവെച്ചതിലൂടെ നല്ലൊരു സന്ദേശമാണ് റഹ്‌മാൻ നൽകുന്നതെന്ന് ട്വിറ്റര് ഉപഭോക്താക്കൾ പറയുന്നു.

2019 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അശോകന്‍ മരണപ്പെട്ടിരുന്നു. മൂത്ത മകളായ അഞ്ജുവിന്‍റെ വിവാഹം നടത്താന്‍ മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോഴാണ് ബിന്ദു പള്ളിക്കമ്മറ്റിയെ സമീപിച്ചത്. വിവാഹത്തിന് സഹായം നൽകാമെന്നല്ല ബിന്ദുവിനോട് പള്ളിക്കമ്മറ്റി അം​ഗങ്ങൾ പറഞ്ഞത്, വിവാഹത്തിന്റെ എല്ലാ ചെലവുമുൾപ്പെടെ ആഘോഷപൂർവ്വം നടത്തിത്തരാമെന്നാണ്. ക്ഷണക്കത്ത് മുതൽ ഭക്ഷണവും ആഭരണങ്ങളും ഉൾപ്പെടെ ജമാഅത്ത് ആണ് ഒരുക്കിയത്. പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും തുടങ്ങി വിവാഹത്തിന് വേണ്ട മുഴുവന്‍ ചെലവുകളും പള്ളി കമ്മിറ്റിയാണ് വഹിച്ചത്. പുറമെ വരന്റെയും വധുവിന്റെയും പേരില്‍ രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തു കമ്മിറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button