KeralaLatest NewsNews

എന്താണ് ഫ്യുവൽ സർചാർജ്: വിശദീകരണവുമായി കെഎസ്ഇബി

തിരുവനന്തപുരം: എന്താണ് ഫ്യുവൽ സർച്ാർജെന്ന് വിശദമാക്കി കെഎസ്ഇബി. കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ 25.01.2023 ൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 2023 ഫെബ്രുവരി മുതൽ മെയ് വരെയുള്ള വൈദ്യുതോപയോഗത്തിന് എല്ലാ വിഭാഗം ഉപഭോക്താക്കളിൽ നിന്നും യൂണിറ്റിന് 9 പൈസ നിരക്കിൽ ഇന്ധന സർചാർജ് സ്വീകരിക്കുവാനുള്ള അനുമതി കെഎസ്ഇബിക്ക് നൽകിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഫ്യുവൽ സർചാർജ് എന്ന പേരിൽ വൈദ്യുതി ബില്ലിൽ ഒരു തുക കാണുന്നതെന്ന് കെഎസ്ഇബി പറഞ്ഞു. 1000 വാട്ട്‌സിനു താഴെ കണക്റ്റഡ് ലോഡും 40 യൂണിറ്റിനു താഴെ പ്രതിമാസ ഉപയോഗവുമുള്ള ഉപഭോക്താക്കളെ ഇന്ധന സർചാർജിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Read Also: നാണക്കേട് മൂലം വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റുന്നില്ല: ജൂഡിന്റെ ആരോപണത്തിൽ തെളിവുനിരത്തി ആന്റണി പെപ്പെ

എന്തുകൊണ്ട് താരിഫിന് പുറമേ ഇന്ധന സർചാർജ് വരുന്നു എന്ന കാര്യത്തിലും കെഎസ്ഇബി വിശദീകരണം നൽകിയിട്ടുണ്ട്. ഉത്പാദന, പ്രസരണ, വിതരണ സ്ഥാപനങ്ങളുടെ ചെലവും, വരുമാനവും എല്ലാം കേന്ദ്ര-സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനുകളുടെ നിഷ്പക്ഷ നിയന്ത്രണ പരിശോധനകൾക്കും നിഷ്‌കർഷകൾക്കും വിധേയമാണ്. വിവിധ ഉത്പാദന പ്രസരണ വിതരണ സ്ഥാപനങ്ങളുടെ താരിഫ് നിശ്ചയിക്കുന്നത് മേൽപ്പറഞ്ഞ റെഗുലേറ്ററി കമ്മീഷനുകളാണ്. ഇതിന്റെ ഭാഗമായി കെഎസ്ഇബി ഉൾപ്പെടെയുള്ള വൈദ്യുതി വിതരണ കമ്പനികൾ നിശ്ചിത കാലയളവിലേക്കുള്ള മൊത്തം റെവന്യൂ ആവശ്യകത (Aggregate Revenue Requirement – ARR) മുൻകൂർ തയ്യാറാക്കി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മുമ്പാകെ സമർപ്പിക്കേണ്ടതുണ്ട്. ഏതെല്ലാം സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി വാങ്ങാൻ ഉദ്ദേശിക്കുന്നു, അവ ഓരോന്നിനും പ്രതീക്ഷിക്കുന്ന ചെലവ് എന്നിവ കൂടാതെ ജീവനക്കാരുടെ ചെലവ്, ഭരണപരമായ ചെലവുകൾ, പൊതു ചെലവുകൾ എന്നിങ്ങനെ എല്ലാ വിവരങ്ങളും സാമാന്യ തത്വങ്ങളുടെയും മുൻ അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ കണക്കാക്കി ARR-ൽ ഉൾപ്പെടുത്തും. ഇത് വിശദമായി പരിശോധിച്ച്, പൊതുജനങ്ങൾക്കും ഉപഭോക്താക്കൾക്കും പറയാനുള്ളതും കേട്ടതിനു ശേഷമാണ് റെഗുലേറ്ററി കമ്മീഷൻ വരും വർഷങ്ങളിലേക്ക് വൈദ്യുതി നിരക്ക് അനുവദിച്ച് നൽകുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും, യഥാർത്ഥ സാഹചര്യത്തിൽ മുൻകൂട്ടി കണക്കാക്കിയ ചെലവുകളിൽ നിന്നും ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമാണ്. ഉദാഹരണത്തിന്, ARR തയ്യാറാക്കുമ്പോൾ വരും വർഷങ്ങളിൽ സാധാരണ നിലയിൽ മഴയും നീരൊഴുക്കും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും ഏകദേശം 7000 ദശലക്ഷം യൂണിറ്റ് (MU) ആഭ്യന്തര ജലവൈദ്യുതി പദ്ധതികളിൽനിന്നും ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചു എന്നും കരുതുക. ബാക്കിയുള്ള ആവശ്യകതയിൽ 11,000 MU കേന്ദ്ര നിലയങ്ങളിൽ നിന്നും 10,000 MU മറ്റ് സ്രോതസ്സുകളിൽനിന്നും കണ്ടെത്താം എന്ന വിധത്തിൽ ആകും ചെലവ് കണക്കാക്കിയിട്ടുണ്ടാവുക. എന്നാൽ വാസ്തവത്തിൽ ആ വർഷം പ്രതീക്ഷിച്ച മഴയും നീരൊഴുക്കും ലഭിച്ചില്ല എങ്കിൽ ജലവൈദ്യുതോത്പാദനത്തിൽ കുറവുണ്ടാകാം. അപ്പോൾ ആ കുറവ്, ചെലവ് കൂടിയ താപ നിലയങ്ങളിൽ നിന്നുമാകും കണ്ടെത്തേണ്ടി വരിക. മറ്റൊരു സാഹചര്യം, ബാഹ്യ ഘടകങ്ങൾ (ഉദാ: ആഭ്യന്തര കൽക്കരിയുടെ ലഭ്യതയിൽ കുറവ് വരുമ്പോൾ ഉയർന്ന വിലയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ നിന്ന് കൽക്കരി വങ്ങേണ്ടി വരിക) കാരണം വിപണിയിൽ വൈദ്യുതിയുടെ വില ഉയരുന്നതാണ്. ഇങ്ങനെ നിരവധി കാരണങ്ങളാൽ ARRൽ പ്രതീക്ഷിച്ചതിലും അധികമായി ചെലവ് വർദ്ധിക്കാം.

സാധാരണഗതിയിൽ ARR കണക്കുകളിൽ നിന്ന് ചെലവിലുണ്ടായിട്ടുള്ള വ്യതിയാനങ്ങൾ വർഷാവസാനം ട്രൂ-അപ്പ് ഘട്ടത്തിൽ ആകും റെഗുലേറ്ററി കമ്മീഷൻ പരിഗണിക്കുക. എന്നാൽ, വൈദ്യുതി വാങ്ങൽച്ചെലവിലും ഇന്ധനച്ചെലവിലും വ്യതിയാനം ഉണ്ടെങ്കിൽ ഇന്ധന സർചാർജ് അപേക്ഷകളിലൂടെ ത്രൈമാസ ക്ലെയിമുകൾ സമർപ്പിക്കണം എന്നാണ് നിയമം അനുശാസിക്കുന്നത്. റെഗുലേറ്ററി കമ്മീഷൻ മുൻകൂട്ടി വിജ്ഞാപനം ചെയ്തിട്ടുള്ള ഫോർമുല അനുസരിച്ചായിരിക്കും ഈ അപേക്ഷകളിൽ തീരുമാനം ഉണ്ടാവുകയെന്നും കെഎസ്ഇബി അറിയിച്ചു.

2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നുമാസ കാലയളവിൽ കെഎസ്ഇബിക്ക് വൈദ്യുതി വാങ്ങൽ ഇനത്തിൽ അധികമായി ചെലവായ 87.07 കോടി രൂപ അനുവദിച്ച് കിട്ടണം എന്ന് കണക്കുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കി KSEB സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകിയിരുന്നു. ഇന്ധന വിലയിൽ വന്ന വർദ്ധന, ലഭ്യമായ ഇന്ധനത്തിന്റെ ഗുണനിലവാരം, ഇന്ധനം സ്രോതസ്സിൽ നിന്ന് നിലയത്തിലേക്ക് എത്തിക്കാൻ വേണ്ടിവന്ന അധിക തുക എന്നിവ പരിഗണിച്ച് ആവശ്യം ന്യായമെന്ന് കണ്ടെത്തിയ കമ്മീഷൻ ഇന്ധന സർച്ചാർജ്ജ് ആയി ഫെബ്രുവരി മുതൽ മേയ് വരെയുള്ള കാലയളവിലെ ഉപഭോഗത്തിന് യൂണിറ്റ് ഒന്നിന് ഒൻപത് പൈസ അധികമായി ഈടാക്കാൻ അനുവദിച്ചിരുന്നു. അതിന്റെ ഭാഗമായാണ് വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് ഈടാക്കുന്നതെന്നും കെഎസ്ഇബി കൂട്ടിച്ചേർത്തു.

Read Also: പുരുഷ ഫെർട്ടിലിറ്റി: പിതൃത്വത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനുള്ള വേനൽക്കാല മുൻകരുതലുകൾ ഇവയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button