Latest NewsNewsLife Style

കറുത്ത പാടുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഇവ പരീക്ഷിക്കാം…

മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളുമാണ്  പലരെയും ബാധിക്കുന്ന ഒരു പ്രശ്നം. മുഖക്കുരു മാറിയാലും ഇവയുടെ പാടുകള്‍ മാറാനാണ് ബുദ്ധിമുട്ട്. ഇത്തരം കറുത്തപാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ചില പഴങ്ങള്‍ ഉണ്ട്.  അവ എങ്ങനെ ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കും എന്ന് നോക്കാം…

പപ്പായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എയും പപ്പൈന്‍ എന്ന എന്‍സൈമും ആന്‍റി ഓക്സിഡന്‍റുകളും ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ് എന്നിവ മാറ്റാനും മുഖകാന്തി കൂട്ടാനും സഹായിക്കും. ഇതിനായി ആദ്യം അര കപ്പ് പപ്പായ നന്നായി ഉടച്ചെടുത്ത ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ പാലും ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കാം. ശേഷം മുഖത്തും കഴുത്തിലും ഈ മിശ്രിതം പുരട്ടാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. അതുപോലെ അര കപ്പ് പപ്പായയോടൊപ്പം അര ടീസ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

സിട്രസ് വിഭാഗത്തിലുള്ള ഓറഞ്ച് നിരവധി ആരോഗ്യഗുണങ്ങളുള്ള ഫലമാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും സ്രോതസാണ്. ചർമ്മത്തിന്‍റെ അഴകും ആരോഗ്യവും മെച്ചപ്പെടുത്താൻ ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതാണ്. അതുപോലെ ഓറഞ്ചിന്റെ തൊലിയും നിരവധി ഗുണങ്ങളാൽ സമ്പന്നമാണ്. മുഖക്കുരു അകറ്റാനും കറുത്തപാടുകളെ നീക്കം ചെയ്യാനും എണ്ണമയമുള്ള ചർമ്മത്തിനുമെല്ലാം ഫലപ്രദമാണ് ഓറഞ്ചിന്‍റെ തൊലി. ഇതിനായി ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടീസ്പൂണും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് മുഖത്തെ ചുളിവുകള്‍ അകറ്റാനും, കറുത്ത പാടുകളും, കരുവാളിപ്പും കുറയ്ക്കാനും, ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും സഹായിക്കും.

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മത്തങ്ങ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ചർമ്മത്തിലെ ചുളിവുകളും  കറുത്ത പാടുകളും അകറ്റി ചെറുപ്പം തോന്നിക്കുന്ന ചർമ്മം സ്വന്തമാക്കാൻ  മത്തങ്ങ സഹായിക്കും. ഇതിനായി മത്തങ്ങ പള്‍പ്പിലേയ്ക്ക് മുട്ടയുടെ വെള്ള, തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. കരുവാളിപ്പ് മാറാനും കറുത്ത പാടുകളെ അകറ്റാനും മുഖക്കുരു മാറാനും ചര്‍മ്മം തിളങ്ങാനും ഇത് പതിവായി ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button