KeralaLatest NewsNews

‘കുട്ടികളെ വേദനിപ്പിക്കുന്നവർ ആരായാലും ശിക്ഷിക്കപ്പെടണം, 5 വയസ്സുള്ള റിനു മോൾ മുതൽ ഇന്ന് അസ്മിയ വരെ നീളുന്നു’: കുറിപ്പ്

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന സ്ഥാപനമായ അല്‍ അമാന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിൽ 17കാരിയായ അസ്മിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. അസ്മിയയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം പുറത്തുകൊണ്ടുവരണമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവും സമരങ്ങളും ശക്തമാവുകയാണ്. ഇതിനിടെ, മതപഠനകേന്ദ്രങ്ങളിൽ നിന്നും കുട്ടികൾ നേരിടേണ്ടി വരുന്ന ദുരവസ്ഥകൾ വിവരിച്ചുകൊണ്ടുള്ള കുറിപ്പുകൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. നിരവധി പേരാണ്, മതസ്ഥാപനങ്ങളിൽ നിന്നും കുട്ടികൾ അനുഭവിക്കുന്ന കാര്യങ്ങൾ തുറന്നു പറയുന്നത്.

പല കുട്ടികൾക്കും മദ്രസകളിൽ, അല്ലെങ്കിൽ മറ്റേത് മത സ്ഥാപനത്തിലും അനുഭവിക്കേണ്ടിവരുന്ന കൊടിയ പീഡനങ്ങളെക്കുറിച്ച് നമ്മളിനി എന്നാണ് സംസാരിക്കുക എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. തന്റെ ബന്ധത്തിലുള്ള ഒരു ചെറിയകുട്ടിക്ക് ഉണ്ടായ അനുഭവം ചൂണ്ടിക്കാട്ടി റംസീന എന്ന യുവതി എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. മതപഠനകേന്ദ്രത്തിൽ വെച്ച് ഉസ്താദ് മൂത്തുമ്മയുടെ മകളുടെ മകളെ ചെവിയിൽ നുള്ളി പാട് വരുത്തിച്ചതും, ചോദിച്ചപ്പോൾ ‘ഞാൻ ആൺകുട്ടികളോട് സംസാരിച്ചതിനല്ലേ ഉസ്താദ് ശിക്ഷിച്ചേ. മ്മൾ തെറ്റ് ചെയ്താൽ ശിക്ഷിക്കേണ്ടവരല്ലേ പടച്ചോന്റെ മാലാഖമാർ’ എന്ന് ആ കുട്ടി മറുപടി നൽകിയതുമാണ് റംസീന കുറിക്കുന്നത്.

‘ഉസ്താദുമാരോടും മദ്രസകളോടും എന്തെങ്കിലും ചോദിക്കാനും പറയാനുമൊക്കെ പലർക്കും പേടിയാണ്. പ്രത്യേകിച്ച് വീട്ടിലെ പെണ്ണുങ്ങൾ പോയി ചോദിച്ചാൽ പിന്നെ പറയാനില്ല. അഞ്ചു വയസ്സുള്ള റിനു മോൾ മുതൽ ഇന്ന് അസ്മിയ വരെ നീളുന്ന പല കുട്ടികൾക്കും മദ്രസകളിൽ, അല്ലെങ്കിൽ മറ്റേത് മത സ്ഥാപനത്തിലും അനുഭവിക്കേണ്ടിവരുന്ന കൊടിയ പീഡനങ്ങളെക്കുറിച്ച് നമ്മളിനി എന്നാണ് സംസാരിക്കുക…? ഉസ്താദുമാരോ പണ്ഡിതന്മാരോ പുരോഹിതന്മാരോ ഒന്നും ദൈവത്തിന്റെ മാലാഖമാരോ നമ്മുടെ കുഞ്ഞുങ്ങളെ ഇങ്ങനെ ശിക്ഷിക്കാനുള്ളവരോ അല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം’, യുവതിയുടെ കുറിപ്പിൽ പറയുന്നു.

ശ്രദ്ധേയമാകുന്ന കുറിപ്പ് ഇങ്ങനെ:

ഏഴെട്ട് മാസം മുമ്പ് രണ്ടു ദിവസത്തെ അവധിക്ക് വീട്ടിൽ പോയതായിരുന്നു. ഞാൻ വീട്ടിലെത്തിയാൽ പതിവു പോലെ എന്നെ കാണാനെത്താറുള്ള മൂത്തുമ്മയുടെ മകളും അവളുടെ മകളും അന്നും എത്തി. അപ്പോഴാണ് ഞാൻ റിനു മോളുടെ ചെവിയുടെ പിൻഭാ​ഗത്തായുള്ള മുറിവ് ശ്രദ്ധിച്ചത്. വലത്തെ ചെവിയുടെ പിന്നിൽ ഉണങ്ങിത്തുടങ്ങിയിട്ടില്ലാത്ത ആ മുറിവിനെ കുറിച്ചവൾ പറഞ്ഞതുകേട്ട് ഞാനൊന്ന് ഞെട്ടി.
മദ്രസയിൽ ഒന്നാം ക്ലാസ്സിലാണ് റിനു മോൾ. ഏതോ കംമ്പയിൻഡ് ക്ലാസ്സിന് ഇരിക്കുമ്പോൾ ബാക്ക് ബെഞ്ചിലിരുന്ന, നാലിലോ അഞ്ചിലോ പഠിക്കുന്ന വലിയ ആൺ കുട്ടികളോട് സംസാരിച്ചതിന് ഉസ്താദ് നൽകിയ ശിക്ഷയായിരുന്നു ആ മുറിവ്. “അപ്പോ നീ ഉമ്മയോട് പറഞ്ഞില്ലേ…? അവര് പോയി ഉസ്താദിനോട് ചോദിച്ചില്ലേ…?” ദേഷ്യം സഹിക്കാനാവാതെ ഞാൻ ചോദിച്ചു.
“എന്തിന്… ഞാൻ ആൺകുട്ടികളോട് സംസാരിച്ചതിനല്ലേ ഉസ്താദ് ശിക്ഷിച്ചേ… മ്മൾ തെറ്റ് ചെയ്താൽ ശിക്ഷിക്കേണ്ടവരല്ലേ പടച്ചോന്റെ മാലാഖമാർ…. !”
“കോപ്പാണ്……”
ദേഷ്യം സഹിക്കാനാവാതെ ഞാനവളെ അടുത്ത് പിടിച്ചിരുത്തി ചോ​ദിച്ചു:- “ഉസ്താദ്മാർ നിന്നെ വെറെ എന്തെങ്കിലും ചെയ്യാറുണ്ടോ…? വേറെ എവിടെയെങ്കിലും പിടിക്കാറോ തൊടാറോ ഉണ്ടോ…?”
അവൾ വളരെ നിഷ്‍കളങ്കതയോടെ “ഇല്ല” എന്നു പറഞ്ഞെങ്കിലും കുറച്ചുനേരം കൂടി അവളെ അടുത്തിരുത്തി ഞാൻ വീണ്ടും വീണ്ടും പലതും പറഞ്ഞുക്കൊണ്ടിരുന്നു. ഒടുവിൽ, വീട്ടിലെ മറ്റു കുട്ടികളോടൊപ്പം കളിക്കുന്ന തിരക്കിലായതിനാൽ റിനു മോൾ മുറ്റത്തേക്കോടി…
ഞാൻ അപ്പോൾ തന്നെ അവളുടെ ഉമ്മയോട് പോയി ‍ചോദിച്ചു. “എന്താടോ അവളുടെ ചെവിയിങ്ങനെ നുള്ളി മുറിയാക്കിയിട്ട് നീയൊന്നു പോയി ചോദിക്കാത്തെ…? നിന്റെ മോളല്ലേ… ഉസ്താദാണെന്നു കരുതി ഇങ്ങനെ കുട്ടികളെ മുറിപ്പെടുത്തണോ… ?”
റിനു മോൾ പറഞ്ഞ അതേ കാര്യം തന്നാ അന്ന് അവളും പറഞ്ഞത്. “അതിന് ഓളോടാരാ ആ ചെക്കന്മാരോട് വർത്താനം പറയാൻ പറഞ്ഞേ…? ചോദിക്കാൻ പോയാ ഉസ്താ​ദ് അത് ചോദിക്കില്ലേ… ?”
“ആ ബെസ്റ്റ്…”
“വേറെ എന്തെങ്കിലുമൊക്കെ സംഭവിക്കുമ്പോഴാവും നിനക്ക് മനസ്സിലാകാ… ചെക്കന്മാരോട് സംസാരിച്ചതാണ് കാരണമെങ്കിൽ തന്നെ അതിലിപ്പോ എന്താ പ്രശ്നം…? ചെറിയ കുഞ്ഞുങ്ങളല്ലേ അവരോട് ഇങ്ങനെയൊക്കെയാണോ പറഞ്ഞു പഠിപ്പിക്കണ്ടേ… പടച്ചോന്റെ മാലാഖമാരാണ് കോപ്പാണ് എന്നൊക്കെ പറഞ്ഞോണ്ടിരുന്നാൽ അവര് നിന്റെ മോളെ പലതും ചെയ്യും… ഇങ്ങനെ പഠിപ്പിച്ചാൽ അവൾ നാളെ നിന്നോടൊന്നും പറയാതിരിക്കും… പടച്ചോന്റെ മാലാഖമാർക്ക് അവളെ എന്തും ചെയ്യാമെന്ന് അവളങ്ങു വിശ്വസിക്കും…..”
ദേഷ്യം സഹിക്കാനാവാതെ ഞാനവളെ പലതും പറഞ്ഞുക്കൊണ്ടേയിരുന്നു. ഒടുവിൽ, എന്തൊക്കെയോ മനസ്സിലായിട്ടെന്ന പോലെ അവൾ “നീ പറയുന്നത് ശരിയാണ്, എങ്ങിനെയാ ഇപ്പോ അവരോട് അത് പോയി ചോദിക്കാ” എന്നു പറഞ്ഞു. “ഇന്നു നീ പോയി ചോദിച്ചില്ലെങ്കിൽ നാളെ ഇതിലും വലിയ മുറിവുകളുമായി അവൾ ഇനിയും വരും. ചോദിക്കാതിരുന്നാൽ നിനക്കല്ല നിന്റെ മോൾക്കായിരിക്കും നഷ്ടമെന്നു പറഞ്ഞ് ഞാൻ ഇറങ്ങി പോന്നു…”
ഇന്നു വരെയും അവളതു പോയി ചോദിച്ചു കാണില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഉസ്താദുമാരോടും മദ്രസകളോടും എന്തെങ്കിലും ചോദിക്കാനും പറയാനുമൊക്കെ പലർക്കും പേടിയാണ്. പ്രത്യേകിച്ച് വീട്ടിലെ പെണ്ണുങ്ങൾ പോയി ചോദിച്ചാൽ പിന്നെ പറയാനില്ല.
അഞ്ചു വയസ്സുള്ള റിനു മോൾ മുതൽ ഇന്ന് അസ്മിയ വരെ നീളുന്ന പല കുട്ടികൾക്കും മദ്രസകളിൽ, അല്ലെങ്കിൽ മറ്റേത് മത സ്ഥാപനത്തിലും അനുഭവിക്കേണ്ടിവരുന്ന കൊടിയ പീഡനങ്ങളെക്കുറിച്ച് നമ്മളിനി എന്നാണ് സംസാരിക്കുക…? ഉസ്താദുമാരോ പണ്ഡിതന്മാരോ പുരോഹിതന്മാരോ ഒന്നും ദൈവത്തിന്റെ മാലാഖമാരോ നമ്മുടെ കുഞ്ഞുങ്ങളെ ഇങ്ങനെ ശിക്ഷിക്കാനുള്ളവരോ അല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം.
ചെവിയിലോ കവിളിലോ കൈപ്പത്തിയിലോ ചന്തിയിലോ ഒക്കെ മുറിവുകളുമായി വീട്ടിലേക്കുവരുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ അതിനുള്ള അവകാശം ഉസ്താദിന് കൊടുക്കാതെ നിങ്ങളുടെ കുഞ്ഞുങ്ങളുടെ മുറിവുകൾക്കും വേദനകൾക്കുമൊപ്പം നിൽക്കാൻ നോക്കൂ… നിങ്ങളോട് എല്ലാം തുറന്നു സംസാരിക്കുന്ന, “എന്റെ പ്രശ്നങ്ങൾക്ക് കൂടെ നിൽക്കാൻ എനിക്കെന്റെ ഉമ്മയും ഉപ്പയും ഉണ്ടെന്ന്” പറയുന്ന മക്കളായി അവർ വളരട്ടെ…
അനുസരണയും മതവും പഠിപ്പിച്ച് അസ്മിയയെ കൊന്നതുപോലെ കുഞ്ഞുങ്ങളെ ഒരു പീഡനത്തിനും ഇനി വിട്ടുക്കൊടുക്കരുത്. കടുത്ത ശിക്ഷണങ്ങളിലൂടെ പഠിപ്പിക്കപ്പെടേണ്ട ഒന്നാണോ മതം? കനിവിന്റെ സ്വരത്തിൽ മതപാഠങ്ങൾ പകർന്നുതരാൻ പഠിക്കാത്ത മതസ്ഥാപനങ്ങളെ “വിശ്വാസികൾ” തന്നെയാണ് ചോദ്യം ചെയ്യേണ്ടത്.
മദ്രസകളടക്കമുള്ള എല്ലാ മതപഠന കേന്ദ്രങ്ങളിലെ അഭ്യസനരീതികളും ഓഡിറ്റ് ചെയ്യപ്പെടേണ്ടതാണ്. കാരണം, കുട്ടികളുടെ പരാതികൾ പുറത്തുവരാതിരിക്കാനുള്ള ഒരു ഇന്റേണൽ മെക്കാനിസം മതപഠന കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. യത്തീംഖാനയിൽ നിന്ന് രണ്ട് വർഷം പഠിച്ചതുകൊണ്ട് എനിക്കത് നന്നായി അറിയാം. സ്കൂളുകളിലുള്ളതുപോലെ കൗൺസിലിം​ഗ് സംവിധാനങ്ങൾ മതപഠനസ്ഥാപനങ്ങളിലും ഉണ്ടാവണം. കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോ​ഗ്യം ഉറപ്പുവരുത്തപ്പെടണം… കുട്ടികളെ നോട്ടം കൊണ്ടോ വാക്കു കൊണ്ടോ പോലും വേദനിപ്പിക്കുന്നവർ ആരായാലും നടപടികളെടുക്കപ്പെടണം… ശിക്ഷിക്കപ്പെടണം…
മദ്രസയിൽ തൂങ്ങിമരിക്കേണ്ടി വരുന്ന അവസ്ഥ ഇനി നമ്മുടെ കുഞ്ഞുങ്ങൾക്ക് ഉണ്ടാകാതിരിക്കട്ടെ…
നമ്മുടെ കുഞ്ഞുങ്ങൾ മതം പഠിക്കട്ടെ…
പക്ഷെ, അവർ മത പഠനത്തിന്റെ മുറിവുകളില്ലാതെ ജീവിച്ചിരിക്കട്ടെ…

shortlink

Related Articles

Post Your Comments

Related Articles


Back to top button