Latest NewsIndiaNews

രാത്രി മയക്ക്മരുന്ന് കഴിച്ചതിന് പിന്നാലെ കുട്ടികളെ തേടിയിറങ്ങും, 7 വർഷത്തിനിടെ പീഡിപ്പിച്ച് കൊന്നത് 30 കുട്ടികളെ

ന്യൂഡല്‍ഹി: മുപ്പതോളം കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനരയാക്കിയ കേസിൽ യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. രവീന്ദർ കുമാർ എന്ന യുവാവിനെയാണ് ഡെല്‍ഹി രോഹിണി കോടതി ശിക്ഷിച്ചത്.

2008 നും 2015 നും ഇടയിൽ പ്രതി 30 കുട്ടികളെയാണ് ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. ആറ് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ  പൊലീസിന്‍റെ വലയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകങ്ങളുടെ വിവരങ്ങള്‍ പുറത്ത് വന്നത്.

ഉത്തർപ്രദേശിലെ കാസ്ഗഞ്ച് സ്വദേശിയായ ഇയാൾ 2008-ൽ തന്‍റെ 18-ാം വയസ്സിൽ ആണ് ഡെല്‍ഹിയിലെത്തുന്നത്. മയക്കുമരുന്നിന് അടിമയായിരുന്ന പ്രതിക്ക് ലൈംഗികതയും ലഹരിപോലെ ആയിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഡെല്‍ഹിയിലെ ഒരു ചേരിയില്‍ താമസിച്ചിരുന്ന രവീന്ദർ പകല്‍ വിവിധ ജോലികള്‍ ചെയ്യുകയും രാത്രി ലഹരി ഉപയോഗിച്ച് ബോധമില്ലാത്ത അവസ്ഥയിലായി, തുടര്‍ന്ന് കുട്ടികളെ തേടിയിറങ്ങുകയും ആയിരുന്നു രീതി.

40 കിലോമീറ്റർ വരെ ഇയാള്‍ ഇരകളെ തേടി അലഞ്ഞിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പത്ത് രൂപ നോട്ടുകളും ചോക്ലേറ്റും കാണിച്ചാണ് പ്രതി കുട്ടികളെ ആകർഷിക്കുന്നത്. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുമെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസ് റിപ്പോർട്ട് അനുസരിച്ച്  ഒരു കുട്ടിയെ സെപ്റ്റിക് ടാങ്കിലേക്ക് എറിഞ്ഞാണ് പ്രതി കൊലപ്പെടുത്തിയത്. കുട്ടികളെ കാണാനില്ലെന്നു ആരോപിച്ച് നിരവധി പരാതികളെത്തിയതോടെയാണ് ബെഗംപൂർ പൊലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കുന്നത്. ദിവസങ്ങളോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം 2015ൽ രോഹിണിയിലെ ബസ് സ്റ്റാൻഡിൽ നിന്നാണ്‌ പൊലീസ് രവീന്ദർ കുമാറിനെ അറസ്റ്റ് ചെയ്തത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് ഇയാള്‍ ഒരു സീരിയൽ കില്ലറാണെന്ന് പൊലീസിന് വ്യക്തമായത്. വാദത്തിനിടെ, പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ഡെല്‍ഹി പൊലീസ്  കോടതിയോട് ആവശ്യപ്പെട്ടിരുന്നു. വിചാരണ പൂർത്തിയായി കഴിഞ്ഞ ആഴ്ച വിധി നടപ്പിലാക്കേണ്ടിയിരുന്നെങ്കിലും കുമാറിന്‍റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച റിപ്പോർട്ട് ലഭിക്കാതിരുന്നതിനാൽ മാറ്റി വെച്ചു. തുടർന്ന് റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം കോടതി കേസിൽ ശിക്ഷ വിധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button