Latest NewsIndia

മുസ്ലീം യുവതിയുമായി സൗഹൃദമെന്നാരോപിച്ച് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച് 30 അംഗ സംഘം: കർണാടകയിൽ വീണ്ടും സദാചാര ആക്രമണം

ചിക്കമംഗളൂരു: ഹിന്ദു യുവാവിനെ റോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ച് 30 അംഗ സംഘം. മുസ്ലീം യുവതിയുമായുള്ള സൗഹൃദത്തിന്‍റെ പേരിലാണ് യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. അജിത്ത് എന്ന യുവാവിനെയാണ് സംഘം ആക്രമിച്ചത്. അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുടിഗെരെ താലൂക്കിലെ ബണക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്.ഇദ്ദേഹം ബജ്റം​ഗ് ദള്‍ പ്രവർത്തകനാണെന്നാരോപിച്ചാണ് സംഘത്തിന്റെ ആക്രമണം.

യുവതിക്കൊപ്പം പോകുമ്പോള്‍ ഒരു സംഘമെത്തി അജിത്തിനെ ആക്രമിക്കുകയായിരുന്നു. റോഡ‍ിലൂടെ വലിച്ചിഴച്ചുവെന്നും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. യുവതിയാണ് സംഭവത്തെ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയത്. മുടിഗെരെയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അജിത്ത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും കർശന താക്കീത് നല്‍കിയതിന് ശേഷവും സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ സദാചാര പൊലീസ് ആക്രമണമാണിത്. മെയ് 24 ന് ചിക്കബല്ലാപ്പൂർ ജില്ലയിലും സദാചാര പൊലീസ് ആക്രമണം നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

ചിക്കമംഗളൂരു സാമുദായിക സെൻസിറ്റീവ് ആയിട്ടുള്ള ജില്ലയാണ്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ച് സീറ്റുകളിലും കോൺഗ്രസ് വിജയിച്ചിരുന്നു. അതേസമയം, കര്‍ണാടകയില്‍ ഇന്ന് 24 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ ആകെ മന്ത്രിമാരുടെ എണ്ണം 34 ആകും. ബിജെപി വിട്ട് കൂറ് മാറി എത്തി അത്തനിയിൽ നിന്ന് ജയിച്ച ലക്ഷ്മൺ സാവധി പട്ടികയിൽ ഇല്ല. എന്‍ എ ഹാരിസിനും മന്ത്രിസഭയില്‍ ഇടമില്ല. ജഗദീഷ് ഷെട്ടർക്ക് എംഎൽസി പദവി നൽകിയ ശേഷമേ മന്ത്രി പദവി നൽകാനാകൂ എന്നതിനാൽ ഷെട്ടറും പട്ടികയിൽ ഇല്ല. ലക്ഷ്മി ഹെബ്ബാൾക്കർ ആണ് മന്ത്രിസഭയിലെ ഏക വനിതാ സാന്നിധ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button