ThiruvananthapuramKeralaNattuvarthaLatest NewsNews

‘ഹിന്ദുക്കൾ മാത്രം അനുഷ്ഠിക്കുന്ന ഹോമവും യാഗവും യജ്ഞവും പൂജകളും നടത്തുന്നത് രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കുന്ന നടപടി’

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് കാനം രാജേന്ദ്രൻ. ഇന്ത്യയെ മധ്യകാലത്തിലെ അന്ധകാരത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന നടപടിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ചടങ്ങിൽ നിന്നും പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും മാറ്റിനിർത്തി ഉദ്ഘാടന പരിപാടിയെ പ്രധാനമന്ത്രിയുടെ ഒരു വൺമാൻഷോ ആക്കി തീർത്തു എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കാനം രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയെ ഒരു സംഘം പൂജാരികളുടെയും സന്യാസിമാരുടെയും സംഗമ വേദിയാക്കിക്കൊണ്ട് ലോകത്തിന്റെ മുമ്പിലും ഇന്ത്യൻ ജനങ്ങൾക്ക് മുമ്പിലും ഇന്ത്യയുടെ മഹത്തായ പാരമ്പര്യങ്ങളെയും മതേതര ജനാധിപത്യ മൂല്യങ്ങളെയും ബിജെപി ഗവൺമെന്റ് അവഹേളിച്ചിരിക്കുകയാണ്.

രാജവാഴ്ചയുടെയും ഫ്യൂഡൽ കാലഘട്ടത്തിന്റെയും അധികാര ചിഹ്നമായ ചെങ്കോലിനെ സ്പീക്കറുടെ ഇരിപ്പിടത്തിന് തൊട്ട് പിന്നിൽ സ്ഥാപിക്കാൻ ബ്രാഹ്മണ പുരോഹിതരും സന്യാസികളും എത്തിച്ചേർന്നതിലൂടെ മനുസ്മൃതിയോട് തങ്ങളുടെ വിധേയത്വവും പ്രതിബദ്ധതയും ആണ് ബിജെപി ലോകത്തിനു മുമ്പിൽ ബോധ്യപ്പെടുത്തിയിരിക്കുന്നത് . രാജ്യത്ത് ജനാധിപത്യം പുലരുന്നതിനു വേണ്ടി ജനകോടികൾ നടത്തിയ തീഷ്ണമായ സമര ചരിത്ര നിരാസമാണിത്.

ബെംഗളുരു-മൈസുരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം 

കേവലം വൈദേശിക ശക്തികളെ തുരത്തുന്നതു മാത്രമായിരുന്നില്ല ദേശീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യവും കടമയും. രാജ വാഴ്ചയെയും ഫ്യൂഡൽ സംവിധാനങ്ങളെയും അടി മുടി തകർത്ത് ജനാധിപത്യം സ്ഥാപിക്കുക എന്ന മഹത്തായ ലക്ഷ്യവും അതിനു ഉണ്ടായിരുന്നു.ഇതിനെതിരെ പ്രവർത്തിച്ച ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്രസർക്കാരിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.കോടാനുകോടി അന്യ മതസ്ഥരുള്ള ഈ രാജ്യത്തിന്റെ പാർലമെന്റിന്റെ ഉദ്ഘാടന വേളയിൽ ഹിന്ദുക്കൾ മാത്രം അനുഷ്ഠിക്കുന്ന ഹോമവും യാഗവും യജ്ഞവുംപൂജകളും നടത്തുന്നത് തികച്ചും രാജ്യത്തിന്റെ ബഹുസ്വരത യെ തകർക്കുന്ന നടപടിയാണ്.

സർവ്വമത പ്രാർത്ഥനയും ഇതിനോടൊപ്പം നടത്തി എന്നത് ഗവൺമെന്റിന്റെ തികച്ചും കാപട്യം മാത്രമാണ്. മതനിരപേക്ഷതയെ ന്നാൽ മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടാതിരിക്കുമ്പോഴാണ്. ഉദ്ഘാടന ചടങ്ങിൽ നിന്നും പ്രസിഡണ്ടിനെയും വൈസ് പ്രസിഡന്റിനെയും മാറ്റിനിർത്തിഈ ഉദ്ഘാടന പരിപാടിയെ പ്രധാനമന്ത്രിയുടെ ഒരു വൺമാൻഷോ ആക്കി തീർത്തു. അതിലേറെ ഈ പരിപാടിയെ ഒരു ഹിന്ദുമത ചടങ്ങായി മാറ്റുകയായിരുന്നു.

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം കിരീടധാരണം പോലെ പ്രധാനമന്ത്രി കണക്കാക്കുന്നു: രാഹുൽ ഗാന്ധി

ചെങ്കോൽ കൈമാറ്റത്തിന്റെയും സ്ഥാപനത്തിന്റെ പിന്നിൽ ഒരു വ്യാജ ചരിത്ര നിർമ്മിതി കൂടി അവർ നടത്തി. ഇതിലൂടെ തമിഴ് ജനതയുടെ മനസ്സ് കവരാമെന്നുള്ള ബിജെപിയുടെ വ്യാമോഹംനടക്കാൻ പോകുന്നില്ല. ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും തികച്ചും ജനാധിപത്യവിരുദ്ധവും ഭരണഘടന വിരുദ്ധവും മത നിരപേക്ഷവിരുദ്ധവുമായ ഈ ഉദ്ഘാടന ചടങ്ങിൽ നിന്നും ഒരു വലിയ നിര പ്രതിപക്ഷ നേതാക്കന്മാർ വിട്ടു നിന്നു കൊണ്ട് ഇന്ത്യയിലെ ജനങ്ങളുടെ ഇക്കാര്യത്തിലുള്ള പ്രതിഷേധവും അമർഷവും ഭരണകൂടത്തെ അറിയിക്കുകയാണ്.

ആധുനിക ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ ഫാസിസത്തിനെതിരെ കൂടുതൽ ഐക്യവും പോരാട്ടവും അനിവാര്യമാണെന്ന് ബോധ്യം പ്രതിപക്ഷ കക്ഷികൾക്കിടയിൽ ഉണ്ടായത് എന്തുകൊണ്ടും സ്വാഗതാർഹമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button