Latest NewsNewsIndia

വീട്ടിലെത്താൻ റോഡില്ല: പാമ്പുകടിയേറ്റ് മരിച്ച കുഞ്ഞിനെയും ചുമന്ന് അമ്മയ്ക്ക് നടക്കേണ്ടിവന്നത് 10 കിലോമീറ്റർ

ചെന്നൈ: പാമ്പുകടിയേറ്റ് മരിച്ച മകളുടെ മൃതദേഹവും ചുമന്ന് വീട്ടിലെത്താൻ അമ്മയ്ക്ക് നടക്കേണ്ടിവന്നത് 10 കിലോമീറ്റർ. വെല്ലൂർ ജില്ലയിലെ ആമക്കാട്ട് കൊല്ലായി ഗ്രാമത്തിലാണ് സംഭവം നടന്നത്.

വീട്ടിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാൽ, ആംബുലൻസുകാർ ഇവരെ പാതിവഴിയിൽ ഇറക്കി വിടുകയായിരുന്നു.

കൂലിപ്പണിക്കാരനായ വിജിയുടെയും പ്രിയയുടെയും ഒന്നരവയസ്സുള്ള മകൾ ധനുഷ്കയാണ് പാമ്പുകടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടിൽ ഉറങ്ങുമ്പോഴാണ് ധനുഷ്കയ്ക്ക് പാമ്പുകടിയേറ്റത്. തുടർന്ന് വിജിയും പ്രിയയും കുട്ടിയുമായി ഉടൻ ആശുപത്രിയിലേക്കു പുറപ്പെട്ടു. എന്നാൽ, റോഡില്ലാത്തതിനാൽ ആശുപത്രിയിലെത്താൻ വൈകി. അപ്പോഴേക്കും ധനുഷ്ക മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം കത്തമ്പപ്പാറ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ആംബുലൻസിൽ കയറ്റി വിട്ടു. എന്നാൽ, റോഡ് സൗകര്യമില്ലാത്തതിനാൽ ആംബുലൻസുകാർ ഇവരെ പാതിവഴിയിൽ ഇറക്കി വിടുകയായിരുന്നു.

തുടർന്ന്, കുഞ്ഞിന്റെ മൃതദേഹം ചേർത്തുപിടിച്ച് പ്രിയ കുറച്ചുദൂരം ഒരാളുടെ ബൈക്കിൽ യാത്ര ചെയ്തു. മുന്നോട്ട് വഴിയില്ലാതായതോടെ അവിടെനിന്നും പത്ത് കിലോമീറ്റർ നടന്ന് വീട്ടിലെത്തുകയായിരുന്നു. ഗ്രാമത്തിലേക്ക് റോഡ് സൗകര്യം ഉണ്ടായിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അസ്വാഭാവികമരണത്തിന് കൊല്ലായി ഡാം പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button