KeralaLatest NewsNews

‘മുഖ്യമന്ത്രിയുടെ കൊച്ചുമകന്‍ അന്താരാഷ്ട്ര സ്‌കൂളിലേക്ക്,ഇവർ പൊതുവിദ്യാഭ്യാസത്തിന്റെ മഹത്വത്തെക്കുറിച്ച് വാചാലരാകുന്നു’

കൊച്ചി: സ്‌കൂൾ തുറന്ന് കുട്ടികൾ പഠനത്തിരക്കിലേക്ക് നീങ്ങിയിരിക്കുകയാണ്. പൊതു വിദ്യാഭ്യാസത്തിന്റെ മഹത്വത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ വാചാലരാകുമ്പോൾ ഇവരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കുന്ന ഒരു ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. മുഖ്യമന്ത്രിയുടെ കൊച്ചുമകന്‍ അന്താരാഷ്ട്ര സ്‌കൂളിലേക്ക്, വ്യവസായ- ആരോഗ്യമന്ത്രിമാരുടെ മക്കള്‍ ഏറ്റവും ചിലവേറിയ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍, എന്നിട്ടും ഇവരൊക്കെ പൊതു വിദ്യാഭ്യാസത്തിന്റെ മഹത്വത്തെക്കുറിച്ച് വാചാലരാകുന്നു എന്നാണ് പ്രമോദ് പുഴങ്കര തന്റെ ഫേസ്‌ബുക്കിൽ എഴുതിയിരിക്കുന്നത്.

ബാലുശ്ശേരിയില്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ അധ്യാപികമാര്‍ കിണറ്റിലിറങ്ങി ചെളി കോരി വൃത്തിയാക്കിയതിനെ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പ്രശംസിച്ചതിനെക്കുറിച്ച് പറയവേയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടംബത്തിലെ കുട്ടികള്‍ സ്വകാര്യ അണ്‍ എയിഡഡ് മേഖലയിലെ ഏറ്റവും ചിലവറിയ സ്‌കൂളില്‍ പഠിക്കുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിക്കുന്നത്.

പ്രമോദ് പുഴങ്കരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ബാലുശ്ശേരിയില്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ അധ്യാപികമാര്‍ കിണറ്റിലിറങ്ങി ചെളി കോരി വൃത്തിയാക്കിയതിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി കുറിപ്പിട്ടിട്ടുണ്ട്. ആസനത്തില്‍ മുളച്ച് പടര്‍ന്നു പന്തലിച്ചൊരു ആലിന്‍കൊമ്പത്ത് ഊഞ്ഞാലുകെട്ടി ആടുന്നൊരു അല്പനെ മാത്രമാണ് ഇത്തരുണത്തില്‍ ഉദാഹരിക്കാനാവൂ. സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ചുമതലപ്പെട്ട വകുപ്പ് കാണിക്കുന്ന പിടിപ്പുകേടിന്റെ ബാക്കിയാണ് കിണറ്റിലിറങ്ങേണ്ടിവന്ന അധ്യാപികമാര്‍ എന്നത് മന്ത്രി തന്റെ സമ്മാനക്കിഴിയിലൂടെ മറച്ചുവെക്കുകയാണ്. കിണറ്റിലിറങ്ങാനുള്ള പരിചയമൊന്നുമില്ലാത്ത അധ്യാപികമാര്‍ അപ്പണിയെടുത്ത് എന്തെങ്കിലും അപകടം സംഭവിച്ചിരുന്നെങ്കിലും മന്ത്രി ധീരതയ്ക്ക് അവരുടെ പേരില്‍ രണ്ട് പുരസ്‌കാരം ഏര്‍പ്പെടുത്തുമായിരുന്നിരിക്കും. രണ്ടു മാസം പൂട്ടിയിട്ട സ്‌കൂളുകളിലെ കുടിവെള്ളലഭ്യതയും അതിന്റെ പരിശോധനയുമൊക്കെ ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസവകുപ്പ് ഒരു നടപടിയും എടുക്കാതിരുന്നതുകൊണ്ടാണ് അധ്യാപികമാര്‍ക്ക് കിണറ്റിലിറങ്ങേണ്ടി വന്നത്. ശുദ്ധമായ കുടിവെള്ളമില്ലാത്ത സ്‌കൂളുകളാണ് അന്താരാഷ്ട്ര നിലവാരത്തില്‍ പൂക്കത്തിക്കുന്നത് എന്നത് ഒട്ടും കേമത്തമല്ല. ഈയൊരു സംഭവം വെച്ച് കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയാനൊന്നും ഞാനില്ല. പക്ഷെ യാഥാര്‍ത്ഥ്യബോധമില്ലാത്ത വാഴ്ത്തുപാട്ടുകള്‍ക്കിടയില്‍ ഒളിച്ചുവെക്കുന്നവയൊക്കെ കണ്ടില്ലെന്നു നടിക്കരുത്.

സ്‌കൂളുകളിലെ പ്രവേശനോത്സവമൊക്കെ കഴിഞ്ഞു. മുഖ്യമന്ത്രി, വ്യവസായ മന്ത്രി, ആരോഗ്യമന്ത്രി എന്നിവരടക്കമുള്ളവര്‍ പൊതുവിദ്യാഭ്യാസത്തിന്റെ പ്രവേശനോത്സവത്തില്‍ തങ്ങളുടെ വേഷം ഭംഗിയായി അഭിനയിച്ചു. ശേഷം മുഖ്യമന്ത്രിയുടെ പേരക്കുട്ടി തലസ്ഥാനത്തെ അന്താരാഷ്ട്ര സിലബസുള്ള അന്താരാഷ്ട്ര സ്‌കൂളിലേക്കും മാര്‍ക്‌സിയന്‍ സൈദ്ധാന്തികന്‍ കൂടിയായ വ്യവസായ മന്ത്രിയുടെ മകള്‍ എറണാകുളത്തെ ഏറ്റവും ചെലവേറിയ സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളിലേക്കും പോയി. ആരോഗ്യമന്ത്രിയുടെ മക്കളും സംസ്ഥാന സിലബസ് സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും ആരോഗ്യകരമായ അകലം പാലിച്ചുകൊണ്ട് മിടുക്കരായി പഠിക്കുന്നു. മറ്റു മന്ത്രിമാര്‍, എം എല്‍ എ -മാര്‍, സംഘടനാ സിംഹങ്ങള്‍ എന്നിവരില്‍ മിക്കവരും അണ്‍ എയ്ഡഡ് സ്വകാര്യ സ്‌കൂളുകളില്‍ മക്കളെയും കൊച്ചുമക്കളെയും വിട്ട് കേരളത്തിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പൊതുവിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാനാകാതെ വീര്‍പ്പുമുട്ടുന്നവരാണ്.

വ്യവസായ മന്ത്രിയുടെ മകളും മുഖ്യമന്ത്രിയുടെ കൊച്ചുമകനുമൊക്കെ പഠിക്കുന്ന സ്‌കൂളുകള്‍ നോക്കൂ. അവിടെ ജനാധിപത്യ വിദ്യാര്‍ത്ഥി സംഘങ്ങളില്ല, ഊര്‍ജതന്ത്ര ക്ലാസില്‍ നിന്നും നേരെ കിണറ്റിലേക്ക് കൂപ്പുകുത്താന്‍ മിടുക്കുള്ള ഭൈമികളായ അധ്യാപികമാരില്ല, കപ്പിയും കയറും വെച്ച് അവര്‍ ആര്‍ക്കിമിഡീസ് കളിക്കില്ല, കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ദേശാഭിമാനിയില്‍ ലേഖനങ്ങളായി വരികയും മുഖ്യമന്ത്രിയും സഹപ്രവര്‍ത്തകരുമടക്കം പ്രസംഗിച്ചു കൂട്ടുകയും ചെയ്യുന്ന പൊതുവിദ്യാഭ്യാസത്തിന്റെ ജനാധിപത്യ ഗുണങ്ങളില്ല. എന്നിട്ടും ഇവരൊക്കെ മക്കളെയും കൊച്ചുമക്കളെയും എന്തിനാണ് അങ്ങോട്ടേക്ക് വിടുന്നത്? തീര്‍ച്ചയായും അവരോട് ഈ ചോദ്യം മക്കള്‍ ചോദിക്കും. തൊണ്ടയില്‍ കുടുങ്ങി നില്‍ക്കുന്ന സങ്കടത്തിന്റെ മിച്ചമൂല്യം മുഴുവനും ചേര്‍ത്തുകൊണ്ടായിരിക്കും അവര്‍ മറുപടി പറയുക. മക്കളെ, സാധാരണക്കാരായ മനുഷ്യരുടെ മക്കള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തില്‍ പഠിക്കാന്‍ ഒരു സീറ്റെങ്കില്‍ ഒരു സീറ്റ്, ഒരു ബെഞ്ചെങ്കില്‍ ഒരു ബെഞ്ച് കൂടുതല്‍ കിട്ടട്ടെ എന്ന് കരുതിയാണ് ആ സൗഭാഗ്യം നിങ്ങള്‍ക്ക് നിഷേധിക്കുന്നത്. പ്രസ്ഥാനത്തിന് വേണ്ടി നമ്മുടെ കുടുംബം ചെയ്യുന്ന ത്യാഗമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കുടുംബത്തെ ജനം നഷ്ടപരിഹാരമായി യൂറോപ്പിലേക്ക് വിനോദസഞ്ചാരത്തിന് കൊണ്ടുപോകുന്നതും കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കാന്‍ പു ക സ അടക്കം പന്തംകൊളുത്തി പ്രകടനം നടത്തുന്നതും.

ഉയര്‍ന്ന ഫീസുള്ള ഒരു സ്വകാര്യ അണ്‍എയ്ഡഡ് വിദ്യാലയവും സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയവും തമ്മിലുള്ള വ്യത്യാസം പഠനനിലവാരത്തിന്റെ തര്‍ക്കങ്ങളൊക്കെ മാറ്റിവെച്ചാല്‍ എന്താണെന്ന് മുഖ്യമന്ത്രിയുടെ കുടുംബത്തിനും ഓര്ത്തഡോക്‌സ് മന്ത്രിക്കും പ്രത്യേകിച്ച് ആകുലതയൊന്നുമുണ്ടാകാനിടയില്ലെങ്കിലും സൈദ്ധാന്തികനായ വ്യവസായ മന്ത്രിക്ക് മൂപ്പരുടെത്തന്നെ വായനയിലും പ്രസംഗങ്ങളിലും നിന്നെങ്കിലും ധാരണയുണ്ടാകും. അത് പുതുകാല അയിത്തമാണ്.

ഉദാഹരണത്തിന് വ്യവസായ മന്ത്രിയുടെ മകള്‍ പഠിക്കുന്ന കൊച്ചിയിലെ സ്‌കൂള്‍ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ കൊച്ചുമകന്‍ പഠിക്കുന്ന അന്താരാഷ്ട്ര സ്‌കൂള്‍ നോക്കൂ. അവിടെ പട്ടികജാതിക്കാരായ എത്ര സഹപാഠികളുണ്ട്? കുറഞ്ഞ വരുമാനമുള്ള വീടുകളില്‍ നിന്നുള്ള എത്ര കുട്ടികളുണ്ട്? (നമ്മുടെ സ്വകാര്യ എയ്ഡഡ് സ്‌കൂളുകളിലും കോളേജുകളിലും പട്ടിക ജാതി/ വര്‍ഗത്തില്‍പ്പെട്ട എത്ര അധ്യാപകരുണ്ട് എന്ന ചോദ്യം വേറെയാണ്. അതിന്റെ കണക്കുകള്‍ മുമ്പെഴുതിയിരുന്നു). ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെ കൂട്ടത്തില്‍ നിന്നുള്ള കുട്ടികള്‍ അത്യപൂര്‍വ്വമായി മാത്രമെത്തുന്ന സ്‌കൂളുകളിലേക്ക് സ്വന്തം മക്കളെയും കൊച്ചുമക്കളെയും പറഞ്ഞുവിടുന്നതില്‍ ഒട്ടും നിഷ്‌ക്കളങ്കതയില്ല. മറ്റ് സൗകര്യങ്ങളില്ലാഞ്ഞിട്ടല്ല, നിങ്ങള്‍ത്തന്നെ അവകാശപ്പെടുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കൂളുകള്‍ തിങ്ങിനിറഞ്ഞു കിടക്കുമ്പോഴാണിത്.
പുത്തന്‍ വര്‍ഗത്തിന്റെ കുട്ടികള്‍ പഠിക്കുന്ന വന്‍തുക ഫീസുള്ള സ്‌കൂളുകളില്‍ ഈ പുതുകാല അയിത്തം മറ്റൊരു മാനദണ്ഡത്തിലൂടെ സാധാരണക്കാരായ മനുഷ്യരെ ഒഴിവാക്കുന്നു, അത് സാമ്പത്തിക പ്രാപ്യതയാണ്. പ്രതിമാസം ആയിരക്കണക്കിന്, ചിലതിലൊക്കെ പതിനായിരക്കണക്കിനും ലക്ഷത്തോളവുമായ രൂപ ഫീസുള്ള (മുഖ്യമന്ത്രിയുടെ കൊച്ചുമകന്റെ സ്‌കൂളിലെ ഫീസെത്രയാണെന്ന് വെറുതെയൊന്ന്വേഷിക്കണം, മുഖ്യമന്ത്രിയുടെ കുടുംബത്തെ സംരക്ഷിക്കാന്‍ ജാഥയ്ക്ക് മുദ്രാവാക്യം വിളിച്ച പത്തുപേരുടെ വരുമാനം മതിയാകാതെ വരും) ഇത്തരം സ്‌കൂളുകള്‍ ഉറപ്പാക്കുന്നത് ധനികരും അധികാര കേന്ദ്രങ്ങളിലെ ഉന്നതരും അടങ്ങുന്ന കേരളത്തിലെ പുത്തന്‍ വര്‍ഗത്തിന്റെ കുട്ടികള്‍ മാത്രമാണ് അത്തരം സ്‌കൂളുകളില്‍ വരുന്നതെന്നാണ്. അതായത് സാധാരണക്കാരായ, നമ്മുടെ പ്രസംഗങ്ങളിലെ നിരന്തര സാന്നിധ്യമായ ‘അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ’ മക്കളുമായുള്ള സംസര്‍ഗ്ഗ ദോഷം ഒഴിവാക്കിക്കിട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button