Latest NewsKerala

‘ഞാൻ വീഡിയോ കോൾ വിളിക്കുമ്പോൾ നീ ഒറ്റയ്ക്ക് മുറിയിൽ കിടക്കണം´- രാഖിശ്രീയുടെ മരണത്തിൽ അർജുന്റെ കത്ത്

തിരുവനന്തപുരം: പത്താംക്ലാസുകാരിയുടെ മരണത്തിൽ പോക്‌സോ കേസ് ചുമത്തിയ യുവാവ് ഒളിവിൽ. മെയ് 31ന് യുവാവിനു വേണ്ടി ഹെെക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയിരുന്നെങ്കിലും ഹർജി കോടതി മാറ്റി വെയ്ക്കുകയായിരുന്നു. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് റിപ്പോർട്ട് വരട്ടെ എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. അതേസമയം പ്രതിയുടെ ജാമ്യ ഹർജി ജൂൺ ഏഴിന് കോടതി പരിഗണിക്കുമെന്നാണ് വിവരം.

രാഖിശ്രീയുടെ മരണം സംബന്ധിച്ച് വീട്ടുകാർ ആരോപണമുന്നയിച്ചതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ രാഖിശ്രീയുടെ സുഹൃത്തായിരുന്ന അർജുനെതിരെ തെളിവ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ആത്മഹത്യ പ്രേരണ കുറ്റവും ഇയാൾക്ക് എതിരെ ചുമത്തിയിട്ടുണ്ട്.

പൊലീസ് അന്വേഷണത്തിൽ യുവാവിൻ്റെ ശല്യം കാരണമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു. ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശിയാണ് അർജുൻ. രാഖിശ്രീയുടെ മരണത്തിന് പിന്നാലെ അച്ഛൻ 28കാരനായ യുവാവിന് എതിരെ രംഗത്തെത്തുകയായിരുന്നു. എന്നാൽ രാഖിശ്രീയും അർജുനും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന് വ്യക്തമാക്കി അർജുൻ്റെ സഹോദരി രംഗത്തെത്തുകയായിരുന്നു. ഇതിനു തെളിവായി പെൺകുട്ടിയും യുവാവും പരസ്പരം നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും കത്തുകളും അർജുൻ്റെ സഹോദരി പുറത്തു വിട്ടു. ഇതിനെത്തുടർന്നാണ് അർജുൻ്റെ വാട്സ്ആപ്പ് ചാറ്റുകളും കത്തുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്. അർജുൻ രാഖിശ്രീയെ ഭീഷണിപ്പെടുത്തി എന്നുള്ളത് സംബന്ധിച്ച് തെളിവുകൾ ലഭിച്ചതും ഈ കത്തുകളിലും ചാറ്റുകളിലും നിന്നുമായിരുന്നു എന്നാണ് വിവരം.

അർജുൻ ഭീഷണിപ്പെടുത്തുന്ന രീതിയിൽ രാഖിശ്രീക്ക് കത്തുകൾ എഴുതിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ചില കത്തുകളാണ് പൊലീസ് കണ്ടെടുത്തതും. ‘ഞാൻ വീഡിയോ കോൾ വിളിക്കുമ്പോൾ നീ ഒറ്റയ്ക്ക് ഒരു മുറിയിൽ കിടക്കണം´ എന്ന രീതിയിലുള്ള ഭീഷണി സന്ദേശങ്ങളും ഈ കത്തിലുണ്ടായിരുന്നതായി വിവരങ്ങളുണ്ട്. ഈ കത്തുകളുടെ അടിസ്ഥാനത്തിലാണ് അർജുന് എതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ സംഭവത്തിൽ അർജുനെതിരെ പ്രത്യക്ഷ തെളിവുകളൊന്നും ഇല്ലാതിരുന്നു. ഈ സാഹചര്യത്തിലാണ് സഹോദരനെ രക്ഷിക്കാൻ വേണ്ടി അർജുൻ്റെ സഹോദരി മാധ്യമങ്ങൾക്കു രാഖിശ്രീയും അർജും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന കത്തുകളും ചാറ്റുകളും നൽകിയത്. ഈ കത്തുകളും ചാറ്റുകളുമാണ് പ്രതിക്കെതിരെ കേസെടുക്കുന്നതിന് കാരണമായി തീർന്നതെന്നുള്ളതാണ് ശ്രദ്ധേയം.

എസ്എസ്‍എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി വിജയിച്ചതിനു പിന്നാലെയാണ് രാഖിശ്രീയെ വീട്ടിലെ ശുചിമുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തു. ബസ് സ്റ്റോപ്പില്‍ വെച്ച് തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും രാഖിശ്രീയുടെ പിതാവ് നേരത്തെ പറഞ്ഞിരുന്നു. അടുത്തിടെ വിദേശത്തേക്ക് പോയ യുവാവ് കഴിഞ്ഞയാഴ്ച തിരിച്ചെത്തി വീണ്ടും ഭീഷണി തുടങ്ങിയെന്നാണ് പൊലീസ് പറയുന്നത്. ഈമാസം 15ന് ബസ് സ്റ്റോപ്പിൽവച്ച് ഒപ്പം വന്നില്ലെങ്കിൽ ഇല്ലാതാക്കുമെന്ന് തടഞ്ഞുനിര്‍ത്തി യുവാവ് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. യുവാവിനെതിരെ രാഖിശ്രീയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകാനൊരുങ്ങിയിരുന്നു. എന്നാൽ പത്താം ക്ലാസിലെ റിസർട്ട് വന്നശേഷം പരാതി നൽകാമെന്ന് പറഞ്ഞ് രാഖിശ്രീ മാതാപിതാക്കളെ പിന്തിരിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.

ചിറയിൻകീഴ് ശാരദവിലാസം സ്കൂളിലെ വിദ്യാർത്ഥിനിയായ രാഖിശ്രീ അർജുനുമായി പരിചയപ്പെടുന്നത് ഒരു വർഷത്തിനു മുൻപാണ്. അന്ന് സ്കൂളിൽ നെെപുണ്യ വികസന പദ്ധതിയുടെ ഭാഗമായ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ആ പാരിപാടിയിൽ വാളണ്ടിയറായിരുന്നു അർജുൻ. അവിടെ വച്ചാണ് അർജുനും രാഖിശ്രീയും തമ്മിൽ പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു എന്നാണ് വിവരം. ഇതിനിടയിൽ കത്തുകൾ കെെമാറ്റം ചെയ്യാൻ ആരംഭിച്ചു. ഈ കത്തുകൾ ഇപ്പോഴും അർജുൻ്റെ പക്കൽ ഭദ്രമായിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അർജുൻ്റെ സഹോദരിയും വെളിപ്പെടുത്തിയിരുന്നു. പിന്നീട് അർജുൻ പെൺകുട്ടിക്ക് ഫോൺ വാങ്ങി നൽകുകയായിരുന്നു എന്നാണ് വിവരം. അതിനുശേഷം ഇരുവരും തമ്മിൽ ഫോണിലൂടെയായി സംസാരം.

ഇതിനിടയിൽ പ്രണയം പെൺകുട്ടിയുടെ വീട്ടിൽ അറിയുകയായിരുന്നു. കത്തും ഫോണും ഉൾപ്പെടെ പെൺകുട്ടിയിൽ നിന്ന് പിതാവ് കണ്ടെടുത്തിരുന്നു. പിടിച്ചെടുത്ത കത്തിൽ ഫോൺ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും തന്നെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ തൻ്റെ സഹോദരിയേയോ അമ്മയേയോ വിളിക്കണമെന്നും യുവാവ് പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു. തുടർന്ന് ഈ കത്തുകളും ഫോണുമായി രാഖിശ്രീയുടെ പിതാവ് യുവാവിൻ്റെ പിതാവിനെ പോയി കണ്ടു. ഇരവരും തമ്മിൽ വളരെ മാന്യമായ രീതിയിൽ ഈ വിഷയം സംസാരിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് മകൻ ഗൾഫിലേക്ക് പോവുകയാണെന്നും ഇനി അവൻറെ ശല്യം ഉണ്ടാകില്ലെന്നും യുവാവിൻ്റെ പിതാവ് രാഖിശ്രീയുടെ വീട്ടുകാർക്ക് ഉറപ്പു നൽകുകയായിരുന്നു.

തുടർന്ന് രാഖിശ്രീ സാധാരണ പോലെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും എസ്എസ്എൽസി പരീക്ഷ എഴുതുകയും ചെയ്തു. റിസൾട്ട് വരുന്നതിനു മുൻപ് തന്നെ പെൺകുട്ടി പ്ലസ് വൺ ട്യൂഷന് പോയി തുടങ്ങിയിരുന്നു. മെയ് മാസം 16ന് ട്യൂഷൻ കഴിഞ്ഞു വരുന്ന വഴി ആറ്റിങ്ങൽ പ്രൈവറ്റ് ബസ്റ്റാൻഡിൽ വച്ച് പെൺകുട്ടിയെ യുവാവ് കണ്ടുമുട്ടുകയായിരുന്നു. അതിനുശേഷം വീട്ടിലെത്തിയ പെൺകുട്ടി അച്ഛനോട് ഇക്കാര്യം പറഞ്ഞുവെന്നാണ് വിവരം. തന്നെ വിവാഹം കഴിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടെന്നും പെൺകുട്ടി പിതാവിനോട് പറഞ്ഞിരുന്നു എന്നും പറയപ്പെടുന്നു.

തുടർന്ന് പിതാവ് പ്രദേശത്തെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായി ബന്ധപ്പെടുകയും അദ്ദേഹം പെൺകുട്ടിയുമായി സംസാരിക്കുകയും ചെയ്തു. യുവാവിൻ്റെ ഇടപെടൽ പ്രശ്നമാണെങ്കിൽ നമുക്ക് കേസ് കൊടുക്കാം എന്നും അദ്ദേഹം പെൺകുട്ടിക്ക് വാക്കു നൽകിയിരുന്നു. എന്നാൽ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ നമുക്ക് കേസ് കൊടുക്കാമെന്ന് പെൺകുട്ടിയും ഉറപ്പു പറഞ്ഞു. റിസൾട്ട് വന്നു കഴിഞ്ഞിട്ടു അങ്ങനെയെന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ പറയാമെന്നാണ് പെൺകുട്ടി പറഞ്ഞത്.

റിസൾട്ട് വന്ന ദിവസം വളരെ സന്തോഷവതി ആയിരുന്നു രാഖിശ്രീ. അയൽക്കാർക്കും കൂട്ടുകാർക്കുമൊക്കെ വിജയം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ലഡു ഉൾപ്പെടെ പെൺകുട്ടി വിതരണം ചെയ്തിരുന്നു. പിറ്റേദിവസം സ്കൂളിൽ എത്തിയ പെൺകുട്ടി ടീച്ചർമാരെ കാണുകയും അവർക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് അധ്യാപകരുമായി ഫോട്ടോയും എടുത്തു. അതിനുശേഷം വീട്ടിലെത്തിയ പെൺകുട്ടി വൈകുന്നേരം അഞ്ചുമണിയായപ്പോൾ അമ്മയോട് കുളിക്കാൻ പോവുകയാണെന്ന് പറഞ്ഞു. `മോളു പോയി കുളിച്ചിട്ടു വാ´ എന്നു പറഞ്ഞ് അമ്മ മുറ്റമടിക്കാൻ പോയി. മുക്കാൽ മണിക്കൂർ കഴിഞ്ഞിട്ടും പെൺകുട്ടി കുളിച്ചിട്ടു വരാത്തതിനെ തുടർന്നാണ് മാതാവ് കുളിമുറിയിൽ ചെന്ന് നോക്കിയത്. ഈ സമയത്താണ് കിണറിൽ കെട്ടുന്ന പ്ലാസ്റ്റിക് കയറി പെൺകുട്ടി തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻതന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button