Latest NewsIndiaNews

ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ജ്യോതിഷ റിപ്പോർട്ട് ആവശ്യപ്പെടുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല: സുപ്രീംകോടതി

ന്യൂഡൽഹി: ബലാത്സംഗത്തിനിരയായ യുവതി ചൊവ്വാദോഷമുള്ളയാളാണോ അല്ലയോ എന്നുനിശ്ചയിക്കാൻ ലഖ്‌നൗ സർവകലാശാലയിലെ ജ്യോതിഷശാസ്ത്രവിഭാഗം മേധാവിയോട് ആവശ്യപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി.

ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തി ജസ്റ്റിസുമാരായ സുധാംശു ധൂലിയ, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് വിഷയം സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. ഒരു ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ജ്യോതിഷ റിപ്പോർട്ട് ആവശ്യപ്പെടുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് ബെഞ്ച് പറഞ്ഞു.

വിവാഹവാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച് മെയ് 23നാണ് അലഹബാദ് ഹൈക്കോടതി വിചിത്രമായ ഉത്തരവിറക്കിയത്. യുവതിക്ക് ചൊവ്വാദോഷമുള്ളതാണ് ഇരുവരും തമ്മിലുള്ള വിവാഹത്തിന് തടസ്സമായതെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. എന്നാൽ, തന്റെ കക്ഷിക്ക് ചൊവ്വാദോഷമില്ലെന്നാണ് സ്ത്രീക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്.

വിദേശസന്ദർശനത്തിലുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഹൈക്കോടതിയുത്തരവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അവിടെനിന്ന് ഇടപെടുകയും പ്രത്യേക സിറ്റിങ് നടത്താൻ നിർദേശിക്കുകയുമായിരുന്നു. തുടർന്നാണ് വേനലവധിയും ശനിയാഴ്ച അവധിയും കണക്കിലെടുക്കാതെ അവധിക്കാലബെഞ്ച് അടിയന്തരമായി ചേർന്നത്.

യുപി സർക്കാരുൾപ്പെടെ കേസിലെ എല്ലാ കക്ഷികൾക്കും നോട്ടീസയക്കാൻ കോടതി നിർദേശിച്ചു. ജൂലായ് പത്തിന്‌ തുടങ്ങുന്ന ആഴ്ചയിൽ കേസ് വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button