
ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി ഉടൻ അവസാനിക്കും. 10 വർഷം മുൻപ് അനുവദിച്ച ആധാർ കാർഡിലെ വിവരങ്ങളാണ് സൗജന്യമായി പുതുക്കാൻ സാധിക്കുക. ഓൺലൈൻ മുഖാന്തരം ജൂൺ 14 വരെ സൗജന്യമായി പുതുക്കാനുള്ള അവസരമാണ് യുഐഡിഎഐ ഒരുക്കിയിട്ടുള്ളത്. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ആധാറിലെ വിവരങ്ങൾ സൗജന്യമായി പുതുക്കാവുന്നതാണ്.
ഇതുവരെ അപ്ഡേഷൻ ഒന്നും ചെയ്തിട്ടില്ലാത്ത ആധാർ കാർഡിലെ തിരിച്ചറിയൽ രേഖകൾ, മേൽവിലാസ രേഖകൾ എന്നിവയാണ് സൗജന്യമായി പുതുക്കാൻ സാധിക്കുക. അതേസമയം, മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമാണ് ഈ സംവിധാനം പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ. സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും ലഭ്യമാകാൻ മൊബൈൽ നമ്പർ നിർബന്ധമായും ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്. അക്ഷയ കേന്ദ്രങ്ങൾ വഴി വിവരങ്ങൾ പുതുക്കുമ്പോൾ 50 രൂപയാണ് ഫീസായി നൽകേണ്ടത്.
കുട്ടികളുടെ ആധാർ പുതുക്കുന്നതിൽ രണ്ട് വർഷം വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. മുൻപ് അഞ്ചാം വയസിലും, പതിനഞ്ചാം വയസിലുമാണ് ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തി ആധാറിലെ വിവരങ്ങൾ പുതുക്കേണ്ടിയിരുന്നത്. എന്നാൽ, പുതിയ ചട്ടങ്ങൾ അനുസരിച്ച് 7 വയസ് വരെയും, 17 വയസ് വരെയും വിവരങ്ങൾ സൗജന്യമായി പുതുക്കാവുന്നതാണ്.
Post Your Comments