Life Style

ഭക്ഷ്യവിഷബാധ, ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കുക

ഇന്ന് ജൂണ്‍ 7, ലോക ഭക്ഷ്യ സുരക്ഷാദിനമാണ്. ഭക്ഷണ- പാനീയങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് അപകടകരമാംവിധത്തില്‍ വിഷാംശങ്ങളോ അല്ലെങ്കില്‍ അത്തരത്തിലുള്ള രോഗാണുക്കളോ എത്തി ജീവന് പോലും ഭീഷണിയാകുന്ന അവസ്ഥയാണ് ഭക്ഷ്യ വിഷബാധയിലുണ്ടാകുന്നതെന്ന് ഏവര്‍ക്കുമറിയാം.

ഇപ്പോള്‍ ധാരാളം പേര്‍ പതിവായി തന്നെ പുറത്തുനിന്നുള്ള ഭക്ഷണങ്ങളെ ആശ്രയിച്ചുകഴിയുന്ന സാഹചര്യത്തില്‍ തീര്‍ച്ചയായും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. കഴിയുന്നതും വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഭക്ഷണം പതിവായി കഴിക്കാന്‍ ശ്രമിക്കുകയെന്നതാണ് ഇതില്‍ ആദ്യം തന്നെ ചെയ്യാവുന്നൊരു കാര്യം.

ഇനി വീടുകളിലായാലും റെസ്റ്റോറന്റുകളിലായാലും ഭക്ഷണത്തില്‍ നിന്ന് അത് കഴിക്കുന്നവരിലേക്ക് രോഗങ്ങളോ വിഷാംശമോ എത്താതിരിക്കാന്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാനുണ്ട്. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്…

ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം ശുചിയായിരിക്കണം. അതുപോലെ തന്നെ ഭക്ഷണം പാകം ചെയ്യുന്ന വ്യക്തിയും ശുചിത്വം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ഈ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഒരുപാട് പ്രശ്‌നങ്ങളൊഴിവാക്കാന്‍ സാധിക്കും.

രണ്ട്…

ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്ന സമയത്ത് പാകം ചെയ്ത ഭക്ഷണവും അല്ലാത്തവയും കൂടിക്കലര്‍ത്തിയോ അലസമായോ സൂക്ഷിക്കരുത്. എല്ലാം പ്രത്യേകമായി വൃത്തിയായി തന്നെ സൂക്ഷിക്കുക. അത് ഫ്രഡ്ജിനുള്ളില്‍ ആണെങ്കിലും. വിശേഷിച്ചും ഇറച്ചിയും മീനുമൊക്കെയാണ് വൃത്തിയായി സൂക്ഷിക്കേണ്ടത്. പാകം ചെയ്ത ഭക്ഷണം അടച്ചുവയ്ക്കലും നിര്‍ബന്ധമാണ്.

മൂന്ന്…

നന്നായി പാകം ചെയ്ത് കഴിക്കേണ്ട ഭക്ഷണം അങ്ങനെ തന്നെ കഴിക്കണം. പ്രത്യേകിച്ച് ഇറച്ചിയാണ് ഇതില്‍ ഏറെ സൂക്ഷിക്കേണ്ടത്. കാരണം ഇറച്ചി നല്ലതുപോലെ വേവിച്ചില്ല എങ്കില്‍ അതില്‍ നിന്ന് രോഗകാരികളായ ബാക്ടീരിയകളും മറ്റും മനുഷ്യരിലേക്ക് എത്തും.

നാല്…

ഭക്ഷണസാധനങ്ങള്‍, അതും പാകം ചെയ്തതാണെങ്കില്‍ നിര്‍ബന്ധമായും യോജിച്ച താപനിലയില്‍ തന്നെ സൂക്ഷിക്കാന്‍ കരുതലെടുക്കുക. ഫ്രിഡ്ജിനുള്ളിലാണെങ്കിലും പുറത്താണെങ്കിലും ഇക്കാര്യം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ഭക്ഷണം കേടാകുകയും അതില്‍ രോഗാണുക്കള്‍ വരികയും ചെയ്യാം. ഇതറിയാതെ നാമത് കഴിക്കാനും നമുക്ക് ഭക്ഷ്യവിഷബാധയേല്‍ക്കാനും സാധ്യതയുണ്ടാകുന്നു.

അഞ്ച്…

ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഇതിനായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം. വൃത്തിയുള്ള വെള്ളമായിരിക്കണം ഉപയോഗിക്കേണ്ടത്. അതുപോലെ തന്നെ പാചകത്തിനുപയോഗിക്കുന്ന മറ്റ് ചേരുവകളും ഉപകരണങ്ങളുമെല്ലാം വൃത്തിയും സുരക്ഷിതത്വമുള്ളതും ആയിരിക്കണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button