
രണ്ടാഴ്ചക്കാലം മകള്‍ക്ക് വീട്ടില്‍ പാകം ചെയ്ത ഭക്ഷണം നല്‍കാത്തതിനെ തുടര്‍ന്ന് പിതാവിന് മകളുടെ സംരക്ഷണാവകാശം നഷ്ടപ്പെട്ടു. ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോള്‍, സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് വിധിപ്രസ്താവം നടത്തിയത്. കൂടാതെ കുട്ടിയുടെ സംരക്ഷണ അവകാശം കുഞ്ഞിന്റെ കൂടി ആഗ്രഹപ്രകാരം പൂര്‍ണ്ണമായും അവളുടെ അമ്മയ്ക്ക് കൈമാറുകയും ചെയ്തു.
വിദേശത്ത് ജോലി ചെയ്യുന്ന തിരക്കേറിയ പ്രൊഫഷണലായ പിതാവിന് രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു ദിവസം പോലും മകള്‍ക്ക് വീട്ടില്‍ പാകം ചെയ്ത ഭക്ഷണം നല്കാന് കഴിയാതെ വന്നതോടെയാണ് സുപ്രീം കോടതി ഇത്തരത്തില്‍ ഒരു വിധി പുറപ്പെടുവിച്ചത്. സുപ്രീം കോടതി ഉത്തരവിന് മുമ്പ്, കേരള ഹൈക്കോടതി അച്ഛന് എല്ലാ മാസവും 15 ദിവസം മകളോടൊപ്പം കഴിയാന്‍ അനുവാദം നല്‍കിയിരുന്നു.
സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന പിതാവ് തിരുവനന്തപുരത്ത് ഒരു വീട് വാടകയ്ക്ക് എടുത്താണ് മകളോടൊപ്പം കഴിഞ്ഞിരുന്നത്. മാസത്തില്‍ 15 ദിവസമായിരുന്നു ഇദ്ദേഹം മകള്‍ക്ക് ഒപ്പം കഴിയുന്നതിനായി സിംഗപ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്നിരുന്നത്. സ്നേഹവും കരുതലും ഉള്ള അച്ഛനാണെങ്കിലും കുട്ടിയുടെ ശരിയായ വളര്‍ച്ചയ്ക്കും ക്ഷേമത്തിനും അദ്ദേഹത്തിന്റെ സാഹചര്യങ്ങള്‍ അനുയോജ്യമല്ല എന്നായിരുന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്.
റെസ്റ്റോറന്റുകളില്‍ നിന്ന് വാങ്ങുന്ന ഭക്ഷണം തുടര്‍ച്ചയായി കഴിക്കുന്നത് മുതിര്‍ന്ന വ്യക്തികള്‍ക്ക് പോലും ആരോഗ്യത്തിന് ഹാനികരമാകുമെന്ന് കോടതി പറഞ്ഞു. അങ്ങനെയുള്ളപ്പോള്‍ എട്ടു വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ കാര്യം പറയേണ്ടതില്ലല്ലോ എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കുട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വികാസത്തിനും വീട്ടില്‍ പാകം ചെയ്ത പോഷകസമൃദ്ധമായ ഭക്ഷണം ആവശ്യമാണെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
അച്ഛനോടൊപ്പം ഉള്ള 15 ദിവസത്തെ ഇടക്കാല കസ്റ്റഡി കാലയളവില്‍ അച്ഛന് അല്ലാതെ മറ്റാരുമായും കുട്ടിക്ക് സൗഹൃദമോ സഹവാസമോ ലഭിക്കുന്നില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയും വീട്ടില്‍ നിന്ന് ജോലി ചെയ്യുകയും ചെയ്യുന്ന അമ്മയോടൊപ്പമാണ് കുട്ടിക്ക് കൂടുതല്‍ സുരക്ഷിതത്വം എന്നും സുപ്രീം കോടതി പറഞ്ഞു. എന്നിരുന്നാലും, എല്ലാ മാസവും ഒന്നിടവിട്ട വാരാന്ത്യങ്ങളില്‍ മകളെ കാണാന്‍ അച്ഛനെ അനുവദിച്ചിട്ടുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസം വീഡിയോ കോളില്‍ അവളുമായി സംസാരിക്കാനും അദ്ദേഹത്തിന് അനുവാദമുണ്ട്.
Post Your Comments