KeralaLatest News

ശസ്ത്രക്രിയയ്ക്കിടെ പതിമൂന്നുകാരി മരിച്ചു: കിംസ് ആശുപത്രിക്കെതിരെ ചികിത്സാ പിഴവാരോപിച്ച് ബന്ധുക്കൾ, പരാതി നൽകി

തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടര്‍ന്ന് പതിമൂന്നുകാരി മരിച്ചതായി പരാതി. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനിയും നെല്ലിമൂട് സെന്‍റ് ക്രിസോസ്റ്റംസ് കോണ്‍വെന്‍റിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുമായ അനീന എ.എസ്. ആണ് കിംസ് ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരണപ്പെട്ടത്. നട്ടെല്ലിനു പിറകിലെ ശസ്ത്രക്രിയയുടെ ഭാഗമായാണ് കിംസില്‍ അഡ്മിറ്റ് ചെയ്തത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ എത്തിച്ചു.

ഇതിനെ തുടര്‍ന്നുണ്ടായ ചികിത്സാപിഴവിലാണ് മരണമെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ആശുപത്രി അധികൃതര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ കൺസെന്റ് ലെറ്റര്‍ ഒപ്പിട്ട് നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കിയ മറുപടിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

അതേസമയം, ബന്ധുക്കള്‍ കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലും മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുള്ളതായി അറിയിച്ചു.

ശസ്ത്രക്രിയയ്ക്കിടയില്‍ ഉണ്ടായ കാര്‍ഡിയാക് അറസ്റ്റ് ആയിരിക്കാം മരണകാരണമെന്നും പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ അതിനനുസരിച്ചുള്ള നടപടികള്‍ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു. തിരുവനന്തപുരം സബ് കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ മെഡിക്കല്‍ കോളജില്‍ എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button