Life Style

ആരോഗ്യത്തിന് ഏറ്റവും ഉത്തമം, ചുവന്ന ചീരയുടെ ഗുണങ്ങളെ കുറിച്ചറിയാം

ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ചീര. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ അകറ്റാനും പ്രതിരോധശേഷി നിലനിര്‍ത്താനും ചീര കഴിക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച് വിറ്റാമിനുകള്‍ ധാരാളം അടങ്ങിയതാണ് ചുവന്ന ചീര.

ചുവന്ന ചീരയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

 

ഒന്ന്…

വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ചുവന്ന ചീര. ഒപ്പം ചീരയില്‍ അയണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളര്‍ച്ച കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു. ചുവന്ന ചീരയ്ക്ക് രക്തയോട്ടം വര്‍ധിപ്പിക്കാനുള്ള കഴിവുമുണ്ട്.

രണ്ട്…

ധാരാളം ആന്റിഓക്‌സിഡന്റുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ചുവന്ന ചീര ദഹനത്തിന് ഏറെ നല്ലതാണ്. ഇതിലെ ഫൈബര്‍ അംശം ആണ് ദഹനത്തിന് ഏറെ പ്രയോജനകരമാകുന്നത്.

മൂന്ന്…

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷണമാണ് ചുവന്ന ചീര. ഒരു കപ്പ് ചീര അവിച്ചതില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

നാല്…

രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ പൊട്ടാസ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ വിദഗ്ധര്‍ തന്നെ നിര്‍ദ്ദേശിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പൊട്ടാസ്യം ധാരാളം അടങ്ങിയ ചുവന്ന ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

അഞ്ച്…

ആന്റിഓക്‌സിഡന്റുകളും നാരുകളും അടങ്ങിയ ചുവന്ന ചീര പ്രമേഹരോഗികള്‍ക്കും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പ്രമേഹം മൂലമുള്ള ക്ഷീണം ഒഴിവാക്കാനും ചീര സഹായിക്കും.

ആറ്…

നാരുകളാല്‍ സമ്പന്നമായ ചുവന്ന ചീര മലബന്ധം അകറ്റനും സഹായിക്കും.

ഏഴ്…

കാത്സ്യം, വിറ്റമിന്‍ കെ, മഗ്‌നീഷ്യം എന്നിവ ധാരാളമടങ്ങിയ ചുവന്ന ചീര എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിര്‍ത്താന്‍ സഹായിക്കും.

എട്ട്…

ചുവന്ന ചീരയിലെ നാരുകളുടെ സാന്നിധ്യം കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ ചുവന്ന ചീരയ്ക്കു സാധിക്കും. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.

ഒമ്പത്…

ശരീരത്തിന് മാത്രമല്ല, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ചുവന്ന ചീര നല്ലതാണ്. ചീരയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, സി, അയണ്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്. വിറ്റാമിന്‍ സി ‘കൊളീജിന്‍’ ഉത്പാനം വര്‍ധിപ്പിക്കുന്നു. ഇത് തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായകരമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ മുടി കൊഴിച്ചിലിനെയും തടയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button