ThiruvananthapuramKeralaNattuvarthaLatest NewsNews

ജൂലായ് 4 ലോക ചക്ക ദിനം: പുത്തരിക്കണ്ടത്ത് ആഘോഷമായി ചക്ക മഹോത്സവം

ചക്ക വിഭവങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയുമാണ് മേളയിലൊരുക്കിയിരിക്കുന്നത്

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള മാധുര്യമൂറും ചക്കപ്പഴങ്ങളും സ്വാദിഷ്ടമായ ചക്ക വിഭവങ്ങളും അണിനിരത്തി പുത്തരിക്കണ്ടം നായനാർ പാർക്കിലാരംഭിച്ച അനന്തപുരി ചക്ക മഹോത്സവം ജനശ്രദ്ധയാകർഷിക്കുന്നു. ചക്ക കായ്ച്ച് നിൽക്കുന്ന പ്ലാവിൻ തൈകൾ വാങ്ങാനും കാണാനും ആളുകളേറേ എത്തുന്നു.

തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക, നാടന്‍ വരിക്ക, മുള്ളന്‍ ചക്ക, കൂഴച്ചക്ക, കൊട്ട് വരിക്ക തുടങ്ങി വിവിധ വലിപ്പത്തിലും രുചിയിലുമുള്ള നൂറുകണക്കിന് വ്യത്യസ്തതരം ചക്കകളാണ് മേളയിലുള്ളത്. ജൂലൈ ഒമ്പതുവരെ എല്ലാദിവസവും രാവിലെ 11 മുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രദർശനം. പാർക്കിംഗ് സൗകര്യം പുത്തരികണ്ടം മൈതാനിയിൽ ഒരുക്കിയിട്ടുണ്ട്.

read also: ടൈപ്പ് വൺ ഡയബറ്റീസ് കുട്ടികൾക്ക് വീടിനടുത്തുളള സ്‌കൂളിൽ വിദ്യാഭ്യാസം ഉറപ്പാക്കണം: ബാലാവകാശ കമ്മീഷൻ

ചക്ക വിഭവങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയുമാണ് മേളയിലൊരുക്കിയിരിക്കുന്നത്. ഒരു വശത്ത് 100ല്‍പ്പരം രുചിയേറുന്ന ചക്ക വിഭവങ്ങള്‍ മാത്രമുള്ള ഫുഡ്‌കോര്‍ട്ട് മേളയുടെ മറ്റൊരു പ്രത്യേകതയാണ്. ചക്ക മസാലദോശ, ചക്ക പഴംപൊരി, ചക്ക ബജി, ചക്ക മിക്‌സ്ചര്‍, ചക്ക അട, ചക്ക കോട്ടപ്പം, ചക്ക ചിപ്‌സ്, ചക്ക ഉള്ളിവട, ചക്ക മഞ്ചൂരി, ചക്ക മോതകം, ചക്ക മധുരചില്ലി, ചക്ക കട്‌ലറ്റ് എന്നിവയുടെ വില്‍പ്പനയുമുണ്ട്. ചക്ക സ്‌ക്വാഷുകള്‍, ചക്ക ജാമുകള്‍ എന്നിവയുടെ വില്‍പ്പനയും പാചക പരിശീലനവും പ്രദര്‍ശനത്തിലുണ്ട്.

ഓരോ വീട്ടിലും ഒരു പ്ലാവിൻ തൈ നടുക എന്ന ലക്ഷ്യത്തോടെ മുപ്പതിൽപരം വ്യത്യസ്തയിനം പ്ലാവിന്‍ തൈകൾ കുറഞ്ഞ വിലയ്ക്ക് മേളയിൽ ലഭിക്കും. ജൈവോല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ചക്കവിഭവങ്ങളും മേളയില്‍ ഒരുക്കിയിരിക്കുന്നു. ഇതോടൊപ്പം മറ്റ് വീട്ട് ഉപകരണങ്ങളുടെ പ്രദർശനവും കാണികൾക്കായി ഒരുക്കിയിരിക്കുകയാണ്. ലോക ചക്ക ദിനമായ ഇന്ന് ചക്ക മഹോത്സവം കാണാൻ എത്തുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ ഒട്ടേറെ സമ്മാനങ്ങളും നൽകുന്നു

 

shortlink

Post Your Comments


Back to top button