KeralaLatest News

നമ്മുടെ ശരീരത്തിനുള്ള റീ ചാർജാണ് കർക്കടക മാസത്തിലെ സുഖചികിൽസ: അറിയാം ഇക്കാര്യങ്ങൾ

ആരോഗ്യ കാര്യത്തിലും ആത്മീയ കാര്യത്തിലും ഏറെ പ്രാധാന്യമുള്ള മാസമാണ് കർക്കടകം. മഴക്കാലത്ത് ശരീരത്തിൽ വാതം പ്രകോപിതമാകും. ശരീരത്തിൽ അധികമുള്ള വാതദോഷത്തെ പുറത്തുകളയാൻ വേണ്ടിയാണ് കർക്കടക ചികിൽസ. മസാജ്, ധാര, പൊടിക്കിഴി, പച്ചക്കിഴി, ഉധ്വർത്തനം തുടങ്ങിയവയാണ് ഇതിൽ പ്രധാനം. സുഖ ചികിൽസയ്‌ക്കു മൂന്നു ദിവസം മുതൽ ഒരു മാസം വരെ നീളുന്ന വിവിധ പാക്കേജുകളുണ്ട്. വീട്ടിൽ വച്ചു തന്നെ ചെയ്യാവുന്ന ലഘുചികിൽസയാണ് എണ്ണതേച്ചുകുളി.

ആയുർവേദ ആശുപത്രികളിലും മർമ ചികിൽസാലയങ്ങളിലും കർക്കടക മാസ ചികിൽസകളായ ഉഴിച്ചിലും പിഴിച്ചിലും ഔഷധക്കഞ്ഞി വിതരണവും സജീവമാണിപ്പോൾ. പ്രായഭേദമെന്യേ മുതിർന്നവർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം സുഖചികിൽസ നടത്താം. വിശ്രമവും പഥ്യവുമാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഓരോ ചികിൽസാവിധിക്കും ഓരോ സമയപരിധിയുണ്ട്. ഒരു ചികിൽസാ രീതി നിശ്‌ചയിച്ചു കഴിഞ്ഞാൽ ഇടയ്‌ക്കു വച്ചു നിർത്താൻ പറ്റില്ല. ശരീരത്തെ ചികിൽസയ്‌ക്കു വിധേയമാക്കി വീണ്ടും പഴയ പടിയെത്തിക്കും വരെയുള്ള ഒരു ചക്രം പൂർത്തിയാക്കുമ്പോഴേ ചികിൽസ പൂർണമാകൂ.

എണ്ണതേച്ചുള്ള കുളി (അഭ്യംഗസ്‌നാനം) ആണ് വീട്ടിൽ തന്നെ ചെയ്യാവുന്ന സുഖചികിൽസ.ശരീരപ്രകൃതി മനസ്സിലാക്കി വേണം ഏതു തരത്തിലുള്ള തൈലമാണ് ഉപയോഗിക്കേണ്ടതെന്നു തീരുമാനിക്കാൻ. ഇതിന് ആയുർവേദ വിദഗ്‌ധന്റെ സഹായം തേടണം. നാഡീ ഞരമ്പുകളെ ഉണർത്തി ഊർജസ്വലത നൽകുന്നതിനുള്ള ചികിൽസകളാണ് ഉഴിച്ചിലും തിരുമ്മലും. വാതരോഗ ശമനത്തിനും ശരീരത്തിലെ മാലിന്യം വിയർപ്പ്, മലം, മൂത്രം എന്നിവ വഴി പുറന്തള്ളുന്നതിനും ഏറെ സഹായകമാണ് ഇത്. ഉഴിച്ചിൽ നടത്തുമ്പോൾ പ്രത്യേക ചിട്ടകൾ പാലിക്കേണ്ടിവരും. ഏഴു ദിവസം മുതൽ 14 ദിവസം വരെയാണ് ഈ ചികിൽസ നടത്തേണ്ടത്.

പൊതുവെ ദഹനശക്‌തി കുറയുന്ന സമയമായതിനാൽ ദഹനം ത്വരിതപ്പെടുത്തുന്നതിനും വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ ബുദ്ധിമുട്ടുകളിൽനിന്നു രക്ഷ തരുന്നതിനും ഒട്ടേറെ ഔഷധക്കൂട്ടുകളടങ്ങിയ കർക്കടക കഞ്ഞി ഉത്തമമാണ്. അരിയാറ്, ചെറുപയർ, നല്ല ജീരകം, കരിംജീരകം, പെരുംജീരകം, ആശാളി, ഉലുവ, കൊത്തമല്ലി, കരിങ്കുറിഞ്ഞി, അയമോദകം, കുറുന്തോട്ടി, മഞ്ഞൾ, ചുക്ക്, ശതകുപ്പ, ഏലത്തരി, ജാതി പത്രി, കരയാമ്പൂ, തക്കോലം, നറുനീണ്ടി (നന്നാറി), ഓരില, മൂവില, അടപതിയൻ, നിലപ്പന, വയൽചുള്ളി, പുത്തരിച്ചുണ്ട, തഴുതാമ, ചങ്ങലവരണ്ട തുടങ്ങിയവ ഔഷധങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന കഷായത്തിലാണ് കഞ്ഞി തയാറാക്കുന്നത്.

കഷായം അരിച്ചെടുത്ത് അതിൽ നവര അരി വേവിച്ചെടുത്ത് പശുവിൻ പാലിലോ ആട്ടിൻ പാലിലോ തേങ്ങാപ്പാലിലോ ചേർത്ത് കഴിക്കാം. നവര അരി ഇല്ലെങ്കിൽ പഴയ നെല്ലിന്റെ തവിടു കളയാത്ത മട്ടപ്പച്ചരി ഉപയോഗിക്കാം. രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. വൈകുന്നേരവും കഴിക്കാം. മൽസ്യ, മാംസാഹാരങ്ങൾ ഉപേക്ഷിക്കൽ മാത്രമല്ല പഥ്യം. ആയുർവേദ വിധിപ്രകാരം രോഗത്തിനും ഔഷധത്തിനും ചേരുന്നതും ചേരാത്തതുമായവ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഭക്ഷണക്രമത്തെയാണു പഥ്യം എന്നു പറയുന്നത്. ചില രോഗങ്ങൾ ഉള്ളവർക്കു ചില ഭക്ഷണപഥാർഥങ്ങൾ ചേരില്ല. ചില മരുന്നുകൾ ഉപയോഗിക്കുമ്പോഴും ചില ഭക്ഷണങ്ങൾ ഉപേക്ഷിക്കേണ്ടി വരും. ഇവ ഒഴിവാക്കി, ഡോക്‌ടർ നിർദേശിക്കുന്ന ഭക്ഷണക്രമം പിന്തുടരുന്നതിനെയാണ് പഥ്യം എന്നു പറയുന്നത്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. പി. കൃഷ്‌ണദാസ്, ചീഫ് ഫിസിഷ്യൻ, അമൃതം ആയുർവേദിക് ഹോസ്‌പിറ്റൽ ആൻഡ് റിസർച് സെന്റർ പെരിന്തൽമണ്ണ.

ഡോ. പി. വിജേഷ്, ഫിസിഷ്യൻ, ആര്യവൈദ്യശാല, കോട്ടയ്ക്കൽ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button