News

അന്ന് രാജ്‌മോഹൻ ഉണ്ണിത്താനെ ന്യായീകരിച്ചവർ ഇന്ന് വിനായകനെ കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ കൊണ്ട് പുലഭ്യം പറയുന്നു:കുറിപ്പ്

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപമാനിച്ച നടൻ വിനായകന് നേരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. ഇതോടൊപ്പം, യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ വിനായകനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. കോൺഗ്രസ് അനുഭാവികൾ അടക്കം നിരവധി പേരാണ് വിനായകനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. ഇതിനിടെ വിനായകൻ പറഞ്ഞത് അയാളുടെ അഭിപ്രായമല്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്.

വിനായകനെ ക്രൂശിക്കുന്നവർക്കിടയിൽ ശ്രദ്ധേയമാവുകയാണ് ഒരു ഫേസ്‌ബുക്ക് പോസ്റ്റ്. മുതിർന്ന കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ മൂന്ന് വർഷങ്ങൾക്ക് മുൻപ് പറഞ്ഞത് തന്നെയല്ലേ ഇന്ന് വിനായകൻ പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടുന്ന ഫേസ്‌ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. കോൺഗ്രസ് പ്രവർത്തകരാൽ കൊല്ലപ്പെട്ട ഹഖിനെയും മിഥിലാജിനെയും ‘ചത്തവർ’ എന്നായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താൻ വിശേഷിപ്പിച്ചിരുന്നത്. അന്ന് രാജ്‌മോഹൻ ഉണ്ണിത്താനെ തള്ളിപ്പറയാത്ത കോൺഗ്രസും കോൺഗ്രസ് അനുഭാവികളും, ഇന്ന് സമാന അഭിപ്രായം നടത്തിയ വിനായകനെ ക്രൂശിക്കുന്നത് ഇരട്ടത്താപ്പല്ലേ എന്നാണ് ഇടത് അനുഭാവികൾ ഉന്നയിക്കുന്ന ചോദ്യം.

വിനായകന്റെ പ്രയോഗം മനുഷ്യത്വ വിരുദ്ധമാണ് എന്നതിൽ സംശയമില്ലെന്ന് തന്റെ വൈറൽ കുറിപ്പിൽ സുബാഷ് നാരായണൻ എഴുതി. ഈ വിഷയത്തിൽ വിനായകനും രാജ്‌മോഹനും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ, ഉണ്ടെങ്കിൽ അത് എന്താണ് എന്ന് കോൺഗ്രസുകാർ തന്നെ പറയട്ടെ എന്നും അദ്ദേഹം പറയുന്നു.

‘മൂന്ന് വർഷം മുൻപ് കോൺഗ്രസ് അക്രമികളാൽ കൊല്ലപ്പെട്ട വെഞ്ഞാറമൂട്ടിലെ സഖാക്കളായ ഹഖിനെയും മിഥിലാജിനെയും ‘ചത്തവർ’ എന്ന് വിശേഷിപ്പിച്ചത് കാസറഗോഡ് എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താൻ ആണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒരാൾ മരിക്കുമ്പോൾ ‘ചത്തു’ എന്ന പ്രയോഗം ആണ് നടത്തുന്നത് എന്നാണ് അത് ചൂണ്ടിക്കാട്ടിയ ഇടതുപക്ഷ പ്രതിനിധിയായ സഖാവ് വി പി പി മുസ്തഫയോട് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചത്. അന്ന് അതിനെ ന്യായീകരിച്ചവർ ഉൾപ്പെടെയുള്ള കൊൺഗ്രസ് ഹാൻഡിലുകൾ ഇന്നലെ സമാനമായ പ്രയോഗം നടത്തിയ നടൻ വിനായകനെ കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ കൊണ്ട് പുലഭ്യം പറയുകയാണ്. വിനായകന്റെ പ്രയോഗം മനുഷ്യത്വ വിരുദ്ധമാണ് എന്നതിൽ സംശയമില്ല. ഈ വിഷയത്തിൽ വിനായകനും രാജ്‌മോഹനും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ, ഉണ്ടെങ്കിൽ അത് എന്താണ് എന്ന് കോൺഗ്രസുകാർ തന്നെ പറയട്ടെ’, വൈറൽ കുറിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button