Latest NewsIndia

ഒഡീഷ ട്രെയിന്‍ ദുരന്തത്തിന് കാരണം സിഗ്നലിം​ഗ് പിഴവ്: ഇനിയും തിരിച്ചറിയാനുള്ളത് 41 മൃതദേഹങ്ങൾ

ന്യൂഡല്‍ഹി: ഒഡീഷയിലെ ബാലേശ്വറിൽ 295 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ ദുരന്തത്തിന് കാരണം സിഗ്നലിങ്ങിലെ പിഴവാണെന്ന് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ഉൾപ്പെടുന്ന റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് റെയിൽവേ മന്ത്രാലയം പുറത്തുവിട്ടു. അപകട കാരണം വിശദമാക്കുന്ന റിപ്പോര്‍ട്ട് ആദ്യമായാണ് റെയില്‍വേ മന്ത്രാലയം പുറത്തുവിടുന്നത്. ദുരന്തത്തില്‍ മരിച്ച 41 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും റെയില്‍വേ വ്യക്തമാക്കി.

എം പിമാരായ മുകുള്‍ വാസ്‌നിക്, ജോണ്‍ ബ്രിട്ടാസ്, സഞ്ജയ് സിങ് എന്നിവർ രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ രേഖാമൂലം അറിയിച്ചത്. സ്റ്റേഷനിലെ നോര്‍ത്ത് സിഗ്നല്‍ ഗൂംടിയില്‍ നേരത്തേ നടത്തിയ സിഗ്നലിങ് സര്‍ക്ക്യൂട്ട് മാറ്റത്തിലെ പിഴവും സ്റ്റേഷനിലെ ലെവല്‍ ക്രോസിങ് ഗേറ്റ് നമ്പര്‍ 94ല്‍ ഇലക്ട്രിക് ലിഫ്റ്റിങ് ബാരിയര്‍ മാറ്റവുമായി ബന്ധപ്പെട്ട സിഗ്നലിങ് ജോലികള്‍ നടപ്പാക്കിയതിലെ പിഴവുമാണ് ട്രെയിന്‍ ഇടിച്ചുകയറാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ പിഴവുകള്‍ കോറമാണ്ഡല്‍ എക്‌സ്പ്രസിന് തെറ്റായ ലൈനില്‍ ഗ്രീൻ സിഗ്നല്‍ ലഭിക്കാന്‍ കാരണമായെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു.റെയില്‍വേ ജീവനക്കാരുടെ ഭാഗത്തുനിന്നു വീഴ്ചയും ശ്രദ്ധക്കുറവും ഉണ്ടായെന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും റെയിൽവേ മന്ത്രി മറുപടിയിൽ അറിയിച്ചു.ജൂണ്‍ രണ്ടിന് കോറമാണ്ഡല്‍ എക്‌സ്പ്രസും ഷാലിമാര്‍ എക്‌സ്പ്രസും ഒരു ചരക്കു തീവണ്ടിയും ഉള്‍പ്പെട്ട ദുരന്തത്തില്‍ 295 പേര്‍ മരിച്ചെന്നും 176 പേര്‍ക്കു ഗുരുതരമായി പരുക്കേറ്റെന്നും റെയില്‍വേ മന്ത്രി അറിയിച്ചു.

451 പേര്‍ക്കു ഗുരുതരമല്ലാത്ത പരിക്കുണ്ട്. തിരിച്ചറിയാത്ത 41 മൃതദേഹങ്ങള്‍ ഇപ്പോഴും ഭുവനേശ്വര്‍ എയിംസില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിശോധനയ്ക്കായി ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജൂലൈ 16 വരെ 29.49 കോടി രൂപ നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ട്. നഷ്ടപരിഹാരത്തിനായി 258 അപേക്ഷകളാണ് ലഭിച്ചതെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button