Latest NewsIndia

വിജയ് മല്യ, നീരവ് മോദി ഉൾപ്പെടെയുള്ള 10 പേരുടെ 15,000 കോടി രൂപയുടെ സ്വത്തുവകകൾ കേന്ദ്രസർക്കാർ തിരിച്ചു പിടിച്ചു

ന്യൂഡൽഹി: സാമ്പത്തിക കുറ്റകൃത്യങ്ങളിൽപെട്ട് പലായനം ചെയ്തവരുമായി ബന്ധപ്പെട്ട ‘ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്‌സ് ആക്ട്’ പ്രകാരമുള്ള പ്രതികളിൽ നിന്ന് കേന്ദ്രസർക്കാർ ഇതുവരെ 15,113 കോടി രൂപ പിരിച്ചെടുത്തതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. ചൊവ്വാഴ്ച രാജ്യസഭയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. പിടിച്ചെടുത്ത പണം പൊതുമേഖലാ ബാങ്കുകളിലേക്ക് നൽകിയതായും പങ്കജ് ചൗധരി വ്യക്തമാക്കി.

വിജയ് മല്യ, നീരവ് മോദി, നിതിൻ ജയന്തിലാൽ സന്ദേശര, ചേതൻ ജയന്തിലാൽ സന്ദേശര, ദീപ്തി ചേതൻ ജയന്തിലാൽ സന്ദേശര, ഹിതേഷ് കുമാർ നരേന്ദ്രഭായ് പട്ടേൽ, ജുനൈദ് ഇഖ്ബാൽ മേമൻ, ഹാജ്‌റ ഇഖ്ബാൽ മേമൻ, ആസിഫ് ഇക്ബാൽ മേമൻ, രാമചന്ദ്രൻ വിശ്വനാഥൻ എന്നിങ്ങനെയുള്ളവരിൽ നിന്നുമാണ് ഇതുവരെയായി 15,113 കോടി രൂപ വീണ്ടെടുത്തിട്ടുള്ളത്. ഈ കുറ്റവാളികളിൽ ജുനൈദ് മേമൻ, ഹാജ്‌റ മേമൻ, ആസിഫ് മേമൻ എന്നിവർ ഒരുകാലത്ത് ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായിരുന്ന പ്രശസ്ത മയക്കുമരുന്ന് ഗുണ്ടാസംഘ നേതാവായ ഇഖ്ബാൽ മിർച്ചിയുടെ കുടുംബാംഗങ്ങളാണ്.

സന്ദേശരസും ഹിതേഷ് കുമാർ പട്ടേലും പങ്കാളികളായിരുന്ന സ്റ്റെർലിംഗ് ബയോടെക് ഒരുകാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജലാറ്റിൻ ഉത്പാദകരിൽ ഒരാളായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്. ദേവാസ് മൾട്ടിമീഡിയയിലെ രാമചന്ദ്രൻ വിശ്വനാഥൻ, മുൻ മദ്യവ്യവസായി വിജയ് മല്യ, ജ്വല്ലറി വ്യാപാരി നീരവ് മോദി എന്നിവരും സാമ്പത്തിക കുറ്റകൃത്യം ചെയ്ത് രാജ്യം വിട്ടവരിൽ ഉൾപ്പെടുന്നു. യുപിഎ കാലഘട്ടത്തിലാണ് ഇവർക്ക് പല ബാങ്കുകളും വായ്പ അനുവദിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button