KeralaLatest News

പണയ സ്വർണമില്ലാതെ അംഗങ്ങളുടെ പേരിൽ അവരറിയാതെ കോടികളുടെ വായ്പാ തട്ടിപ്പ്: സിപിഎം നേതാവിനെ പുറത്താക്കി

കാസർകോട്: സ്വർണപണയ വായ്പ തട്ടിപ്പു കേസിൽ പൊലീസ് കേസെടുത്തതോടെ സിപിഎം ലോക്കൽ കമ്മിറ്റി അം​ഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി. സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് സംഘം സെക്രട്ടറി കർമംതോടിയിലെ കെ.രതീശൻ വൻ ക്രമക്കേട് കാട്ടിയത്.

അംഗങ്ങളറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്പ എടുത്തെന്നാണ് പ്രസിഡന്റ് ബെള്ളൂർ കിന്നിങ്കാറിലെ കെ.സൂപ്പിയുടെ പരാതി. സഹകരണ സംഘം പ്രസിഡന്റിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആദൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. രതീശൻ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ.രതീശനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്. പ്രാഥമിക പരിശോധനയിൽ 4,75,99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വർണം ഇല്ലാതെയാണ് 7 ലക്ഷം രൂപ വരെ അനുവദിച്ചത്.

ജനുവരി മുതൽ പല തവണകളായാണ് വായ്പകൾ അനുവദിച്ചത്. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിവരം ഭരണസമിതിയെ അറിയിക്കുകയും കേസ് ഫയൽ ചെയ്യാൻ നിർദേശം നൽകുകയുമായിരുന്നു. ഒരാഴ്ചയ്ക്കകം മുഴുവൻ പണവും തിരിച്ചടയ്ക്കാമെന്ന് സെക്രട്ടറി ചിലരോട് പറഞ്ഞതായും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button