Latest NewsIndia

‘മകളെ കൊന്നാല്‍ അത് ഭാര്യയ്ക്ക് നല്‍കാവുന്ന ഏറ്റവുംവലിയ ശിക്ഷയാകുമെന്ന് കരുതി’ – 8 വയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ്

ഹൈദരാബാദ്: എട്ടുവയസ്സുള്ള മകളെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ് പോലീസ് പിടിയിലായി. ഹൈദരാബാദ് സ്വദേശിയായ ടെക്കി യുവാവ് കുണ്ഡേതി ചന്ദ്രശേഖറാണ് മകള്‍ മോക്ഷജയെ കൊലപ്പെടുത്തിയത്. മൃതദേഹവുമായി സഞ്ചരിക്കുന്നതിനിടെ ഇയാളുടെ കാര്‍ അപകടത്തില്‍പ്പെട്ടു. തുടർന്നുള്ള പരിശോധനയിലാണ് കൊലപാതക വിവരം പുറത്തായത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കഴിഞ്ഞദിവസം നഗരത്തിന് പുറത്ത് അബ്ദുള്ളപുറമേടിലാണ് ചന്ദ്രശേഖര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട കാര്‍ മീഡിയനില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവം കണ്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കാറിനുള്ളില്‍ കഴുത്തിന് മുറിവേറ്റനിലയില്‍ സ്‌കൂള്‍ യൂണിഫോം ധരിച്ച ഒരു പെണ്‍കുട്ടിയെ കണ്ടെത്തി. അബോധാവസ്ഥയില്‍ ചോരയില്‍കുളിച്ചനിലയില്‍ കുട്ടിയെ കണ്ടതോടെ സംശയം തോന്നിയ നാട്ടുകാര്‍ ഉടന്‍തന്നെ വിവരം പോലീസില്‍ അറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി നേരത്തെ തന്നെ മരിച്ചിരുന്നതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് കാറിലുണ്ടായിരുന്ന ചന്ദ്രശേഖറിനെ ചോദ്യംചെയ്തതോടെയാണ് കാറിലുണ്ടായിരുന്നത് മകളാണെന്നും മകളെ താന്‍ കൊലപ്പെടുത്തിയതാണെന്നും ഇയാള്‍ വെളിപ്പെടുത്തിയത്.

ഭാര്യയോടുള്ള ദേഷ്യവും പകയും കാരണമാണ് ചന്ദ്രശേഖര്‍ എട്ടുവയസ്സുള്ള മകളെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഏതാനുംമാസങ്ങളായി ഭാര്യ ഹിമബിന്ദുവും മകളും പ്രതിയില്‍നിന്ന് വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. മകളെ കൊലപ്പെടുത്തിയാല്‍ അത് ഭാര്യയ്ക്ക് നല്‍കാവുന്ന ഏറ്റവുംവലിയ ശിക്ഷയായാണ് പ്രതി കരുതിയതെന്നും പോലീസ് പറഞ്ഞു.

ചന്ദ്രശേഖറും ഭാര്യ ഹിമബിന്ദുവും ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ജീവനക്കാരായിരുന്നു. ഒരേകമ്പനിയിലാണ് ഇരുവരും ജോലിചെയ്തിരുന്നതെങ്കിലും മാസങ്ങള്‍ക്ക് മുമ്പ് ചന്ദ്രശേഖറിന് ജോലിനഷ്ടമായി. മാനേജറായി ജോലിചെയ്യുന്ന ഭാര്യയെയാണ് ജോലിനഷ്ടപ്പെട്ടതിന് ഇയാള്‍ കുറ്റപ്പെടുത്തിയത്. ഇതിനെച്ചൊല്ലി വഴക്കും ഉപദ്രവവും പതിവായി. ഇതോടെ എട്ടുമാസം മുമ്പ് ഹിമബിന്ദു മകളുമായി സ്വന്തം വീട്ടിലേക്ക് പോയി.

വേര്‍പിരിഞ്ഞ് താമസിക്കുകയാണെങ്കിലും എട്ടുവയസ്സുള്ള മകളെ ചന്ദ്രശേഖര്‍ ഇടയ്ക്കിടെ സ്‌കൂളില്‍വന്ന് കാണാറുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ടും സ്‌കൂളിലെത്തിയ ചന്ദ്രശേഖര്‍ മകളെ കാറില്‍ കൂട്ടിക്കൊണ്ടുപോയി. നഗരത്തിലെ ‘ഭെല്‍ ടൗണ്‍ഷിപ്പ്’ ഭാഗത്തേക്കാണ് ഇയാള്‍ കാറോടിച്ചത്. തുടര്‍ന്ന് ആളൊഴിഞ്ഞഭാഗത്ത് വാഹനം നിര്‍ത്തുകയും മകളെ കഴുത്തറത്ത് കൊലപ്പെടുത്തുകയുമായിരുന്നു.

ചോരയില്‍കുളിച്ചനിലയിലുള്ള മൃതദേഹം കാറിന്റെ പിന്‍സീറ്റിലാണ് കിടത്തിയിരുന്നത്. ശേഷം മൃതദേഹം ഉപേക്ഷിക്കാനായാണ് നഗരത്തിന് പുറത്തുള്ള അബ്ദുള്ളപുറമേട് ഭാഗത്തേക്ക് പോയത്. ഇതിനിടെയാണ് വാഹനം അപകടത്തില്‍പ്പെട്ടതെന്നും പോലീസ് പറഞ്ഞു.

അതേസമയം, മകളെ കൊലപ്പെടുത്തിയതിന് പിന്നാലെ സംഭവം വാഹനാപകടമായി ചിത്രീകരിക്കാനാണോ പ്രതി ശ്രമിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button