KeralaLatest NewsNews

കൊല്ലപ്പെട്ട സുജിതയും വിഷ്ണുവും തമ്മില്‍ വഴിവിട്ട ബന്ധം

ഒരുമിച്ച് ജീവിക്കണമെന്ന് പറഞ്ഞതോടെ സുജിതയെ ഒഴിവാക്കാന്‍ കൊല്ലാന്‍ പദ്ധതി തയ്യാറാക്കി

മലപ്പുറം: കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയുമായ സുജിതയെ കൊലപ്പെടുത്തിയ കേസില്‍ പുതിയ വിവരങ്ങള്‍. കേസില്‍ അറസ്റ്റിലായ തുവ്വൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വിഷ്ണുവുമായി സുജിതയ്ക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഈ ബന്ധത്തില്‍ നിന്ന് ഒഴിവാകാനാണ് വിഷ്ണുവും മറ്റു പ്രതികളും ചേര്‍ന്ന് സുജിതയെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ്‌ പൊലീസ് പറയുന്നത്.

Read Also: ട്രെയിനുകൾക്ക് നേരെയുള്ള ആക്രമണം ഏറ്റവും കൂടുതൽ കേരളത്തിൽ, പുതിയ റിപ്പോർട്ടുമായി ആർപിഎഫ്

കേസിലെ മുഖ്യപ്രതി വിഷ്ണുവിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് പുറത്തെടുത്തത്. പത്തുദിവസത്തോളം പഴക്കമുള്ള മൃതദേഹം കൈകാലുകള്‍ കെട്ടിയിട്ട് പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലാണ് കണ്ടെടുത്തത്.

തുവ്വൂര്‍ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യയായ സുജിതയുമായി വിഷ്ണുവിന് വഴിവിട്ടബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സുജിതയും വിഷ്ണുവും തമ്മില്‍ സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. വിഷ്ണുവിന് പല സമയത്തും സുജിത പണം നല്‍കി സഹായിച്ചിരുന്നു. തുടര്‍ന്ന് വിഷ്ണുവുമായി ഒരുമിച്ച് ജീവിക്കണമെന്ന ആഗ്രഹം സുജിത പറഞ്ഞതോടെയാണ് അവരെ കൊലപ്പെടുത്താന്‍ പ്രതി തീരുമാനിച്ചത്. ഇതിനായി സഹോദരന്‍മാരുടേയും സഹോദരന്റെ കൂട്ടുകാരന്റയും സഹായം തേടുകയായിരുന്നു എന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. കൊലപ്പെടുത്തിയതിനു ശേഷം വിഷ്ണു സുജിതയുടെ ആഭരണങ്ങള്‍ പണയം വച്ച് കൊലപാതകത്തിന് സഹായിച്ചവര്‍ക്ക് പണം പങ്കുവച്ച് നല്‍കുകയായിരുന്നു എന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.

കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയുമായ സുജിതയെ ഓഗസ്റ്റ് 11 മുതലാണ് കാണാതായത്. അന്ന് പിഎച്ച്‌സിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഉച്ചയ്ക്ക് ഓഫീസില്‍ നിന്നിറങ്ങിയ സുജിതയെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് ബന്ധുക്കള്‍
പൊലീസിനെ സമീപിച്ചത്. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കരുവാരക്കുണ്ട്
പൊലീസ് യുവതിക്കായി അന്വേഷണവും തുടങ്ങി. കാണാതായ സുജിതയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളാണ് പ്രതികളിലേക്ക് അന്വേഷണം എത്തിച്ചത്. യുവതിയെ കൊന്ന് കൈക്കലാക്കിയ സ്വര്‍ണാഭരണങ്ങള്‍ വിഷ്ണു ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതും പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ദുരൂഹത നിറഞ്ഞ തിരോധാനക്കേസില്‍ വഴിത്തിരിവായത്.

ഓഫീസില്‍ നിന്നിറങ്ങിയ സുജിത വിഷ്ണുവിന്റെ വീട്ടിലേക്കാണ് പോയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ എന്ത് ആവശ്യത്തിനാണ് സുജിത വിഷ്ണുവിനെ കാണാന്‍ വേണ്ടി അയാളുടെ വീട്ടില്‍ എത്തിയതെന്നുള്ള കാര്യത്തില്‍ ദുരൂഹത തുടരുകയായിരുന്നു. ഈ ദുരൂഹതയ്ക്കാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button