Latest NewsIndiaInternational

ജി20 ഉച്ചകോടി തടസ്സപ്പെടുത്താൻ കശ്മീരി മുസ്ലീങ്ങളോട് ആഹ്വാനം ചെയ്ത് സിഖ് വിഘടനവാദി നേതാവ്

ന്യൂഡൽഹി: രാജ്യത്തിൻറെ അഭിമാനമായി ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടി തടസ്സപ്പെടുത്താൻ കശ്മീരി മുസ്ലീങ്ങളോട് ആഹ്വനം സിഖ് വിഘടനവാദി നേതാവ്. സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) സ്ഥാപകൻ ഗുർപത്വന്ത് സിംഗ് പന്നൂൻ ആണ് ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടി തടസ്സപ്പെടുത്താൻ ആവശ്യപ്പെട്ട് ശബ്ദ സന്ദേശം പുറത്തുവിട്ടത്. ഈ മാസം 9,10 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടി തടസ്സപ്പെടുത്താൻ പള്ളികളിൽ നിന്നും പ്ര​ഗതി മൈതാനിയിലേക്ക് മാർച്ച് ചെയ്യാനാണ് കശ്മീരി മുസ്ലീങ്ങളോട് പന്നൂൻ ആഹ്വാനം ചെയ്യുന്നത്.

വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ഉച്ചകോടി നടക്കുന്ന പ്രഗതി മൈതാനത്തേക്ക് മാർച്ച് ചെയ്യാൻ പന്നൂൻ ഓഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. ഡൽഹി ഐജിഐ വിമാനത്താവളത്തിൽ ഖാലിസ്ഥാനി പതാക ഉയർത്തുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിലുടനീളമുള്ള നിരവധി മെട്രോ സ്റ്റേഷനുകൾ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതി വികൃതമാക്കിയതിന് തൊട്ടുപിന്നാലെയാണ് സംഭവം. അതേസമയം, ഐഎസ്‌ഐയുമായും അതിന്റെ കെ2 (കാശ്മീർ-ഖാലിസ്ഥാൻ) അജണ്ടയുമായും ഉള്ള ബന്ധം പന്നൂന്റെ ഓഡിയോ സന്ദേശത്തിലൂടെ വെളിപ്പെട്ടെന്നാണ് അധികൃതരുടെ നിലപാട്.

പഞ്ചാബി ബാഗ്, ശിവാജി പാർക്ക്, മാഡിപൂർ, പശ്ചിമ വിഹാർ, ഉദ്യോഗ് നഗർ, മഹാരാജ സൂരജ്മൽ സ്റ്റേഡിയം, നംഗ്ലോയ് എന്നിവയുൾപ്പെടെയുള്ള മെട്രോ സ്റ്റേഷനുകളുടെ ചുമരുകളിൽ ‘ഡൽഹി ബനേഗാ ഖലിസ്ഥാൻ’, ‘ഖാലിസ്ഥാൻ റെഫറണ്ടം സിന്ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ കറുത്ത നിറത്തിൽ എഴുതുകയായിരുന്നു. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം എഴുതിയതിന് എസ്എഫ്ജെയുമായി ബന്ധമുള്ള രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുപത്വന്ത് സിംഗ് പന്നുവിന്റെ നിർദ്ദേശപ്രകാരമാണ് ഇവർ മുദ്രാവാക്യങ്ങൾ എഴുതിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഒഴികെയുള്ള ജി 20 ഫോറത്തിന്റെ നേതാക്കൾ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ ഉടൻ ഡൽഹിയിലെത്തും. ഇതാദ്യമായാണ് ജി20 ഉച്ചകോടി ഇന്ത്യയിൽ നടക്കുന്നത്.

വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ നിലവിലുണ്ടെന്നും നുഴഞ്ഞുകയറ്റമോ ഭീകരപ്രവർത്തനമോ അട്ടിമറിയോ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ 1,30,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും ഡൽഹി പോലീസ് അറിയിച്ചു. ഇവന്റ് വേദികളിൽ ഫൂൾ പ്രൂഫ് സുരക്ഷ ഉറപ്പാക്കാൻ അധികാരികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മൊഡ്യൂളുകളും ഉപയോഗിക്കും .

shortlink

Related Articles

Post Your Comments

Related Articles


Back to top button