
ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട ബാങ്കിംഗ് സേവനം ഉറപ്പുവരുത്തുന്നതിൽ മുൻപന്തിയിൽ ഉള്ള പൊതുമേഖല ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ. ഇത്തവണ യുപിഐ സേവന രംഗത്തെ സാധ്യതകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾക്കാണ് ബാങ്ക് ഓഫ് ബറോഡ തുടക്കമിട്ടിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന സംവിധാനമായിരുന്നു യുപിഐ പേയ്മെന്റുകൾ. സ്മാർട്ട്ഫോൺ ഉള്ള ഏതൊരു ഉപഭോക്താക്കൾക്കും യുപിഐ ഇടപാടുകൾ വേഗത്തിലും എളുപ്പത്തിലും നടത്താൻ സാധിക്കും. ഈ സാധ്യത കണക്കിലെടുത്ത് ക്യുആർ കോഡ് എടിഎം മെഷീനുകൾക്കാണ് ബാങ്ക് ഓഫ് ബറോഡ രൂപം നൽകിയിരിക്കുന്നത്.
യുപിഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന എടിഎമ്മുകൾ അടുത്തിടെയാണ് ശ്രദ്ധ നേടിയെടുത്തത്. ഇതിന് പിന്നാലെയാണ് ബാങ്ക് ഓഫ് ബറോഡയുടെ സുപ്രധാന പ്രഖ്യാപനം. രാജ്യത്തുടനീളം 6000- ത്തിലധികം എടിഎമ്മുകളിൽ യുപിഐ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ബാങ്ക് ഓഫ് ബറോഡ വ്യക്തമാക്കി. ഇതോടെ, രാജ്യത്ത് യുപിഐ എടിഎമ്മുകൾ സ്ഥാപിക്കുന്ന ആദ്യ പൊതുമേഖല ബാങ്ക് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബാങ്ക് ഓഫ് ബറോഡ. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും, എൻസിഇആർ കോർപ്പറേഷന്റെയും പിന്തുണയോടെയാണ് ബാങ്ക് ഓഫ് ബറോഡ ഈ നേട്ടം കൈവരിച്ചത്.
ഡെബിറ്റ് കാർഡ് ഇല്ലാതെ തന്നെ പണം പിൻവലിക്കാൻ കഴിയുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. ഇന്റർഓപ്പറബിൾ കാർഡിലെ കാര്‍ഡ്‍ലെസ് ക്യാഷ് വിത്ത്ഡ്രേവൽ സാങ്കേതിക വിദ്യയിലൂടെ യുപിഐ എടിഎമ്മുകളിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം പിൻവലിക്കാൻ സാധിക്കും. കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകളെക്കാൾ അതിവേഗത്തിലാണ് യുപിഐ ഉപയോഗിച്ചുള്ള ഇടപാടുകൾ നടത്താൻ സാധിക്കുക. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ക്യുആർ കോഡ് സൃഷ്ടിക്കപ്പെടുന്നതിനാൽ, ഇടപാടുകൾ കൂടുതൽ സുരക്ഷിതവുമാണ്.
Post Your Comments