KeralaLatest NewsNews

സംവിധായകൻ കെജി ജോർജ് അന്തരിച്ചു

കാക്കനാട്: പ്രശസ്ത സംവിധായകൻ കെജി ജോർജ് അന്തരിച്ചു. 78 വയസ്സായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാ‌ഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു.

പഞ്ചവടിപ്പാലം, ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് എന്നിങ്ങനെ മലയാളത്തിന് അഭിമാനിക്കാവുന്ന നിരവധി നല്ല ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം.

രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ച വ്യക്തിയാണ് കെജി ജോർജ്. 1970കൾ മുതൽ ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരിൽ ഒരാളായാണ് ജോർജ് കണക്കാക്കപ്പെടുന്നത്.

1975 ൽ സ്വപ്‌നാടനം എന്ന ചിത്രത്തിലൂടെയാണ് കെജി ജോർജ് സ്വതന്ത്ര സംവിധായകനാകുന്നത്. ആദ്യ ചിത്രത്തിന് തന്നെ സംസ്ഥാന അവാർഡും അദ്ദേഹത്തെ തേടിയെത്തി. ഇതുൾപ്പെടെ 9 സംസ്ഥാന പുരസ്‌കാരങ്ങൾ അദ്ദേഹം കരസ്ഥമാക്കി. 2015 ൽ ജെസി ഡാനിയേൽ അവാർഡ് നൽകി സംസ്ഥാനം അദ്ദേഹത്തെ ആദരിച്ചിരുന്നു.

40 വർഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്. ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സൽമയാണ് ഭാര്യ. 1977 ഫെബ്രവരി ഏഴിനായിരുന്നു വിവാഹം. ശരദിന്ദു മലർദീപ നാളം നീട്ടി (ഉൾക്കടൽ) എന്ന ഹിറ്റ് ഗാനം ആലപിച്ചത് സൽമയാണ്. നടൻ മോഹൻ ജോസ് ഭാര്യാ സഹോദരനാണ്. അരുൺ, താര എന്നീ രണ്ടു മക്കൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button