KeralaLatest NewsNews

സഹകരണമേഖലയെ തകർക്കാൻ ഇന്ന് ചിലർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു: രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: സഹകരണമേഖലയെ തകർക്കാൻ ഇന്ന് ചിലർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തൃശൂർ ജില്ലയിലെ കരുവന്നൂർ ബാങ്കിൽ നടക്കാൻ പാടില്ലാത്ത ചില സാമ്പത്തിക ക്രമക്കേടുകൾ നടന്നത് കരുവാക്കിയാണ് ഈ ശ്രമം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: സമാനതകളില്ലാത്ത കാർഷിക ശാസ്ത്രജ്ഞൻ: എം എസ് സ്വാമിനാഥന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

സിപിഎമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും തകർക്കാൻ സഹകരണമേഖലയെയും തകർക്കണമെന്ന് ഇവർ കണ്ടെത്തിയതിന്റെ ഫലംകൂടിയാണ് ഇത്. അതോടൊപ്പം കേരളത്തിന്റെ സമഗ്രവികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും തടയിടാനും ഈ മേഖലയെ തകർക്കേണ്ടത് അനിവാര്യമാണെന്ന് ഇവർ കണ്ടെത്തിയിരിക്കുന്നു. ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിൽപ്പോലും സഹകരണമേഖലയുടെ സജീവ സാന്നിധ്യം കാണാം. സിപിഎമ്മിന്റെ രാഷ്ട്രീയ എതിരാളികളായ കോൺഗ്രസും ബിജെപിയും അവരെ അന്ധമായി പിന്തുണയ്ക്കുന്ന കോർപറേറ്റ് മാധ്യമങ്ങളും ചേർന്നാണ് സഹകരണമേഖലയെ തകർക്കാൻ ഒന്നിച്ചു രംഗത്തിറങ്ങിയിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തട്ടിപ്പുകാരെ സംരക്ഷിക്കാനല്ല പാർട്ടി തയ്യാറായത്. സംസ്ഥാന സർക്കാരും അന്വേഷണം നടത്തുകയും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. നിക്ഷേപകരുടെ ഒരു ചില്ലിക്കാശ് പോലും നഷ്ടപ്പെടാതിരിക്കാനുള്ള നടപടികളാണ് പാർടിയും സർക്കാരും സ്വീകരിച്ചത്. ക്രമക്കേട് നടന്നാൽ കുറ്റക്കാരെ കണ്ടെത്തി, അവർക്കെതിരെ നടപടി സ്വീകരിച്ച് സഹകരണ സ്ഥാപനത്തെ സംരക്ഷിച്ച് മുന്നോട്ടുപോകുക എന്നതാണ് സിപിഎമ്മിന്റെ നയം. അത്തരത്തിൽ കോൺഗ്രസ് ഭരണത്തിലും മറ്റും തകർന്ന നിരവധി സഹകരണ ബാങ്കുകളും സ്ഥാപനങ്ങളും മെച്ചപ്പെട്ടവയാക്കി മാറ്റിയ ചരിത്രമാണ് സിപിഎമ്മിന് പറയാനുള്ളത്. ഉദാഹരണങ്ങൾ നിരവധിയാണ്. എന്നാൽ, ക്രമക്കേട് മറയാക്കി ആ സ്ഥാപനത്തെയും സഹകരണമേഖലയെയും ആകെ തകർക്കാനാണ് കോൺഗ്രസും ബിജെപിയും അന്വേഷണ ഏജൻസികളും ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. സാക്ഷികളെയും മറ്റും മർദിച്ചും ഭീഷണിപ്പെടുത്തിയും സിപിഎം നേതാക്കൾക്കെതിരെ തെളിവുകൾ നിർമിച്ചെടുക്കാൻ ഏത് അന്വേഷണ ഏജൻസി ശ്രമിച്ചാലും അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. നിയമവാഴ്ചയുള്ള സംസ്ഥാനമാണ് ഇത്. അത് തകർക്കാൻ പ്രതിപക്ഷവും അന്വേഷണ ഏജൻസികളും ശ്രമിച്ചാൽ അതിനെ ജനങ്ങളെ അണിനിരത്തി നേരിടുകതന്നെ ചെയ്യും. കേരളത്തിന്റെ വികസനമുന്നേറ്റം തടയാൻ ആരെയും അനുവദിക്കില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Read Also: സ്മൃതി ഇറാനിയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവം: കോൺഗ്രസ് നേതാവ് ദീപക് സിംഗിനെതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button