കൊച്ചി : ഗുരുവായൂര്‍ ക്ഷേത്ര വരുമാനം എവിടെയൊക്കെ നിക്ഷേപിച്ചിട്ടുണ്ടെന്ന് വിശദ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശവുമായി കേരളാ ഹൈക്കോടതി. അടുത്ത ബുധനാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പണം സഹകരണ സംഘങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഈ നിര്‍ദേശം. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.
തിരുവനന്തപുരം സ്വദേശി ഡോ. പി എസ് മഹേന്ദ്ര കുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഗുരുവായൂര്‍ ദേവസ്വത്തിലെ പണം ദേശസാല്‍കൃത ബാങ്കുകളില്‍ മാത്രം നിക്ഷേപിക്കാന്‍ നിര്‍ദ്ദേശം നല്‍കണം. ദേവസ്വം വക സ്വത്ത് വകകള്‍ ഓഡിറ്റ് നടത്തി പ്രസിദ്ധീകരിക്കണം. ദേവസ്വം വക ഭൂമിയിന്മേലും സര്‍വേ നടത്തണം എന്നിങ്ങനെയായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങള്‍. അതേസമയം, ക്ഷേത്ര വരുമാനത്തിന്റെ 60 ശതമാനം ദേശസാല്‍കൃത ബാങ്കുകളിലും ബാക്കി ഷെഡ്യൂള്‍ഡ് ബാങ്കുകളിലുമാണ് നിക്ഷേപിച്ചിട്ടുള്ളത് എന്നാണ് ദേവസ്വം വക്കീല്‍ കോടതിയില്‍ ബോധിപ്പിച്ചത്.
ഗുരുവായൂര്‍ ദേവസ്വവുമായി ബന്ധപ്പെട്ട സാമ്പത്തിക വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസും ഹര്‍ജിക്കാരന്റെ കേസുമായി ചേര്‍ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ഡോ . മഹേന്ദ്രകുമാർ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. വിഷയത്തില്‍ സ്വമേധയാ നടപടി ആവശ്യപ്പെട്ടും ഹര്‍ജിക്കാരന്‍ നേരത്തെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരുന്നു.
Post Your Comments